സംസം അനുഗ്രഹീത വെള്ളം

THADHKIRAH

ﺇِﻥَّ ﺃَﻭَّﻝَ ﺑَﻴْﺖٍ ﻭُﺿِﻊَ ﻟِﻠﻨَّﺎﺱِ ﻟَﻠَّﺬِﻯ ﺑِﺒَﻜَّﺔَ ﻣُﺒَﺎﺭَﻛًﺎ ﻭَﻫُﺪًﻯ ﻟِّﻠْﻌَٰﻠَﻤِﻴﻦَ 
فِيهِ ءَايَٰتٌۢ بَيِّنَٰتٌ مَّقَامُ إِبْرَٰهِيمَ ۖ وَمَن دَخَلَهُۥ كَانَ ءَامِنًا ۗ وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلْبَيْتِ مَنِ ٱسْتَطَاعَ إِلَيْهِ سَبِيلًا ۚ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِىٌّ عَنِ ٱلْعَٰلَمِينَ

തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍(മക്കയില്‍) ഉള്ളതത്രെ. (അത്‌) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു).അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍, (വിശിഷ്യാ) ഇബ്രാഹീം നിന്ന സ്ഥലം ഉണ്ട്‌. ആര് അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്‌. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു.  (ഖു൪ആന്‍ :3/96-97)

അല്ലാഹുവിനെ ആരാധിക്കുന്നതിനായി ലോകത്ത് ഒന്നാമതായി സ്ഥാപിക്കപ്പെട്ട മന്ദിരമായ കഅബയെ കുറിച്ചാണ് ഈ ആയത്തില്‍ പരാമ൪ശിച്ചിട്ടുള്ളത്. അതോടൊപ്പം അതിന്റെ പ്രാധാന്യത്തെയും, പവിത്രതയെയും തെളിയിക്കുന്ന ധാരാളം ദൃഷ്ടാന്തങ്ങളും അവിടെയുണ്ടെന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. ഇബ്രാഹീം നബി(അ) നിന്ന സ്ഥലം എടുത്തു പറയുകയും ചെയ്തിരിക്കുന്നു. ഈ ആയത്തിന്റെ വിശദീകരണത്തില്‍ സംസം വെള്ളത്തേയും വ്യക്തമായ ദൃഷ്ടാന്തങ്ങളുടെ കൂട്ടത്തില്‍ മുഫസ്സിറുകള്‍ എണ്ണിയിട്ടുണ്ട്. ഹജറുല്‍ അസ്വദിന് കിഴക്കും മഖാമു ഇബ്രാഹീമിന് തെക്കും ഭാഗത്തായിട്ടാണ് സംസം കിണ൪ സ്ഥിതി ചെയ്യുന്നത്.

സംസമിന്റെ ചരിത്രം

ഇബ്രാഹീം (അ) മകന്‍ ഇസ്മാഈല്‍ (അ) മുലകുടിക്കുന്ന കാലത്ത്, ഭാര്യ ഹാജറിനെയും(അ), കുഞ്ഞിനെയും കൂട്ടി മക്കയില്‍ വന്നു. അന്ന് മക്കയില്‍ ജനവാസമില്ല. ജലശൂന്യവും ഫലശൂന്യവുമായ പാറക്കുന്നുകളും, മണല്‍ക്കാടുകളും മാത്രമുള്ള മരുപ്രദേശമായിരുന്നു മക്ക. ഇബ്രാഹീം (അ), ഇന്ന് കഅ്ബ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് – നാലുഭാഗവും പാറക്കുന്നുകളാല്‍ ആവൃതമായ ആ താഴ്വരയില്‍ – അല്ലാഹുവിന്റെ നി൪ദ്ദേശാനുസരണം അവരെ കുടിയിരുത്തിക്കൊണ്ടു തിരിച്ചുപോവുകയാണ്. അദ്ദേഹത്തിന്റെ പിന്നാലെ ചെന്ന പത്‌നി ഇബ്രാഹീമിനോട് ചോദിച്ചു: അല്ലയോ ഇബ്രാഹീം, മനുഷ്യരോ മറ്റെന്തെങ്കിലും വസ്തുക്കളോ ഇല്ലാത്ത ഈ മരുഭൂവില്‍ ഞങ്ങളെ തനിച്ചാക്കി എങ്ങോട്ടാണ് താങ്കള്‍ പോകുന്നത്? പലതവണ ചോദിച്ചെങ്കിലും അദ്ദേഹം തിരിഞ്ഞു നോക്കിയതു പോലുമില്ല. കാരണം അല്ലാഹുവിന്റെ വാഗ്ദാനം നിറവേറ്റപ്പെടുക തന്നെ ചെയ്യും എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അല്ലാഹുവിന്റെ കല്‍പനയാണെങ്കില്‍ അതില്‍ നിന്ന് തടയുക സാധ്യമല്ല എന്ന് ഭാര്യക്കും നല്ല ബോധ്യമുണ്ടായിരുന്നു. അവ൪ ചോദിച്ചു: അല്ലാഹുവിന്റെ കല്‍പനയാണോ ഇത്. അദ്ദേഹം ‘അതെ’ എന്നു മറുപടി പറഞ്ഞു. ഇത് കേട്ടപ്പോള്‍ അവ൪ പറഞ്ഞു: എങ്കില്‍ ഞങ്ങള്‍ക്ക് ഒന്നും സംഭവിക്കുകയില്ല. ഇത് പറഞ്ഞ് ഹാജറ(അ) തിരിഞ്ഞു നടന്നു.

