സൃഷ്ടാവായ അല്ലാഹു അവന്റെ മഹത്തായ അനുഗ്രഹമായ മഴ ഭൂമിയിലേക്ക് ചൊരിഞ്ഞത് കൊണ്ടാണ് ഇവിടെ സമൃദ്ധമായി ജലമുണ്ടായത്. സമുദ്രങ്ങള്‍, നദികള്‍ , കിണറുകള്‍ , തടാകങ്ങള്‍ , അരുവികള്‍, ഭൂഗര്‍ഭ ജലം എന്നീ നിലകളില്‍ അല്ലാഹു ആ ജലത്തെ മനുഷ്യന് ലഭ്യമാക്കി.റഹ്മാനും റഹീമും ആയ അല്ലാഹുവിന്റെ കാരുണ്യമാണീ ജലം. അതിനാല്‍ ആ രക്ഷിതാവിനെ ഓര്‍ക്കാനും നന്ദി കാണിക്കാനും മനുഷ്യന് ബാധ്യതയുണ്ട്.മഴയുമായും ജലവുമായും ബന്ധപ്പെട്ട് ചില വസ്തുതകള്‍ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.
1. കാലത്തെ കുറ്റം പറയരുത്
വരള്‍ച്ചകൊണ്ട് ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോഴും മഴക്കെടുതികള്‍ ഉണ്ടാകുമ്പോഴുമെല്ലാം പലരും കാലത്തെ പഴിക്കാറുണ്ട്. യഥാര്‍ത്ഥ വിശ്വാസകളില്‍നിന്ന് ഇങ്ങനെ സംഭവിക്കാന്‍ പാടില്ല.
قَالَ أَبُو هُرَيْرَةَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : قَالَ اللَّهُ عَزَّ وَجَلَّ يَسُبُّ ابْنُ آدَمَ الدَّهْرَ وَأَنَا الدَّهْرُ بِيَدِيَ اللَّيْلُ وَالنَّهَارُ
അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ”പ്രതാപവാനും മഹാനുമായ അല്ലാഹു പറഞ്ഞു:’ആദമിന്റെ സന്തതി എന്നെ ഉപദ്രവിക്കുന്നു. അവന്‍ പറയുന്നു: ‘എന്തൊരു കാലക്കേട്.’ നിങ്ങളിലൊരാളും എന്തൊരു കാലക്കേട് എന്ന് പറയരുത്. ഞാനാണ് കാലം. ഞാന്‍ അതിന്റെ രാത്രിയും പകലും മാറ്റി മറിക്കുന്നു. ഞാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവയെ ഞാന്‍ പിടിച്ചു നിര്‍ത്തുമായിരുന്നു”. (മുസ്‌ലിം/2246).
വരള്‍ച്ചകൊണ്ട് ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോഴും മഴക്കെടുതികള്‍ ഉണ്ടാകുമ്പോഴുമെല്ലാം കാലത്തെ പഴിക്കുമ്പോള്‍ അത് അല്ലാഹുവിനെ ആക്ഷേപിക്കലാകുന്നു.
2. ജലം പാഴാക്കരുത്
വെള്ളത്തിന്റെ പ്രധാന സ്രോതസ്സ് മഴയാണ്. കുടിക്കുവാനും കുളിക്കുവാനും ജലസേചനത്തിനും മഴവെള്ളത്തെയാണ് മനുഷ്യരും ജീവജാലങ്ങളും മുഖ്യമായും ആശ്രയിക്കുന്നത്.ജലം അമൂല്യമായൊരു ദൈവാനുഗ്രഹമാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മറ്റേതു കാര്യങ്ങളെ പോലെ ജലവിനിയോഗവും മിതമായിട്ടാകണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. നമസ്ക്കരിക്കുന്നതിന് വേണ്ടി വുളു ചെയ്യുമ്പോള്‍പോലും അനാവശ്യമായി വെള്ളം പാഴാക്കരുതെന്നാണ് നബി ﷺ നിര്‍ദേശിച്ചത്.
عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ رضي الله عنهما : أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَرَّ بِسَعْدٍ وَهُوَ يَتَوَضَّأُ فَقَالَ : مَا هَذَا السَّرَفُ يَا سَعْدُ؟ قَالَ : أَفِي الْوُضُوءِ سَرَفٌ ؟ قَالَ : نَعَمْ ، وَإِنْ كُنْتَ عَلَى نَهْرٍ جَارٍ
അബ്ദില്ലാഹിബ്നു അംറ് ബ്നു ആസ്(റ) വില്‍ നിന്ന് നിവേദനം: സഅദ്(റ) വുളൂഅ് ചെയ്തുകൊണ്ടിരിക്കെ അതുവഴി ചെന്ന നബി ﷺ ചോദിച്ചു. ‘ഇതെന്ത് ദുര്‍വ്യയമാണ് സഅദേ’? അദ്ദേഹം തിരിച്ചുചോദിച്ചു: ‘വുളുവിലും അമിതവ്യയമുണ്ടോ?’നബി ﷺ പറഞ്ഞു: ‘ഉണ്ട്, ഒഴുകിക്കൊണ്ടിരിക്കുന്ന നദിയില്‍ നിന്നായാലും.’ (അഹ്മദ്:7065)
عَنْ عَبْدَ اللَّهِ بْنَ مُغَفَّلٍ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : إِنَّهُ سَيَكُونُ فِي هَذِهِ الأُمَّةِ قَوْمٌ يَعْتَدُونَ فِي الطُّهُورِ وَالدُّعَاءِ
അബ്ദുല്ലാഹിബ്‌നു മുഗഫ്ഫല്‍ (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : നബി ﷺ ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു: എന്റെ സമുദായത്തില്‍ ശുചീകരണത്തിലും പ്രാര്‍ത്ഥനയിലും അതിക്രമിക്കന്നവരുണ്ടാകും. (അബൂദാവൂദ്:96)
വെള്ളത്തിന്റെ ലഭ്യത കുറയുന്നതിനനുസരിച്ച് വെള്ളം ചിലവഴിക്കുന്നതില്‍ നാം മുന്‍ഗണനാക്രമം പരിഗണിക്കണം. അയല്‍ക്കാരന് കുടിവെള്ളം പോലുമില്ലാത്തപ്പോള്‍ നാം ചെടി നനച്ചും തോട്ടം തണുപ്പിച്ചും വാഹനങ്ങള്‍ കഴുകിയും കിണര്‍ വറ്റിക്കരുത്.
3. കുടിവെള്ളം തടയരുത്
വെള്ളം ആവശ്യത്തിന് ഉപയോഗിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ആവശ്യങ്ങള്‍ കണ്ടറിയുകയും വേണം. കുടിവെള്ളം തടയരുതെന്നും വില്‍ക്കരുതെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. വഴിയരികില്‍ വെള്ളം മിച്ചമുണ്ടായിട്ട് അത് യാത്രക്കാരന് നല്‍കാതെ തടയുന്നവനെ അന്ത്യദിനത്തില്‍ അല്ലാഹു നോക്കുകയോ പരിശുദ്ധപ്പെടുത്തുകയോ ഇല്ലെന്നും അവന് കഠിന ശിക്ഷയുണ്ടായിരിക്കുമെന്നും നബി ﷺ അരുളിയിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : ثَلاَثَةٌ لاَ يَنْظُرُ اللَّهُ إِلَيْهِمْ يَوْمَ الْقِيَامَةِ، وَلاَ يُزَكِّيهِمْ، وَلَهُمْ عَذَابٌ أَلِيمٌ رَجُلٌ كَانَ لَهُ فَضْلُ مَاءٍ بِالطَّرِيقِ، فَمَنَعَهُ مِنِ ابْنِ السَّبِيلِ
അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് വിഭാഗം മനുഷ്യന്മാര്‍ ഉണ്ട്. അന്ത്യദിനത്തില്‍ അല്ലാഹു അവരുടെ നേരെ (പരിഗണനാപൂര്‍വം) നോക്കുകയോ പരിശുദ്ധപ്പെടുത്തുകയോ ചെയ്യുകയില്ല. അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. (ഇവരാണവർ) വഴിയരികില്‍ മിച്ചമുളള വെളളമുണ്ടായിട്ട് അത് യാത്രക്കാരന് കൊടുക്കാതെ തടഞ്ഞുവെക്കുന്ന മനുഷ്യന്‍ (ബുഖാരി:2358)
അയാളോട് അല്ലാഹു ഇങ്ങനെ പറയും: നിന്റെ കൈകള്‍ പ്രവ൪ത്തിക്കാതെ നിനക്ക് ലഭിച്ച വെള്ളത്തിന്റെ മിച്ചം നീ മറ്റുള്ളവ൪ക്ക് തടഞ്ഞതുപോലെ എന്റെ ഔദാര്യം ഞാന്‍ നിനക്ക് വിലക്കും.(ബുഖാരി, മുസ്ലിം)
