അസ്മാഉൽ ഹുസ്നയിൽ വിശ്വസിക്കേണ്ട രൂപം
വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും പ്രസ്താവി ച്ചിട്ടുള്ളതും മഹത്വത്തെയും സമ്പൂർണ്ണതയെയും കുറിക്കുന്നതുമായ നാമങ്ങളും വിശേഷണങ്ങളും അല്ലാഹുവിനുണ്ട് എന്നു വിശ്വസിക്കുന്നതിനാണ് തൗഹീദുൽ അസ്മാഇ വസ്സ്വിഫാത് എന്ന് പറയുന്നത്. അവന്റെ വിശേഷണങ്ങളെ വ്യാഖ്യാനിച്ചൊപ്പിക്കാനോ (تأويل) അർത്ഥത്തിൽ നിന്നും തെറ്റിക്കാനോ (تحريف) യഥാർത്ഥ അർത്ഥം നൽകാതിരിക്കുവാനോ അവയെ നിഷേധിക്കുവാനോ (تعطيل) അവയെ മറ്റേതെങ്കിലുമായി ഉപമിക്കുവാനോ (تمثيل) നിശ്ചിതമായ രൂപം നൽകുവാനോ(تكيف) ഒന്നും തന്നെ പാടില്ലാത്തതാകുന്നു.
ഉദാഹരണം :
തഹ്രീഫ് (تحريف):
വാചകത്തിന്റെ അർത്ഥത്തിനൊ പദത്തിനൊ മാറ്റം വരുത്തുന്നതിനെയാണ് തഹ്രീഫ് എന്ന് പറയുന്നത്. പദത്തിന് മാറ്റം വരുത്തുന്നത് അക്ഷരം മാറ്റിയോ ഉച്ചാരണം മാറ്റിയോ ആകാം.അശ്അരീ വിഭാഗക്കാരേയും മറ്റു പുത്തൻവാദികളെയും ഇതിന് ഉദാഹരണമായി എടുക്കാം. അവർ
وَكَلَّمَ اللَّهُ مُوسَى تَكْلِيمًا
(മൂസായോട് അല്ലാഹു നേരിട്ട് സംസാരിക്കുകയും ചെയ് തു) (അന്നിസാഅ്: 164).
ഇവിടെ اللَّهُ എന്നതിലെ ഊകാരത്തെ മാറ്റി اللَّهَ എന്ന് ആകാരമാക്കി അപ്പോൾ അല്ലാഹു മൂസയോട് സംസാരിച്ചു എന്നത് മൂസ അല്ലാഹുവിനോട് സംസാരിച്ചു എന്നാകും അല്ലാഹുവിന്റെ കലാം എന്ന സ്വിഫത്തിനെ നിഷേധിക്കാൻ വേണ്ടിയാണ് അവർ അപ്രകാരം ചെയ്തത്.
അർത്ഥത്തിൽ മാറ്റം വരുത്തുന്നത്: പദത്തെ നിലനിർത്തി ക്കൊണ്ട് തന്നെ തെറ്റായ അർത്ഥം സങ്കൽപ്പിക്കുന്നതാണ്. ഉദാ:- അല്ലാഹുവിന്റെ കരങ്ങളെ ശക്തി എന്നും അനുഗ്രഹമെന്നുമൊക്കെ അർത്ഥം പറയുക.
തഅ്ത്വീൽ: (اَلتَعطيل):
അല്ലാഹുവിനുളള നാമങ്ങളെയും വിശേഷണങ്ങളെയും നിഷേധിക്കുകയോ ചിലതുമാത്രം സ്വീകരിക്കുകയും മറ്റുള്ളവ നിഷേധിക്കുകയോ ചെയ്യുന്നതിനാണ് തഅ്ത്വീൽ എന്ന് പറയുന്നത്.
തക്യിഫ്: :(التكييف)
ഒരു കാര്യത്തിന് നിശ്ചിതമായ രൂപം നൽകുകയോ ഒരു വിശേഷണത്തെ ചിത്രീകരിക്കുകയോ ചെയ്യുന്നതിനാണ് ‘തക്യ്യിഫ’ എന്നു പറയുന്നത്. ഉദാ:- അല്ലാഹുവിന്റെ കൈ ഇന്നതുപോലെയാണെന്നൊ അവൻ ഒന്നാം ആകാശത്തിലേക്കിറങ്ങുന്നത് ഇന്നരൂപത്തിലാണെന്നോ പറയുക.
തംഥീൽ: :(التمثيل)
ഒന്നിനെ മറ്റൊന്നുമായി ഉപമിക്കുന്നതിനാണ് തംഥീൽ എന്ന് പറയുന്നത്.