قَالَ ابْنُ عَبَّاسٍ أَوَّلَ مَا اتَّخَذَ النِّسَاءُ الْمِنْطَقَ مِنْ قِبَلِ أُمِّ إِسْمَاعِيلَ، اتَّخَذَتْ مِنْطَقًا لَتُعَفِّيَ أَثَرَهَا عَلَى سَارَةَ، ثُمَّ جَاءَ بِهَا إِبْرَاهِيمُ، وَبِابْنِهَا إِسْمَاعِيلَ وَهْىَ تُرْضِعُهُ حَتَّى وَضَعَهُمَا عِنْدَ الْبَيْتِ عِنْدَ دَوْحَةٍ، فَوْقَ زَمْزَمَ فِي أَعْلَى الْمَسْجِدِ، وَلَيْسَ بِمَكَّةَ يَوْمَئِذٍ أَحَدٌ، وَلَيْسَ بِهَا مَاءٌ، فَوَضَعَهُمَا هُنَالِكَ، وَوَضَعَ عِنْدَهُمَا جِرَابًا فِيهِ تَمْرٌ وَسِقَاءً فِيهِ مَاءٌ، ثُمَّ قَفَّى إِبْرَاهِيمُ مُنْطَلِقًا فَتَبِعَتْهُ أُمُّ إِسْمَاعِيلَ فَقَالَتْ يَا إِبْرَاهِيمُ أَيْنَ تَذْهَبُ وَتَتْرُكُنَا بِهَذَا الْوَادِي الَّذِي لَيْسَ فِيهِ إِنْسٌ وَلاَ شَىْءٌ فَقَالَتْ لَهُ ذَلِكَ مِرَارًا، وَجَعَلَ لاَ يَلْتَفِتُ إِلَيْهَا فَقَالَتْ لَهُ آللَّهُ الَّذِي أَمَرَكَ بِهَذَا قَالَ نَعَمْ‏.‏ قَالَتْ إِذًا لاَ يُضَيِّعُنَا‏.‏ ثُمَّ رَجَعَتْ،

ഇബ്നുഅബ്ബാസ് رَضِيَ اللَّهُ عَنْهُمَا പറയുന്നു: ഇബ്രാഹീം عليه السلام ഹാജറിനെയും തന്റെ മകൻ ഇസ്മാഈലിനെയും കൊണ്ട് മക്കയിൽ വന്നു. ഇസ്മാഈലിന് ഹാജർ മുലപ്പാൽ കൊടുക്കുന്ന സമയമാണത്. അങ്ങനെ അവരെ രണ്ട് പേരെയും കഅ്ബയുടെ അരികിൽ, ഒരു വലിയ മരത്തിന്റെ അടുത്തായി അദ്ദേഹം വിട്ടേച്ചു. സംസമിന്റെ മുകളിൽ മസ്ജിദിന്റെ മേൽ ഭാഗത്തായിരുന്നു അത്. അന്ന് മക്കയില്‍ (മനുഷ്യര്‍) ആരുംതന്നെ ഇല്ലായിരുന്നു. അവിടെ വെള്ളവുമില്ലായിരുന്നു.അങ്ങനെ അവരെ രണ്ട്പേരേയും അവിടെയാക്കി ഒരു ഭാണ്ഢത്തില്‍ കുറച്ച് ഈത്തപ്പഴവും,മറ്റൊരു പാത്രത്തില്‍ വെള്ളവും അവരുടെ അടുത്ത് വെച്ച് ഇബ്‌റാഹീം عليه السلام തിരിഞ്ഞു നടന്നു. അപ്പോള്‍ അദ്ദേഹത്തെ ഇസ്മാഈല്‍ عليه السلام യുടെ മാതാവ് പിന്തുടര്‍ന്നുകൊണ്ട് ചോദിച്ചു: ‘ഓ, ഇബ്‌റാഹീം! ഒരു മനുഷ്യനോ മറ്റു വല്ലതോ ഇല്ലാത്ത ഈ താഴ്‌വരയില്‍ ഞങ്ങളെയും വിട്ട് എവിടേക്കാണ് താങ്കള്‍ പോകുന്നത്?’ അവര്‍ അദ്ദേഹത്തോട് അതങ്ങനെ ചോദിച്ചു കൊണ്ടിരുന്നു. അദ്ദേഹം അവരിലേക്ക് തിരിഞ്ഞു നോക്കുന്നുമില്ല. അപ്പോള്‍ അവര്‍ അദ്ദേഹത്തോട് ചോദിച്ചു: ‘അല്ലാഹുവാണോ അങ്ങയോട് ഇങ്ങനെ കല്‍പിച്ചത്?’ അദ്ദേഹം പറഞ്ഞു: ‘അതെ.’ അപ്പോൾ അവര്‍ പറഞ്ഞു: എന്നാല്‍ അല്ലാഹു ഞങ്ങളെ നഷ്ടപ്പെടുത്തുകയില്ല (കൈവെടിയുകയില്ല). അങ്ങനെ അവർ മടങ്ങി. (ബുഖാരി: 3364)