4. വെള്ളം ദാനം ചെയ്യുക
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ ” بَيْنَا رَجُلٌ بِطَرِيقٍ، اشْتَدَّ عَلَيْهِ الْعَطَشُ فَوَجَدَ بِئْرًا فَنَزَلَ فِيهَا فَشَرِبَ، ثُمَّ خَرَجَ، فَإِذَا كَلْبٌ يَلْهَثُ يَأْكُلُ الثَّرَى مِنَ الْعَطَشِ، فَقَالَ الرَّجُلُ لَقَدْ بَلَغَ هَذَا الْكَلْبَ مِنَ الْعَطَشِ مِثْلُ الَّذِي كَانَ بَلَغَ مِنِّي، فَنَزَلَ الْبِئْرَ، فَمَلأَ خُفَّهُ مَاءً، فَسَقَى الْكَلْبَ، فَشَكَرَ اللَّهُ لَهُ، فَغَفَرَ لَهُ ”. قَالُوا يَا رَسُولَ اللَّهِ وَإِنَّ لَنَا فِي الْبَهَائِمِ لأَجْرًا فَقَالَ ” فِي كُلِّ ذَاتِ كَبِدٍ رَطْبَةٍ أَجْرٌ ”
അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: ‘ഒരാള്‍ ഒരു വഴിയിലൂടെ നടന്നുപോകവേ അയാള്‍ ദാഹിച്ചുവലഞ്ഞു. അയാള്‍ അവിടെ ഒരു കിണര്‍ കണ്ടു. അതിലിറങ്ങി വെള്ളം കുടിച്ചു. പുറത്തുവന്നപ്പോള്‍ ഒരു നായ ദാഹാധിക്യത്താല്‍ മണ്ണ് കപ്പുന്നതു കണ്ടു. ‘ഈ നായക്ക് കഠിനമായ ദാഹമുണ്ട്; എനിക്കുണ്ടായിരുന്നപോലെ’ എന്ന് ആത്മഗതം ചെയ്ത് അയാള്‍ കിണറ്റിലിറങ്ങി. ഷൂവില്‍ വെള്ളം നിറച്ച് വായകൊണ്ട് കടിച്ചുപിടിച്ച് കരക്കുകയറി നായയെ കുടിപ്പിച്ചു. ഇതിന്റെ പേരില്‍ അല്ലാഹു അയാളോട് നന്ദികാണിച്ചു. അയാള്‍ക്ക് പൊറുത്തു കൊടുത്തു.’ ഇതുകേട്ട് അവിടത്തെ അനുചരന്മാര്‍ ചോദിച്ചു: മൃഗങ്ങളുടെ കാര്യത്തിലും ഞങ്ങള്‍ക്കു പ്രതിഫലമുണ്ടോ? പ്രവാചകന്‍(സ്വ) പ്രതിവചിച്ചു: പ’ച്ചക്കരളുള്ള എല്ലാറ്റിന്റെ കാര്യത്തിലും നിങ്ങള്‍ക്കു പ്രതിഫലമുണ്ട്.'(ബുഖാരി:2466)
‘ജലം’ പൊതു സ്വത്താണ്. അതുകൊണ്ടാണ് മദീനയില്‍ ഒരു ജൂതന്‍ തന്റെ കിണര്‍ ഉപയോഗിക്കുന്നതില്‍നിന്ന് പൊതുജനങ്ങളെ തടഞ്ഞപ്പോള്‍ അത് വിലയ്ക്ക് വാങ്ങി പൊതുജനത്തിന് വിട്ടുകൊടുക്കാന്‍ നബി ﷺ തന്റെ അനുയായികളെ പ്രേരിപ്പിച്ചത്. ഉസ്മാന്‍ (റ) പൊന്നും വില കൊടുത്ത് അത് വാങ്ങി പൊതു കിണര്‍ ആക്കി മാറ്റി. നബി ﷺ ഉസ്മാന്(റ) സ്വര്‍ഗം വാഗ്ദാനം ചെയ്യുന്നത് ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്.
ബനൂ ഇസ്രാഈല്യരിലെ ദു൪വൃത്തിക്കാരിയായി അറിയപ്പെട്ടിരുന്ന ഒരു സ്ത്രീ സ്വര്‍ഗാവകാശിയാകുന്നത് ദാഹിച്ചുവലഞ്ഞ് ചാകാറായ ഒരു നായക്ക് വെള്ളം കൊടുത്തതിന്റെ പേരിലാണെന്ന് നബി ﷺ നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്.
ഭൂമിയില്‍നിന്ന് ആകാശത്തേക്ക് നീരാവിയായി പോകുന്നതില്‍ വലിയ തോതും ഉപ്പ് രസമുള്ള കടല്‍ ജലത്തില്‍ നിന്നാണ്. ഭൂമിയിലേക്ക് മഴയായി വരുന്നതാകട്ടെ, പരിശുദ്ധമായ ശുദ്ധ ജലവും.അല്ലാഹു എത്ര പരിശുദ്ധന്‍.അതേ, അല്ലാഹു പറഞ്ഞതെത്ര ശരി.
ﻭَﺇِﻥ ﺗَﻌُﺪُّﻭا۟ ﻧِﻌْﻤَﺖَ ٱﻟﻠَّﻪِ ﻻَ ﺗُﺤْﺼُﻮﻫَﺎٓ
അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്റെ കണക്കെടുക്കാനാവില്ല…. (ഖു൪ആന്‍:14/34)