മഴ ലഭിക്കുന്നതിനുള്ള മാർഗങ്ങൾ

THADHKIRAH

അല്ലാഹുവിന്റെ കാരുണ്യമായിട്ടും അനുഗ്രഹമായിട്ടുമാണ് മഴ പെയ്യുന്നത്. മഴയെ പറ്റിയുള്ള കൃത്യമായ അറിവ് അല്ലാഹുവിന് മാത്രമാണ് ഉള്ളത്. ഇതര ശക്തികള്‍ക്കോ ആള്‍ദൈവങ്ങള്‍ക്കോ മഴ പെയ്യിപ്പിക്കാന്‍ കഴിയില്ല. മഴ നിര്‍മ്മിച്ച്‌ ആവശ്യമായ ജലം വിതരണം ചെയ്യാന്‍ ശാസ്ത്രത്തിനും കഴിയില്ല.അതുകൊണ്ട് തന്നെ മഴ ലഭിക്കുന്നതിന് വേണ്ടി അല്ലാഹുവിനെ ആശ്രയിക്കാന്‍ മാത്രമേ നമുക്ക് കഴിയുകയുള്ളൂ.മഴ ലഭിക്കുന്നതിനുള്ള നിരവധി മാ൪ഗ്ഗങ്ങളെ പറ്റി ഖു൪ആനും ഹദീസും നമുക്ക് വിവരിച്ച് തന്നിട്ടുണ്ട്.

1. ഇസ്തിഗ്ഫാ൪

മനുഷ്യന്‍ തെറ്റുകള്‍ ചെയ്യുന്നവനാണ്. അത്തരമൊരു പ്രകൃതിയിലാണവന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരു തെറ്റ് സംഭവിച്ച് പോയാല്‍ ഉടന്‍ അല്ലാഹുവിനെ ഓ൪ക്കുകയും ആ തെറ്റില്‍ നിന്ന് പിന്‍മാറുകയും അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുകയുമാണ് വേണ്ടത്. ഇപ്രകാരം ഒരു സമൂഹം ‘ഇസ്തിഗ്ഫാര്‍’ അഥവാ ‘പാപമോചനാര്‍ഥന ‘ ചെയ്യുമ്പോള്‍ അല്ലാഹു അവ൪ക്ക് പൊറുത്ത് കൊടുക്കുന്നതാണ്. അതോടൊപ്പം അല്ലാഹു ആ സമൂഹത്തിന് സമൃദ്ധമായ മഴ നല്‍കുകയും ചെയ്യുന്നതാണ്‌.

ﻭَﻳَٰﻘَﻮْﻡِ ٱﺳْﺘَﻐْﻔِﺮُﻭا۟ ﺭَﺑَّﻜُﻢْ ﺛُﻢَّ ﺗُﻮﺑُﻮٓا۟ ﺇِﻟَﻴْﻪِ ﻳُﺮْﺳِﻞِ ٱﻟﺴَّﻤَﺎٓءَ ﻋَﻠَﻴْﻜُﻢ ﻣِّﺪْﺭَاﺭًا ﻭَﻳَﺰِﺩْﻛُﻢْ ﻗُﻮَّﺓً ﺇِﻟَﻰٰ ﻗُﻮَّﺗِﻜُﻢْ ﻭَﻻَ ﺗَﺘَﻮَﻟَّﻮْا۟ ﻣُﺠْﺮِﻣِﻴﻦَ

എന്റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായി മഴ അയച്ചുതരികയും, നിങ്ങളുടെ ശക്തിയിലേക്ക് അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യുന്നതാണ്‌.നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട് പിന്തിരിഞ്ഞ് പോകരുത്‌.(ഖു൪ആന്‍: 11/52)

فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًا ‎﴿١٠﴾‏ يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا ‎﴿١١﴾‏ وَيُمْدِدْكُم بِأَمْوَٰلٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّٰتٍ وَيَجْعَل لَّكُمْ أَنْهَٰرًا ‎﴿١٢﴾