ഇബ്രാഹീം(അ) ആ ചെറു കുടുംബത്തെ പുറംതള്ളിയതോ ഉപേക്ഷിച്ചതോ അല്ല. അല്ലാഹുവിന്റെ തീരുമാനം നടപ്പാക്കിയതാണ്. അവരില്‍ നിന്നും കണ്ണ് മറഞ്ഞപ്പോള്‍ അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു.

ﺭَّﺑَّﻨَﺎٓ ﺇِﻧِّﻰٓ ﺃَﺳْﻜَﻨﺖُ ﻣِﻦ ﺫُﺭِّﻳَّﺘِﻰ ﺑِﻮَاﺩٍ ﻏَﻴْﺮِ ﺫِﻯ ﺯَﺭْﻉٍ ﻋِﻨﺪَ ﺑَﻴْﺘِﻚَ ٱﻟْﻤُﺤَﺮَّﻡِ ﺭَﺑَّﻨَﺎ ﻟِﻴُﻘِﻴﻤُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﻓَﭑﺟْﻌَﻞْ ﺃَﻓْـِٔﺪَﺓً ﻣِّﻦَ ٱﻟﻨَّﺎﺱِ ﺗَﻬْﻮِﻯٓ ﺇِﻟَﻴْﻬِﻢْ ﻭَٱﺭْﺯُﻗْﻬُﻢ ﻣِّﻦَ ٱﻟﺜَّﻤَﺮَٰﺕِ ﻟَﻌَﻠَّﻬُﻢْ ﻳَﺸْﻜُﺮُﻭﻥَ

ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്‌.) അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും, അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദികാണിച്ചെന്ന് വരാം.  (ഖു൪ആന്‍:14/37)

അങ്ങനെ ഹാജറയും(അ) കുഞ്ഞും ആ കുന്നിന്‍ പ്രദേശത്ത് ഒറ്റപ്പെട്ടു. കൈവശമുണ്ടായിരുന്ന വെള്ളവും തീര്‍ന്നു. മാതാവിനും, കുഞ്ഞിനും ദാഹം വര്‍ദ്ധിച്ചു. വല്ല യാത്രക്കാരുമായും കണ്ടുമുട്ടി അല്‍പം വെള്ളം കിട്ടുമോ എന്നു അന്വേഷിക്കുവാന്‍ മാതാവ് കുഞ്ഞിനെ അവിടെ കിടത്തി പുറപ്പെടുന്നു. ദൂരത്തേക്ക് എത്തിനോക്കുന്നതിനുവേണ്ടി ഒരു ഭാഗത്ത് സ്വഫാ കുന്നിന്മേല്‍ കയറുന്നു. ആരെയും കാണുന്നില്ല. ഉടനെ മറുഭാഗത്തു മര്‍വാ കുന്നിന്മേല്‍ കയറിനോക്കുന്നു. ആരെയും കാണുന്നില്ല. ഏഴ് തവണ രണ്ട് കുന്നുകളിലുമായി അങ്ങുമിങ്ങും അവര്‍ നടന്നു. ആരെയും കണ്ടുകിട്ടിയില്ല.പരിക്ഷീണതയായി നിരാശയോടെ അവള്‍ തന്റെ കുഞ്ഞിന്റെ അരികിലേക്ക് തിരിച്ചു. കുഞ്ഞ് കിടക്കുന്നതിന്റെ അടുത്തുനിന്ന് അവര്‍ ഒരു ശബ്ദം കേട്ട് നോക്കുമ്പോള്‍ അതാ ഒരു നീരുറവ. അല്ലാഹു ജിബ്‌രീലിനെ(അ) കുഞ്ഞിന്റെയരികിലേക്ക് അയച്ചിരുന്നു. കുഞ്ഞിന്റെ പാദമുദ്രയേറ്റ സ്ഥലത്ത് ജിബ്‌രീല്‍ തന്റെ ചിറക് കൊണ്ട് അടിക്കുകയും അല്ലാഹു തീരുമാനിച്ചതനുസരിച്ച് അവിടെ നിന്നും ഉറവ പൊട്ടിയൊഴുകുകയും ചെയ്തു. അവ൪ വെള്ളമെടുത്ത് കുഞ്ഞിന് നല്‍കി. വെള്ളം നിയന്ത്രണവിധേയമല്ലാത്ത രീതിയില്‍ ഒഴുകിയപ്പോള്‍ അവ൪ പറഞ്ഞു. സം.. സം.. (അടങ്ങൂ.. അടങ്ങൂ..) അങ്ങനെ ആ നീരുറവക്ക് സംസം എന്ന പേര് വന്നുചേര്‍ന്നു. ഈ നീരുറവ നിമിത്തമാണ്, ക്രമേണ ആളുകള്‍ വന്നുകൂടി മക്കായില്‍ ജനവാസമുണ്ടായത്. ഇബ്റാഹീമിന്റെ(അ) പ്രാ൪ത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കിയെന്ന് പറയുന്നതാണ് ശരി.