തശ്ബീഹ്: :(تشبيه)
ഒന്നിനെ മറ്റൊന്നുമായി സാദൃശ്യപ്പെടുത്തുന്നതിനാണ് തശ്ബീഹ് എന്ന് പറയുന്നത്.
എങ്ങിനെ വിശ്വസിക്കണം?
1- വിശുദ്ധ ക്വുർആനിലും തിരുസുന്നത്തിലും വ്യക്തമാക്കിയിട്ടുള്ള മുഴുവൻ നാമങ്ങളിലും നാം വിശ്വസിക്കുക.
2- അല്ലാഹുവിന്റെ നാമങ്ങൾ ഉൾകൊള്ളുന്ന ആശയങ്ങളിലും വിശ്വസിക്കുക.
3- അല്ലാഹുവിന്റെ നാമങ്ങളുമായി ബന്ധപ്പെട്ട് വരുന്ന ഫലങ്ങളിലും വിശ്വസിക്കുക. അതായത് അടിമകൾക്ക് കാരുണ്യം നൽകുന്ന, എല്ലാറ്റിനെയും വലയം ചെയ്യുന്ന കാരു ണ്യമുള്ളവനാണ് ‘റഹീമായ’(കരുണാനിധി) അല്ലാഹുവെന്ന് വിശ്വസിക്കുക. അതു പോലെ എല്ലാറ്റിനും കഴിവുള്ള, ‘ഖുദ്റത്തി’ (കഴിവി)ന്റെ ഉടമയായ ‘ഖദീറാണ്’(കഴിവുള്ളവൻ) അല്ലാഹുവെന്ന് വിശ്വസിക്കുക. അടിമകൾക്ക് പാപങ്ങൾ പൊറുത്ത് കൊടുക്കുന്ന ‘ഗ്വഫൂറാ’യ (പാപമോചനം നൽകുന്ന)വനാണ് അല്ലാഹുവെന്ന് വിശ്വസിക്കണം.
അതുപോലെ തന്നെ ഒരു മുസ്‌ലിം അല്ലാഹുവിന്റെ നാമവിശേഷണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ‘എന്തിന്?’, ‘എങ്ങനെ?’ എന്നീ ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നും അകന്നു നിൽക്കണം.
അതുപോലെ തന്നെ അല്ലാഹു വിന്റെ (സ്വിഫതിന്റെ രൂപം) ‘എങ്ങനെയായിരിക്കും’ എന്ന ആലോചനയിൽ നിന്നും ഒരു മുസ്‌ലിം നിർബന്ധമായും സ്വയം തടയണം. ഈ ഒരു മാർഗ്ഗം ഒരാൾ സ്വീകരിക്കുകയാണെങ്കിൽ അവന്ന് അത് സമാധാനവും ആശ്വാസവും നൽകും.
സലഫുകൾ ഇപ്രകാരമായിരുന്നു: ഇമാം മാലികിന്റെ അടുത്ത് ഒരാൾ വന്ന് ചോദിച്ചു: “അല്ലയോ അബൂ അബ്ദില്ലാഹ്, അല്ലാഹു അർശ്ശിന്മേൽ ‘ഇസ്തിവാ’ (ഉപരിയിലാവുക) ചെയ്തിരിക്കുന്നു, എങ്ങനെയാണത്.? ” ഇമാം മാലിക് (റഹി) പറഞ്ഞു: ” ‘ഇസ്തിവാ’- എന്നാൽ എന്താണെന്ന് നമുക്കറിയാവുന്നതാണ്, അതിന്റെ രൂപം എങ്ങനെ എന്നത് നമുക്കജ്ഞാതമാണ്, അതിലുള്ള വിശ്വാസം നിർബന്ധമാണ്. ‘അത് എങ്ങനെ’ എന്നുള്ള ചോദ്യം ബിദ്‌അത്താണ്, നീ ഒരു മുബ്‌തദിഅ് (ബിദ്അത്തുകാരൻ) അല്ലാതെ മറ്റൊന്നുമല്ല.”