അങ്ങനെ ഞാന്‍ (നൂഹ് നബി) പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും.സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും.(ഖു൪ആന്‍: 71/10-12)

2. സന്‍മാ൪ഗ്ഗത്തില്‍ നിലകൊള്ളുക

ﻭَﺃَﻟَّﻮِ ٱﺳْﺘَﻘَٰﻤُﻮا۟ ﻋَﻠَﻰ ٱﻟﻄَّﺮِﻳﻘَﺔِ ﻷََﺳْﻘَﻴْﻨَٰﻬُﻢ ﻣَّﺎٓءً ﻏَﺪَﻗًﺎ

ആ മാര്‍ഗത്തില്‍ (ഇസ്ലാമില്‍) അവര്‍ നേരെ നിലകൊള്ളുകയാണെങ്കില്‍ നാം അവര്‍ക്ക് ധാരാളമായി വെള്ളം കുടിക്കാന്‍ നല്‍കുന്നതാണ്‌.  (ഖു൪ആന്‍: 72/16)

ഒരു സമൂഹം തൌഹീദില്‍ അടിയുറച്ച് നിന്നുകൊണ്ട്, ജീവിതത്തിന്റെ സമസ്ത മേഖലകളിലും നബി ﷺ യുടെ ചര്യ നടപ്പിലാക്കുന്ന പക്ഷം അവ൪ക്ക് ധാരാളം മഴ ലഭിക്കുമെന്ന് സാരം.

3. കൂടുതല്‍ നന്ദി കാണിക്കുക

 ﻭَﺇِﻥ ﺗَﻌُﺪُّﻭا۟ ﻧِﻌْﻤَﺖَ ٱﻟﻠَّﻪِ ﻻَ ﺗُﺤْﺼُﻮﻫَﺎٓ

….അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്റെ കണക്കെടുക്കാനാവില്ല….. (ഖു൪ആന്‍:14/34)

അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ പ്രധാനപ്പെട്ട അനുഗ്രഹമാണ് മഴ. അതിനാല്‍ ആ രക്ഷിതാവിനെ ഓര്‍ക്കാനും നന്ദി കാണിക്കാനും മനുഷ്യന് ബാധ്യതയുണ്ട്.മഴ ലഭിച്ച കാരണത്താല്‍ മനു‍ഷ്യന്‍ എത്രത്തോളം നന്ദി കാണിക്കുന്നുവോ അതനുസരിച്ച് അല്ലാഹു മഴ വ൪ദ്ധിപ്പിച്ച് നല്‍കുന്നതാണ്‌.

ﻭَﺇِﺫْ ﺗَﺄَﺫَّﻥَ ﺭَﺑُّﻜُﻢْ ﻟَﺌِﻦ ﺷَﻜَﺮْﺗُﻢْ ﻷََﺯِﻳﺪَﻧَّﻜُﻢْ ۖ ﻭَﻟَﺌِﻦ ﻛَﻔَﺮْﺗُﻢْ ﺇِﻥَّ ﻋَﺬَاﺑِﻰ ﻟَﺸَﺪِﻳﺪٌ

നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ചിരിക്കുന്നു : നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ദ്ധിപ്പിച്ചു തരുന്നതാണ്‌. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും.
(ഖു൪ആന്‍: 14/7)