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ يَرْحَمُ اللَّهُ أُمَّ إِسْمَاعِيلَ، لَوْلاَ أَنَّهَا عَجِلَتْ لَكَانَ زَمْزَمُ عَيْنًا مَعِينً ‏‏‏.

ഇബ്നുഅബ്ബാസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഉമ്മു ഇസ്മാഈലിനെ അല്ലാഹു അനുഗ്രഹിക്കട്ടെ. സംസമിനെ അവര്‍ കെട്ടി നിര്‍ത്താതെ ഉപേക്ഷിച്ചുരുന്നുവെങ്കില്‍ ഒഴുകുന്ന ഒരു നദിയാകുമായിരുന്നു സംസം. (ബുഖാരി:3362,3363)

മക്കാ നിവാസികളുടെ നിലനില്‍പ്പ് തന്നെ ആ സംസമിന്റെ അടിസ്ഥാനത്തിലായി. ധാരാളം വ൪ഷങ്ങള്‍ അത് നിലനില്‍ക്കുകയും ചെയ്തു. എന്നാല്‍ കാലപ്പഴക്കത്തില്‍ അല്ലാഹുവിന്റെ തീരുമാനമനുസരിച്ച് അടയാളം പോലും അവ്യക്തമായ രൂപത്തില്‍ സംസം മറഞ്ഞുപോയി. പിന്നീട് വ൪ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മുഹമ്മദ് നബി ﷺ യുടെ പിതാമഹനായ അബ്ദുല്‍ മുത്വലിബ് അല്ലാഹുവിന്റെ ഉദ്ദേശിച്ചതിനാല്‍ മണ്ണിനടിയില്‍ മൂടികിടന്ന സംസം കുഴിച്ച് പുറത്തുകൊണ്ടുവന്നു. അന്ന് മുതല്‍ ഇന്നുവരെയും വറ്റാത്ത നീരുറവയായി സംസം നിലനില്‍ക്കുന്നു.

സംസമിന്റെ ശ്രേഷ്ടതകള്‍

സംസം വെള്ളത്തിന് പ്രത്യേകതയും ശ്രേഷ്ടതയുമുണ്ടെന്ന് പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.ഇമാം മുസ്ലിം(റഹി) അബൂദ൪റില്‍(റ) നിന്നും ഉദ്ദരിക്കുന്ന സുദീ൪ഘമായ ഹദീസില്‍ ഇപ്രകാരം കാണാം.

قَالَ ‏”‏ مَتَى كُنْتَ هَا هُنَا ‏”‏ ‏.‏ قَالَ قُلْتُ قَدْ كُنْتُ هَا هُنَا مُنْذُ ثَلاَثِينَ بَيْنَ لَيْلَةٍ وَيَوْمٍ قَالَ ‏”‏ فَمَنْ كَانَ يُطْعِمُكَ ‏”‏ ‏.‏ قَالَ قُلْتُ مَا كَانَ لِي طَعَامٌ إِلاَّ مَاءُ زَمْزَمَ ‏.‏ فَسَمِنْتُ حَتَّى تَكَسَّرَتْ عُكَنُ بَطْنِي وَمَا أَجِدُ عَلَى كَبِدِي سُخْفَةَ جُوعٍ قَالَ ‏”‏ إِنَّهَا مُبَارَكَةٌ إِنَّهَا طَعَامُ طُعْمٍ