പല സ്ഥലങ്ങളിലും പല സമയങ്ങളിലാണ് രാത്രി എന്നതിനാൽ അല്ലാഹു രാത്രിയുടെ അവസാനത്തിൽ ആകാശത്തേക്ക് ഇറങ്ങുകയാണെങ്കിൽ രാത്രി മുഴുവൻ അല്ലാഹു ആകാശത്ത് തന്നെ ആയിരിക്കില്ലേ എന്ന് ചോദിക്കുന്നവനോട് നമുക്കുള്ള മറുപടി ഇപ്രകാരമണ്: ഇങ്ങനെ ഒരു ചോദ്യം സ്വഹാബത്ത് ചോദിച്ചിട്ടില്ല, ഒരു മുഅ്മിനിന്റെ മനസ്സിൽ തോന്നിയേക്കാവുന്ന ഒരു ചോദ്യമായിരുന്നു ഇതെങ്കിൽ അല്ലാഹുവോ അവന്റെ റസൂലോ ഇത് നമുക്ക് വിവരിച്ചു നൽകുമായിരുന്നു. അതിനാൽ എപ്പോഴാണോ ഇവിടെ രാത്രിയുടെ അന്ത്യയാമം അപ്പോൾ ഇവിടെ അല്ലാഹുവിന്റെ ‘നുസൂൽ’ (ഇറക്കം) സംഭവിക്കും, എപ്പോഴാണോ രാത്രി അവസാനിക്കുന്നത് അപ്പോൾ ‘നുസൂൽ’ അവസാനിക്കും. അല്ലാഹുവിന്റെ ‘നുസൂൽ’ എങ്ങനെയാണെന്ന് നമുക്കറിയില്ല, പക്ഷേ അല്ലാഹുവിന്ന് തുല്യമായി യാതൊന്നുമില്ല എന്ന് നമുക്കറിയാം. “ഞങ്ങൾ കേട്ടിരിക്കുന്നു, വിശ്വസിച്ചിരിക്കുന്നു, പിൻപറ്റിയിരിക്കുന്നു” എന്ന് പറയലാണ് നമ്മുടെ കർതവ്യം. (ഫതാവാ അർകാനുൽ ഇസ്ലാം, പേജ് 93-95.)
അസ്മാഉല്ലാഹ്, വിശ്വാസത്തിന്റെ റുക്നുകൾ
അസ്മാഉൽഹുസ്നയിൽ വിശ്വസിക്കുമ്പോൾ മൂന്നു കാ ര്യങ്ങളിൽ വിശ്വസിക്കേണ്ടതുണ്ട്.
ഒന്ന്: ആ നാമത്തിൽ വിശ്വസിക്കൽ.
രണ്ട്: ആ നാമം ഉൾകൊണ്ടിട്ടുള്ള അർത്ഥത്തിൽ വിശ്വസിക്കൽ.
മൂന്ന്: ആ നാമം തേടുന്ന വിധിയിലും തേട്ടത്തിലും വിശ്വസിക്കൽ.
ഉദാഹരണത്തിന് അർറഹ്മാൻ എന്ന നാമം. അല്ലാഹുവിന്റെ അർറഹ്മാൻ എന്ന നാമത്തിലും പരമകാരുണികൻ എന്ന അതിന്റെ അർത്ഥത്തിലും സൃഷ്ടിച്ചും ഉപജീവനം വിശാലമാക്കിയും മുഴുസൃഷ്ടികളോടും കരുണചെയ്യുന്നവൻ, ഭൗതികലോകത്ത് വഴിപ്പെട്ടവനും വഴിപ്പെടാത്തവനും ഒരുപോലെ കരുണ ചെയ്യുന്നവൻ തുടങ്ങിയുള്ള അതിന്റെ തേട്ടത്തിലും കാരുണ്യത്തേയും കരുണകാണിക്കുന്നവരേയും അവൻ ഇഷ്ടപ്പെടുന്നു എന്ന അതിന്റെ വിധിയിലും വിശ്വസിക്കണം.
അസ്മാഉൽ ഹുസ്നയിൽ വിശ്വസിക്കേണ്ടതിന്റെ പ്രാധാന്യം
1- വിശ്വാസത്തിന്റെയും, വിജ്ഞാനത്തിന്റെയും അടിത്തറയാണ് അല്ലാഹുവിന്റെ നാമങ്ങളിലുള്ള വിശ്വാസം.
2- തൗഹീദിന്റെ മൂന്നിനങ്ങളിൽപെട്ട ഒന്നാണ് അല്ലാഹുവിന്റെ നാമങ്ങളിലുള്ള വിശ്വാസം.
3- ഉൾകാഴ്ചയോടെ പരിപൂർണമായി അല്ലാഹുവിനെ ആരാധിക്കുവാൻ അല്ലാഹുവിന്റെ നാമങ്ങളിലുള്ള വിശ്വാസം കൃത്യമാക്കുകയും, അതിന്റെ ആശയങ്ങളെ സംബന്ധിച്ച് മനസിലാക്കുകയും ചെയ്യേണ്ടതുണ്ട്.
4- അല്ലാഹുവിനോടുള്ള പ്രാർത്ഥനകൾ ആത്മാർത്ഥമായിതീരാനും, പരിപൂർണമാവാനും അല്ലാഹുവിന്റെ നാമങ്ങളെ കുറിച്ച് കൃത്യമായി മനസിലാക്കൽ അനിവാര്യമാണ്.