4. ദാനധ൪മ്മങ്ങള്‍ ചെയ്യുക

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ بَيْنَا رَجُلٌ بِفَلاَةٍ مِنَ الأَرْضِ فَسَمِعَ صَوْتًا فِي سَحَابَةٍ اسْقِ حَدِيقَةَ فُلاَنٍ ‏.‏ فَتَنَحَّى ذَلِكَ السَّحَابُ فَأَفْرَغَ مَاءَهُ فِي حَرَّةٍ فَإِذَا شَرْجَةٌ مِنْ تِلْكَ الشِّرَاجِ قَدِ اسْتَوْعَبَتْ ذَلِكَ الْمَاءَ كُلَّهُ فَتَتَبَّعَ الْمَاءَ فَإِذَا رَجُلٌ قَائِمٌ فِي حَدِيقَتِهِ يُحَوِّلُ الْمَاءَ بِمِسْحَاتِهِ فَقَالَ لَهُ يَا عَبْدَ اللَّهِ مَا اسْمُكَ قَالَ فُلاَنٌ ‏.‏ لِلاِسْمِ الَّذِي سَمِعَ فِي السَّحَابَةِ فَقَالَ لَهُ يَا عَبْدَ اللَّهِ لِمَ تَسْأَلُنِي عَنِ اسْمِي فَقَالَ إِنِّي سَمِعْتُ صَوْتًا فِي السَّحَابِ الَّذِي هَذَا مَاؤُهُ يَقُولُ اسْقِ حَدِيقَةَ فُلاَنٍ لاِسْمِكَ فَمَا تَصْنَعُ فِيهَا قَالَ أَمَّا إِذَا قُلْتَ هَذَا فَإِنِّي أَنْظُرُ إِلَى مَا يَخْرُجُ مِنْهَا فَأَتَصَدَّقُ بِثُلُثِهِ وَآكُلُ أَنَا وَعِيَالِي ثُلُثًا وَأَرُدُّ فِيهَا ثُلُثَهُ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം :നബിﷺ പറഞ്ഞു: ഒരാൾ ഒരു ഭൂമിയിലൂടെ സഞ്ചരിക്കവെ മേഘത്തിൽ നിന്നും ഒരു ശബ്ദം കേട്ടു. ഇന്നയാളുടെ തോട്ടം നീ നനക്കൂ” അങ്ങനെ ആ കാർമേഘം അവിടെ നിന്ന് തെന്നിമാറി ഒരു ചരൽ പ്രദേശത്ത് അതിലുള്ള വെള്ളം ചൊരിഞ്ഞു. അവിടെയുള്ള തോടുകളിൽ ഒന്ന് ആ വെള്ളം മുഴുവൻ സ്വീകരിച്ചു. ആ ശബ്ദം കേട്ട വ്യക്തി ആ വെള്ളത്തെ പിന്തുടർന്നു. അപ്പോൾ ഒരാൾ തന്റെ തോട്ടത്തിൽ നിൽക്കുന്നതായി കണ്ടു. അദ്ദേഹം മൺവെട്ടികൊണ്ട് വെള്ളം തിരിച്ച് വിടുകയാണ്. ആഗതൻ തോട്ടക്കാരനോട് ചോദിച്ചു: “അല്ലാഹുവിന്റെ ദാസാ നിന്റെ പേരെന്താണ്? അദ്ദേഹം തന്റെ പേര് പറഞ്ഞു. മേഘത്തിൽ നിന്ന് കേട്ട അതേ പേര്. തോട്ടക്കാരൻ ചോദിച്ചു. അല്ലാഹുവിന്റെ ദാസാ നീ എന്താണ് എന്റെ പേര് ചോദിക്കുന്നത്? അദ്ദേഹം മറുപടി പറഞ്ഞു: ഈ വെള്ളം വഹിച്ച് കൊണ്ട് വരുന്ന മേഘത്തിൽ നിന്ന് ഞാനൊരു സന്ദേശം കേട്ടു. നിന്റെ പേരുള്ള വ്യക്തിയുടെ തോട്ടം നനക്കാൻ താങ്കളുടെ പേരാണ് കേട്ടത്. ഇത്രമാത്രം പരിഗണന ലഭിക്കാൻ ഇവിടെ താങ്കൾ എന്ത് സുകൃതമാണ് ചെയ്യുന്നത്? തോട്ടക്കാരൻ പറഞ്ഞു: നീ ചോദിച്ചത് കൊണ്ട് മാത്രം ഞാൻ പറയുന്നു. കാര്യമിതാണ്. ഈ തോട്ടത്തിൽ നിന്ന് ഉല്പന്നങ്ങളെ മൂന്നായി ഭാഗിക്കുന്നു മൂന്നിലൊന്ന്ഞാൻ ധർമ്മം ചെയ്യുന്നു.മൂന്നിലൊന്ന് ഞാനും കുടുംബവും ഭക്ഷിക്കുന്നു. മൂന്നിലൊന്ന് അതിൽ തന്നെ വിളവിറക്കുകയും ചെയ്യുന്നു.   (മുസ്ലിം:2984)