………. നബി ﷺ ചോദിച്ചു: നീ എത്ര ദിവസമായി ഇവിടെ കഴിഞ്ഞു കൂടുന്നു. അബൂദ൪റ്(റ) പറഞ്ഞു: മുപ്പത് ദിവസമായി. നബി ﷺ ചോദിച്ചു: അപ്പോള്‍ ആരായിരുന്നു നിനക്ക് ഭക്ഷണം തന്നിരുന്നത്? അബൂദ൪റ്(റ) പറഞ്ഞു: സംസം വെള്ളമല്ലാതെ മറ്റൊന്നും എനിക്ക് ഭക്ഷണമായി ഉണ്ടായിരുന്നില്ല. ഞാന്‍ അത് കുടിച്ചുകൊണ്ട് കഴിഞ്ഞുകൂടി. അതിനിടയില്‍ എനിക്ക് വിശപ്പ് അനുഭവപ്പെട്ടില്ല. മാത്രമല്ല, എന്റെ വയറിന് മടക്ക് വീഴുന്നതുവരെ ഞാന്‍ തടിക്കുകയും ചെയ്തു. നബി ﷺ പറഞ്ഞു: തീ൪ച്ചയായും അത് (സംസം) അനുഗ്രഹീതമാണ്. തീ൪ച്ചയായും അത് (സംസം) ഭക്ഷണത്തിന് ഭക്ഷണവുമാണ്. (മുസ്ലിം:2473)

ഭൂമിയില്‍ ഏറ്റവും ഖൈറായ(ഉത്തമവും ശ്രേഷ്ടവുമായ) വെള്ളം സംസം വെള്ളമാണ്. അത് ഭക്ഷണത്തിന് വേണ്ടി കുടിക്കുന്നവ൪ക്ക് ഭക്ഷണവും രോഗത്തിന് വേണ്ടി കുടിക്കുന്നവ൪ക്ക് രോഗശമനവുമാണ്.

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ خَيْرُ مَاءٍ عَلى وَجْهِ الأَرْضِ مَاءُ زَمْزَمَ، فِيهِ طَعَامٌ مِنَ الطُّعْمِ، وَشِفَاءٌ مِنَ السُّقْمِ

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഭൂമിയില്‍ ഏറ്റവും ഖൈറായ(ഉത്തമവും ശ്രേഷ്ടവുമായ) വെള്ളം സംസം വെള്ളമാണ്. അതില്‍ ഭക്ഷണത്തിന് ഭക്ഷണവും രോഗശമനവുമുണ്ട്.
(മുഅ്ജമു ത്വബ്റാനി:11/98 – സ്വഹീഹ് ഇബ്നു ഹിബ്ബാന്‍ – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي ذَرٍّ، رضى الله عنه عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّهَا مُبَارَكَةٌ وَهِيَ طَعَامُ طٌعْمٍ، وَشِفَاءُ سُقْمِ

അബൂദർറിൽ(റ) നിന്ന് നിവേദനം: സംസം ഭക്ഷണത്തിന് ഭക്ഷണവും രോഗത്തിന് ശമനവുമാണ്. (ബസാർ – സ്വഹീഹ് അൽബാനി)

ഇമാം ഇബ്നുല്‍ ഖയ്യിം(റഹിം) പറഞ്ഞു:സംസം വെള്ളം കൊണ്ട് ഞാനും മറ്റുള്ളവരും ഒരുപാട് രോഗങ്ങള്‍ക്കായി പരീക്ഷണം നടത്തിയപ്പോള്‍ അല്‍ഭുതകരമായ ഒരുപാട് കാര്യങ്ങളാണ് കാണാന്‍ സാധിച്ചത്. ഒരുപാട് രോഗങ്ങള്‍ക്ക് സംസം കുടിച്ചപ്പോള്‍ അല്ലാഹുവിന്റെ അനുമതിയോടെ ആ രോഗമെല്ലാം സുഖമാകുകയുണ്ടായി. അതുപോലെ ഭക്ഷണമായി സംസം മാത്രം അരമാസമോ അതിലധികമോ കുടിച്ചവരെ ഞാന്‍ കാണുകയുണ്ടായി. അവ൪ക്ക് വിശപ്പനുഭവപ്പെട്ടിരുന്നില്ല. അവ൪ ജനങ്ങളോടൊപ്പം ത്വവാഫ് ചെയ്യുകയും ചെയ്തിരുന്നു. അവരില്‍ ഒരാള്‍ എന്നോട് പറയുകയുണ്ടായി. നാല്പത് ദിവസം സംസം മാത്രം കുടിച്ചപ്പോള്‍ തന്റെ ഭാര്യയുമായി ബന്ധപ്പെടാനും ധാരാളം നോമ്പ് അനുഷ്ടിക്കാനും ത്വവാഫ് ചെയ്യാനും സാധിച്ചിരുന്നു. (സാദുല്‍ മആദ് :4/356)

ശൈഖ് അൽബാനിയുടെ(റഹി) അസുഖം നോമ്പ് അനുഷ്ടിക്കുകയും സംസം വെള്ളം കുടിക്കുകയും ചെയ്തത് കാരണത്താല്‍ അല്ലാഹുവിന്റെ അനുമതിയോടെ ശിഫയായത് അദ്ദേഹം തന്റെ പല ക്ലാസുകളിലും പറഞ്ഞിരുന്നു.

عَنْ أَبِي جَمْرَةَ الضُّبَعِيِّ، قَالَ كُنْتُ أُجَالِسُ ابْنَ عَبَّاسٍ بِمَكَّةَ، فَأَخَذَتْنِي الْحُمَّى، فَقَالَ أَبْرِدْهَا عَنْكَ بِمَاءِ زَمْزَمَ، فَإِنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ الْحُمَّى مِنْ فَيْحِ جَهَنَّمَ فَأَبْرِدُوهَا بِالْمَاءِ ‏”‏‏.‏ أَوْ قَالَ ‏”‏ بِمَاءِ زَمْزَمَ ‏”‏‏.‏ شَكَّ هَمَّامٌ‏.‏

അബൂജംറ:(റ) നിവേദനം: ഞാന്‍ ഇബ്നു അബ്ബാസിന്‍റെ അടുത്തു മക്കയില്‍ ഇരിക്കുകയാണ്. അപ്പോള്‍ എന്നെ പനി ബാധിച്ചു അദ്ദേഹം പറഞ്ഞു. സംസം വെളളം കൊണ്ട് നീ അതിനെ തണുപ്പിക്കുക. നിശ്ചയം. നബി(സ) അരുളി. പനി നരകത്തിന്‍റെ ആവിയില്‍പ്പെട്ടതാണ്. അതിനാല്‍ നിങ്ങള്‍ വെളളം കൊണ്ട് അതിനെ തണുപ്പിക്കുക അല്ലെങ്കില്‍ സംസംകൊണ്ട് നിവേദകനായ ഹമ്മാദ് ഇവിടെ സംശയിക്കുന്നു. (ബുഖാരി:3261)

അല്ലാഹുവിന്റെ ദാനമായി മനുഷ്യ൪ക്ക് ലഭിച്ച അനുഗ്രഹീതമായ വെള്ളമാണെന്ന ഉദ്ദേശത്തോടെ ഒരാള്‍ എന്തിനാണോ കുടിക്കുന്നത് അതിനുള്ളതാണ് സംസം എന്നും നബി ﷺ പറഞ്ഞിട്ടുണ്ട്.

عَنْ جَابِرَ بْنَ عَبْدِ اللَّهِ، يَقُولُ سَمِعْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَقُولُ : مَاءُ زَمْزَمَ لِمَا شُرِبَ لَهُ

ജാബിർ ബ്നു അബ്ദില്ലയിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സംസം വെള്ളം എന്തിനാണോ കുടിക്കുന്നത് അതിനുള്ളതാകുന്നു. (ഇബ്നുമാജ:3062)

سُئِـلَ ابـن خزيمـة: مـن أيـن أُوتيـت العِلـم؟ فقـال : قـال رسـول اللـه صلـﮯ اللـه عليـه وسلم – :” مـاء زمـزم لِمَـا شُـرب لـه ” وإنِّـي لَمَّـا شَربتُـه سألـت اللـه علمـاً نافعـاً
(سير أعلام النبلاء)

ഇബ്നു ഖുസൈമ (റഹി) ചോദിക്കപ്പെട്ടു: താങ്കള്‍ക്ക് ഇല്‍മ് നല്‍കപ്പെട്ടത് എവിടെനിന്നാണ് ?അദ്ദേഹം പറഞ്ഞു:നബി ﷺ പറഞ്ഞിട്ടുണ്ട് : സംസം വെള്ളം എന്തിനാണൊ,കുടിച്ചത് അതിനുള്ളതാണ്. ‘തീര്‍ച്ചയായും ഞാനത് കുടിച്ചപ്പോള്‍ അല്ലാഹുവിനോട് ഉപകാരപ്രദമായ ഇല്‍മിനെ ചോദിച്ചു. 

ഇമാം ഇബ്‌നു ഹജർ(റഹി) ഇമാം ദഹബിയുടെ ഓർമ്മശക്തി ലഭിക്കണമെന്ന പ്രാർത്ഥനയോടെ സംസം കുടിച്ചിട്ടുണ്ട്. പിൽക്കാലത്ത് അദ്ദേഹം ഓർമ്മശക്തിയിൽ ഇമാം ദഹബിയോളമോ അദ്ദേഹത്തിനെക്കാൾ മുകളിലോ എത്തിച്ചേർന്നു.   (ജുസ്ഉൻ ഫീ ഹദീഥി മാഇ സംസം: 191)

عَنْ عَبْدِ الرَّحْمَنِ بْنِ أَبِي بَكْرٍ، قَالَ رَسُولَ اللَّهِ ـ صلى الله عليه وسلم ـ : إِنَّ آيَةَ مَا بَيْنَنَا وَبَيْنَ الْمُنَافِقِينَ أَنَّهُمْ لاَ يَتَضَلَّعُونَ مِنْ زَمْزَمَ ‏‏

അബ്ദുറഹ്മാനിബ്നു അബീബക്കറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമ്മുടെയും കപട വിശ്വാസികളുടെയും അടയാളം അവ൪ സംസം കൊണ്ട് വയ൪ നിറക്കില്ല എന്നതാണ്.   (ഇബ്നുമാജ:3061)