5. മഴക്കുവേണ്ടി പ്രാര്‍ത്ഥിക്കല്‍

മഴ ലഭിക്കുന്നതിന് വേണ്ടി അല്ലാഹുവിനോട് പ്രാ൪ത്ഥിക്കുകയാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടത്. ജല ദൗര്‍ലഭ്യത അനുഭവപ്പെടുമ്പോള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കല്‍ പ്രവാചകന്മാരുടെ രീതിയായിരുന്നു. അല്ലാഹു അതിന് ഉത്തരവും നല്‍കിയിട്ടുണ്ട്.

ﻭَﺇِﺫِ ٱﺳْﺘَﺴْﻘَﻰٰ ﻣُﻮﺳَﻰٰ ﻟِﻘَﻮْﻣِﻪِۦ ﻓَﻘُﻠْﻨَﺎ ٱﺿْﺮِﺏ ﺑِّﻌَﺼَﺎﻙَ ٱﻟْﺤَﺠَﺮَ ۖ ﻓَﭑﻧﻔَﺠَﺮَﺕْ ﻣِﻨْﻪُ ٱﺛْﻨَﺘَﺎ ﻋَﺸْﺮَﺓَ ﻋَﻴْﻨًﺎ ۖ ﻗَﺪْ ﻋَﻠِﻢَ ﻛُﻞُّ ﺃُﻧَﺎﺱٍ ﻣَّﺸْﺮَﺑَﻬُﻢْ ۖ ﻛُﻠُﻮا۟ ﻭَٱﺷْﺮَﺑُﻮا۟ ﻣِﻦ ﺭِّﺯْﻕِ ٱﻟﻠَّﻪِ ﻭَﻻَ ﺗَﻌْﺜَﻮْا۟ ﻓِﻰ ٱﻷَْﺭْﺽِ ﻣُﻔْﺴِﺪِﻳﻦَ

മൂസാ നബി തന്റെ ജനതയ്ക്ക് വേണ്ടി വെള്ളത്തിനപേക്ഷിച്ച സന്ദര്‍ഭവും (ശ്രദ്ധിക്കുക.) അപ്പോള്‍ നാം പറഞ്ഞു: നിന്റെ വടി കൊണ്ട് പാറമേല്‍ അടിക്കുക. അങ്ങനെ അതില്‍ നിന്ന് പന്ത്രണ്ട് ഉറവുകള്‍ പൊട്ടി ഒഴുകി. ജനങ്ങളില്‍ ഓരോ വിഭാഗവും അവരവര്‍ക്ക് വെള്ളമെടുക്കാനുള്ള സ്ഥലങ്ങള്‍ മനസ്സിലാക്കി. അല്ലാഹുവിന്റെ ആഹാരത്തില്‍ നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളൂ. ഭൂമിയില്‍ കുഴപ്പമുണ്ടാക്കി നാശകാരികളായി തീരരുത് (എന്ന് നാം അവരോട് നിര്‍ദേശിക്കുകയും ചെയ്തു).  (ഖു൪ആന്‍ 2:60)

മഴക്ക് വേണ്ടി പ്രാര്‍ഥിക്കല്‍ മുഹമ്മദ് നബി ﷺ  യുടെ ചര്യയില്‍ പെട്ടതാണ്. നബി ﷺ പള്ളിയില്‍ ഇരിക്കുമ്പോള്‍ കൈകള്‍ ഉയര്‍ത്തി ‘പ്രയോജനമാവും വിധം സമൃദ്ധമായ മഴ നല്‍കണേ’ എന്ന് പ്രാര്‍ത്ഥിച്ചതായി ഹദീസില്‍ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. ഒരു യുദ്ധവേളയില്‍ നബി ﷺ മഴക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതായും കാണാം.പ്രവാചകനും സ്വഹാബികളും ശേഷമുള്ള സച്ചരിതരായ ആളുകളുമെല്ലാം മഴക്ക് വേണ്ടി അല്ലാഹുവിനോട് നിരന്തരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.

6. ഖുത്വുബയിലുള്ള പ്രാര്‍ഥന

മഴയെ തേടാനുള്ള മറ്റൊരു രീതിയാണ് ഖുത്വുബയില്‍ വെച്ചുള്ള പ്രാര്‍ഥന. പ്രത്യേക നമസ്‌കാരമോ മറ്റോ നിര്‍വഹിക്കാതെ ഇമാം ഖുത്വുബയില്‍ മഴക്ക് വേണ്ടി പ്രാര്‍ഥിക്കുകയാണ് ഇതിന്റെ രീതി. കൈകള്‍ നന്നായി ഉയര്‍ത്തിക്കൊണ്ടാണ് ഈ പ്രാര്‍ഥന നിര്‍വ്വഹിക്കേണ്ടത്. നബി ﷺ ഇപ്രകാരം മഴക്ക് വേണ്ടി മിമ്പറില്‍ വെച്ച് പ്രാര്‍ഥിച്ചതും ജുമുഅ കഴിഞ്ഞ് ജനങ്ങള്‍ പിരിയും മുമ്പായി ശക്തമായ മഴ വര്‍ഷിച്ചതും അടുത്ത ആഴ്ച വരെ ആ മഴ തുടര്‍ന്നതും പ്രസിദ്ധമായ സംഭവമാണല്ലോ.

عَنْ أَنَسِ بْنِ مَالِكٍ، قَالَ: أَصَابَتِ النَّاسَ سَنَةٌ عَلَى عَهْدِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَبَيْنَا النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَخْطُبُ فِي يَوْمِ جُمُعَةٍ قَامَ أَعْرَابِيٌّ، فَقَالَ يَا رَسُولَ اللَّهِ: هَلَكَ المَالُ وَجَاعَ العِيَالُ، فَادْعُ اللَّهَ لَنَا، فَرَفَعَ يَدَيْهِ وَمَا نَرَى فِي السَّمَاءِ قَزَعَةً، فَوَالَّذِي نَفْسِي بِيَدِهِ، مَا وَضَعَهَا حَتَّى ثَارَ السَّحَابُ أَمْثَالَ الجِبَالِ، ثُمَّ لَمْ يَنْزِلْ عَنْ مِنْبَرِهِ حَتَّى رَأَيْتُ المَطَرَ يَتَحَادَرُ عَلَى لِحْيَتِهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَمُطِرْنَا يَوْمَنَا ذَلِكَ، وَمِنَ الغَدِ وَبَعْدَ الغَدِ، وَالَّذِي يَلِيهِ، حَتَّى الجُمُعَةِ الأُخْرَى، وَقَامَ ذَلِكَ الأَعْرَابِيُّ – أَوْ قَالَ: غَيْرُهُ – فَقَالَ: يَا رَسُولَ اللَّهِ، تَهَدَّمَ البِنَاءُ وَغَرِقَ المَالُ، فَادْعُ اللَّهَ لَنَا، فَرَفَعَ يَدَيْهِ فَقَالَ: «اللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا» فَمَا يُشِيرُ بِيَدِهِ إِلَى نَاحِيَةٍ مِنَ السَّحَابِ إِلَّا انْفَرَجَتْ، وَصَارَتِ المَدِينَةُ مِثْلَ الجَوْبَةِ، وَسَالَ الوَادِي قَنَاةُ شَهْرًا، وَلَمْ يَجِئْ أَحَدٌ مِنْ نَاحِيَةٍ إِلَّا حَدَّثَ بِالْجَوْدِ