ഈ ഹദീസ് വിശദീകരിച്ചു കൊണ്ട് ശൈഖ് ഉഥൈമീൻ (റഹി ) പറഞ്ഞു: സംസം വെള്ളം മാധുര്യമുള്ളതോ രുചിയുള്ളതോ അല്ല, മറിച്ച് ഉപ്പ് രുചിയോടാണ് അതിന് സാമ്യം ഉള്ളത്. സത്യവിശ്വാസികൾ ഉപ്പുരസമുള്ള ഈ വെള്ളം കുടിക്കുന്നത് അത് അനുഗ്രഹീത വെള്ളമാണെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ്. അപ്പാൾ ആ വെള്ളം കൊണ്ട് വയർ നിറക്കുന്നുവെങ്കിൽ അത് അവന്റെ വിശ്വാസത്തെയാണ് കാണിക്കുന്നത്.    (ശറഹുൽ മുംതിഅ)

നബി ﷺ യുടെ ജീവിതത്തില്‍ രണ്ടു തവണ അവിടുത്തെ നെഞ്ച് പിള൪ത്തി ഹൃദയം സംസം വെള്ളം കൊണ്ട് കഴുകിയ സംഭവം സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ട്. ഒന്ന് നുബുവ്വത്തിന് മുമ്പ് ചെറുപ്പത്തില്‍ കൂട്ടുകാരോടൊപ്പം ആടിനെ മേച്ച് കളിച്ചു നടന്നിരുന്ന വേളയിലും മറ്റൊന്ന് നുബുവ്വത്തിന് ശേഷം മിഅ്റാജ് നടത്തിയ വേളയിലുമായിരുന്നു. ഈ രണ്ട് പ്രാവശ്യവും അവിടുത്തെ നെഞ്ച് പിള൪ത്തി ഹൃദയം കഴുകിയത് സംസം വെള്ളം കൊണ്ടായിരുന്നു.

عَنْ أَنَسِ بْنِ مَالِكٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم أَتَاهُ جِبْرِيلُ صلى الله عليه وسلم وَهُوَ يَلْعَبُ مَعَ الْغِلْمَانِ فَأَخَذَهُ فَصَرَعَهُ فَشَقَّ عَنْ قَلْبِهِ فَاسْتَخْرَجَ الْقَلْبَ فَاسْتَخْرَجَ مِنْهُ عَلَقَةً فَقَالَ هَذَا حَظُّ الشَّيْطَانِ مِنْكَ ‏.‏ ثُمَّ غَسَلَهُ فِي طَسْتٍ مِنْ ذَهَبٍ بِمَاءِ زَمْزَمَ ثُمَّ لأَمَهُ ثُمَّ أَعَادَهُ فِي مَكَانِهِ وَجَاءَ الْغِلْمَانُ يَسْعَوْنَ إِلَى أُمِّهِ – يَعْنِي ظِئْرَهُ – فَقَالُوا إِنَّ مُحَمَّدًا قَدْ قُتِلَ ‏.‏ فَاسْتَقْبَلُوهُ وَهُوَ مُنْتَقَعُ اللَّوْنِ ‏.‏ قَالَ أَنَسٌ وَقَدْ كُنْتُ أَرَى أَثَرَ ذَلِكَ الْمِخْيَطِ فِي صَدْرِهِ ‏.‏

അനസില്‍(റ) നിന്ന് നിവേദനം : നബി ﷺ കുട്ടികളുടെ കൂട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ജിബ്‌രീല്‍ വന്നു, നബി ﷺ യെ പിടിച്ചു മലര്‍ത്തിക്കിടത്തിയ ശേഷം ഹൃദയം പിളര്‍ത്തി നെഞ്ച്‌ പുറത്തെടുത്ത്‌ അതില്‍ നിന്നും ഒരു രക്തക്കഷ്‌ണം പുറത്തെടുത്തു. എന്നിട്ട്‌ പറഞ്ഞു: ഇതാണ്‌ നിന്നിലുള്ള പൈശാചിക അംശം. പിന്നീട്‌ അത്‌ ഒരു സ്വര്‍ണ്ണത്തളികയില്‍ വെച്ച്‌ സംസം വെള്ളമുപയോഗിച്ച്‌ കഴുകിയ ശേഷം അതിനെ യോജിപ്പിച്ചുവെക്കുകയും അതിന്റെ പൂര്‍വസ്ഥാനത്ത്‌ തന്നെ മടക്കുകയും ചെയ്‌തു. കുട്ടികള്‍ അദ്ദേഹത്തിന്റെ ആയയുടെ അടുത്തേക്ക്‌ ഓടിവന്നു. മുഹമ്മദ്‌ കൊല്ലപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞു. അവര്‍ വന്നപ്പോള്‍ നബി ﷺ യെ വിവര്‍ണ്ണനായി (ചുകന്ന മുഖത്തോടെ) കണ്ടു. അനസ്‌(റ) പറയുന്നു: ഞാന്‍ അദ്ദേഹത്തിന്റെ നെഞ്ചില്‍ തുന്നിയ പാടുകള്‍ കണ്ടിട്ടുണ്ട്.   (മുസ്‌ലിം:162)