അനസ് ഇബ്‌നു മാലിക് (റ) പറയുന്നു: പ്രവാചകകാലഘട്ടത്തില്‍ ഒരിക്കല്‍ കടുത്ത വരള്‍ച്ചയുണ്ടായി. ഒരു വെള്ളിയാഴ്ച നബി ﷺ ഖുത്വുബ നിര്‍വ്വഹിച്ച് കൊണ്ടിരിക്കെ ഒരു ഗ്രാമീണന്‍ എഴുന്നേറ്റു നിന്നുകൊണ്ട് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, സ്വത്തെല്ലാം നശിച്ചു. കുടുംബങ്ങള്‍ പട്ടിണിയിലായിരിക്കുകയാണ്. അതിനാല്‍ ഞങ്ങള്‍ക്ക് മഴ ലഭിക്കാനായി അല്ലാഹുവോട് പ്രാര്‍ഥിച്ചാലും. അപ്പോള്‍ നബി ﷺ  ഇരുകരങ്ങളും ഉയര്‍ത്തി. അനസ് പറയുന്നു: ഞങ്ങള്‍ അതുവരെ ആകാശത്ത് മേഘക്കീറ് പോലും കണ്ടിരുന്നില്ല. പ്രവാചകന്‍ പ്രാര്‍ഥിച്ചതോടെ പര്‍വതസമാനമായ മേഘങ്ങള്‍ പാറിവന്നു. അദ്ദേഹം മിമ്പറില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പേ മഴവെള്ളം അദ്ദേഹത്തിന്റെ താടിരോമങ്ങളിലൂടെ ഉതിര്‍ന്ന് വീഴുന്നത് ഞാന്‍ കണ്ടു. അന്നും അതിന്റെ പിറ്റേദിവസവും തുടര്‍ന്നുള്ള ദിവസങ്ങളിലും ഞങ്ങള്‍ക്ക് മഴ ലഭിച്ചു. അടുത്ത വെള്ളിയാഴ്ച വരെ മഴ പെയ്ത് കൊണ്ടിരുന്നു. പ്രവാചകന്‍ ഖുത്വുബ നിര്‍വ്വഹിക്കവെ അയാള്‍/ഒരാള്‍ പറഞ്ഞു: തിരുദൂതരേ, കെട്ടിടങ്ങളെല്ലാം തകര്‍ന്നു, സമ്പത്തെല്ലാം മുങ്ങിപ്പോയി. അതിനാല്‍ ഞങ്ങള്‍ക്കു വേണ്ടി അങ്ങ് അല്ലാഹുവിനോട് പ്രാര്‍ഥിച്ചാലും. അപ്പോള്‍ കൈകള്‍ ഉയര്‍ത്തി പ്രവാചകന്‍ പ്രാര്‍ഥിച്ചു: അല്ലാഹുവേ മഴയെ ഞങ്ങളുടെ ചുറ്റുപാടിലേക്ക് നീക്കേണമേ. ഞങ്ങള്‍ക്ക് എതിരായി തീര്‍ക്കരുതേ. പ്രവാചകന്‍ ഒരു ദിശയിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍ മേഘം അങ്ങോട്ടു നീങ്ങി. മദീന വലിയൊരു വെള്ളത്തൊട്ടി പോലെയായി. അങ്ങനെ ഒരു മാസത്തോളം ഖനാത്ത് താഴ്‌വരയില്‍ വെള്ളമൊഴുകി. ഏതു ഭാഗത്തു നിന്ന് ആരു വന്നാലും സമൃദ്ധമായ മഴയെ കുറിച്ച് പറയുമായിരുന്നു.   (ബുഖാരി:933)

7. മഴക്ക് വേണ്ടി നമസ്കരിക്കല്‍

عَنْ عَائِشَةُ قَالَتْ فَخَرَجَ رَسُولُ اللَّهِ صلى الله عليه وسلم حِينَ بَدَا حَاجِبُ الشَّمْسِ فَقَعَدَ عَلَى الْمِنْبَرِ فَكَبَّرَ صلى الله عليه وسلم وَحَمِدَ اللَّهَ عَزَّ وَجَلَّ ثُمَّ قَالَ ‏”‏ إِنَّكُمْ شَكَوْتُمْ جَدْبَ دِيَارِكُمْ وَاسْتِئْخَارَ الْمَطَرِ عَنْ إِبَّانِ زَمَانِهِ عَنْكُمْ وَقَدْ أَمَرَكُمُ اللَّهُ عَزَّ وَجَلَّ أَنْ تَدْعُوهُ وَوَعَدَكُمْ أَنْ يَسْتَجِيبَ لَكُمْ ‏”‏ ‏.‏ ثُمَّ قَالَ ‏”‏ ‏{‏ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ * الرَّحْمَنِ الرَّحِيمِ * مَلِكِ يَوْمِ الدِّينِ ‏}‏ لاَ إِلَهَ إِلاَّ اللَّهُ يَفْعَلُ مَا يُرِيدُ اللَّهُمَّ أَنْتَ اللَّهُ لاَ إِلَهَ إِلاَّ أَنْتَ الْغَنِيُّ وَنَحْنُ الْفُقَرَاءُ أَنْزِلْ عَلَيْنَا الْغَيْثَ وَاجْعَلْ مَا أَنْزَلْتَ لَنَا قُوَّةً وَبَلاَغًا إِلَى حِينٍ ‏”‏ ‏.‏ ثُمَّ رَفَعَ يَدَيْهِ فَلَمْ يَزَلْ فِي الرَّفْعِ حَتَّى بَدَا بَيَاضُ إِبْطَيْهِ ثُمَّ حَوَّلَ عَلَى النَّاسِ ظَهْرَهُ وَقَلَّبَ أَوْ حَوَّلَ رِدَاءَهُ وَهُوَ رَافِعٌ يَدَيْهِ ثُمَّ أَقْبَلَ عَلَى النَّاسِ وَنَزَلَ فَصَلَّى رَكْعَتَيْنِ

ആഇശ(റ) പറയുന്നു: സൂര്യകിരണങ്ങള്‍ വെളിവായ നേരത്ത് നബി ﷺ പുറപ്പെട്ടു. എന്നിട്ട് മിമ്പറില്‍ ഇരുന്നു. ശേഷം തക്ബീറും തഹ്മീദും നിര്‍വഹിച്ചു. ശേഷം അവിടുന്ന് പറഞ്ഞു: വരള്‍ച്ചയെ കുറിച്ചും മഴയില്ലാത്തതിനെ കുറിച്ചും നിങ്ങള്‍ പരാതി പറയുന്നു. അല്ലാഹു അവനോട് പ്രാര്‍ഥിക്കുവാന്‍ നിങ്ങളോട് കല്‍പിച്ചിരിക്കുന്നു. ഉത്തരം നല്‍കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. ശേഷം നബി ﷺ അല്ലാഹുവിനെ സ്തുതിക്കുകയും അവനെ മഹത്ത്വപ്പെടുത്തുകയും ചെയ്തു. പിന്നീട് മഴക്ക് വേണ്ടി അവിടുന്ന് ദീര്‍ഘമായി പ്രാര്‍ഥിച്ചു. തന്റെ കക്ഷത്തിന്റെ വെള്ള വെളിവാകുമാറ് അവിടുന്ന് തന്റെ ഇരു കൈകളും ഉയര്‍ത്തിയിരുന്നു. പിന്നീട് ജനങ്ങള്‍ക്ക് പുറം തിരിഞ്ഞു നിന്നു. പിന്നീട് കൈ ഉയര്‍ത്തിക്കൊണ്ട് തന്നെ തന്റെ മേല്‍ മുണ്ട് (തട്ടം) ഒന്ന് തിരിച്ചിട്ടു. ശേഷം ജനങ്ങളിലേക്ക് തിരിഞ്ഞു. പിന്നീട് മിമ്പറില്‍ നിന്ന് ഇറങ്ങി. രണ്ട് റക്അത്ത് നമസ്‌കരിച്ചു. (അബൂദാവൂദ്:1173)

عَنْ عَبْدِ اللَّهِ بْنِ زَيْدٍ قَالَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَرَجَ إِلَى الْمُصَلَّى فَاسْتَسْقَى فَاسْتَقْبَلَ الْقِبْلَةَ وَقَلَبَ رِدَاءَهُ وَصَلَّى رَكْعَتَيْنِ

അബ്ദുല്ലാഹിബ്‌നു സൈദില്‍ മാസിനി പറയുന്നു: പ്രവാചകന്‍ ഈ മുസ്വല്ലയിലേക്ക് മഴക്ക് വേണ്ടി പ്രാര്‍ഥിക്കാനെത്തി. അദ്ദേഹം പ്രാര്‍ത്ഥിച്ചശേഷം ഖിബ്‌ലക്കഭിമുഖമായി നില്‍ക്കുകയും തട്ടം ഭാഗം മാറ്റിയിടുകയും ചെയ്തു. രണ്ട് റക്അത്ത് നമസ്‌കരിക്കുകയും ചെയ്തു  .(ബുഖാരി:1012, മുസ്ലിം:894)

പ്രവാചകന് ശേഷം സച്ചരിതരായ ഖലീഫമാരും ഇതര സഹാബികളുമെല്ലാം മഴക്കുവേണ്ടിയുള്ള പ്രാര്‍ഥനയും നമസ്‌കാരവും നിര്‍വഹിച്ചിട്ടുണ്ട്.

عَنِ ابْنِ عُمَرَ أَنَّهُ قَالَ : اسْتَسْقَى عُمَرُ بْنُ الْخَطَّابِ عَامَ الرَّمَادَةِ بِالْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ ، فَقَالَ : اللَّهُمَّ هَذَا عَمُّ نَبِيِّكَ الْعَبَّاسُ ، نَتَوَجَّهُ إِلَيْكَ بِهِ فَاسْقِنَا ، فَمَا بَرِحُوا حَتَّى سَقَاهُمُ اللَّهُ

ഇബ്‌നു ഉമര്‍ (റ) പറഞ്ഞു: ഉമറുബ്‌നുല്‍ ഖത്വാബ് (റ), അബ്ബാസ് ബിന്‍ അബ്ദില്‍ മുത്വലിബിനെ (റ) മുന്‍നിര്‍ത്തി മഴക്ക് വേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: അല്ലാഹുവേ, ഇതാ നിന്റെ ദൂതന്റെ പിതൃവ്യനായ അബ്ബാസ്, അദ്ദേഹം മുഖേന ഞങ്ങള്‍ നിന്നിലേക്ക് തിരിയുന്നു. അതിനാല്‍ നീ ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിച്ച് തരേണമേ. അവര്‍ പ്രാര്‍ഥന തുടര്‍ന്നുകൊണ്ടിരിക്കെ അല്ലാഹു അവര്‍ക്ക് മഴ നല്‍കി.  (ഹാകിം)

മഴക്ക് വേണ്ടി നമസ്‌കരിച്ചിട്ടും മഴ ലഭിച്ചില്ലെങ്കില്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് പ്രസ്തുത നമസ്‌കാരം നിര്‍വഹിക്കാവുന്നതാണ്.

 

Leave a Reply

Your email address will not be published.

Similar Posts