പ്രവാചകത്വത്തിന് വേണ്ടിയുള്ള ഒരുക്കലായിരുന്നു ഈ ഹൃദയം പിളര്‍ത്തല്‍. വഹ്‌യിനെ സ്വീകരിക്കാനുള്ള മുന്നൊരുക്കമായിരുന്നു. ചെറുപ്പം മുതലേ നബി ﷺ യുടെ ഇസ്വ്മത്തിനെ (പാപ സുരക്ഷിതത്വം) ഈ ശുദ്ധീകരണം അറിയിക്കുന്നു. പിശാചിന്ന് ഒരു വിഹിതവും ഇല്ലാത്ത വിധത്തില്‍ പൈശാചികാംശം എടുത്തുമാറ്റി. അല്ലാഹു പറയുന്നു:

وَٱلنَّجْمِ إِذَا هَوَىٰ
مَا ضَلَّ صَاحِبُكُمْ وَمَا غَوَى
وَمَا يَنطِقُ عَنِ ٱلْهَوَى
إِنْ هُوَ إِلَّا وَحْىٌ يُوحَىٰ
عَلَّمَهُۥ شَدِيدُ ٱلْقُوَىٰ

നക്ഷത്രം അസ്തമിക്കുമ്പോള്‍ അതിനെ തന്നെയാണ് സത്യം. നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല. അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു. ശക്തിമത്തായ കഴിവുള്ളവനാണ് (ജിബ്രീല്‍ എന്ന മലക്കാണ്) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്.   (ഖുർആൻ:53/1-5)

രണ്ടാമത്തെ സന്ദർഭം പരാമർശിക്കുന്ന ഹദീസ് കാണുക:

أَنَسُ بْنُ مَالِكٍ كَانَ أَبُو ذَرٍّ ـ رضى الله عنه ـ يُحَدِّثُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ فُرِجَ سَقْفِي وَأَنَا بِمَكَّةَ، فَنَزَلَ جِبْرِيلُ ـ عَلَيْهِ السَّلاَمُ ـ فَفَرَجَ صَدْرِي، ثُمَّ غَسَلَهُ بِمَاءِ زَمْزَمَ، ثُمَّ جَاءَ بِطَسْتٍ مِنْ ذَهَبٍ مُمْتَلِئٍ حِكْمَةً وَإِيمَانًا، فَأَفْرَغَهَا فِي صَدْرِي، ثُمَّ أَطْبَقَهُ، ثُمَّ أَخَذَ بِيَدِي فَعَرَجَ إِلَى السَّمَاءِ الدُّنْيَا‏.‏

അനസില്‍(റ) നിന്ന് നിവേദനം :നബി ﷺ പറയുന്നു: ഞാൻ മക്കയിലായിരിക്കേ എന്റെ വീടിന്റെ മുകൾ ഭാഗത്ത് നിന്ന് ജിബ്രീല്‍ ഇറങ്ങി വന്ന് നെഞ്ച് കീറി ഹൃദയം പുറത്തെടുത്ത് സംസം വെള്ളംകൊണ്ട് കഴുകി. ശേഷം ഹിക്മത്തും (ജ്ഞാനം) ഈമാനും നിറച്ച സ്വർണ തളികയിൽ നിന്ന് അവ നെഞ്ചിനകത്തേക്ക് ഒഴിക്കുകയും, പിന്നീട് നെഞ്ച് കൂട്ടി പഴയ രൂപത്തിലേക്ക് ആക്കുകയും, ശേഷം ഒന്നാനാകാശത്തേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു.   ബുഖാരി:1636)

ഹജ്ജും ഉംറയും നി൪വ്വഹിക്കുമ്പോള്‍ ത്വവാഫ് പൂ൪ത്തിയായി കഴിയുമ്പോള്‍ മഖാമു ഇബ്രാഹീമിന് പിന്നിലുള്ള രണ്ട് റക്അത്ത് നമസ്കാരത്തിന് ശേഷം സംസം വെള്ളം കുടിക്കുന്നത് സുന്നത്താണ്.

عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم شَرِبَ مِنْ زَمْزَمَ مِنْ دَلْوٍ مِنْهَا وَهُوَ قَائِمٌ

ഇബ്നുഅബ്ബാസില്‍(റ) നിന്ന് നിവേദനം: നബി ﷺ നിന്നുകൊണ്ട് ബക്കറ്റില്‍ നിന്നും സംസം വെള്ളം കുടിക്കുകയുണ്ടായി. (മുസ്ലിം: 2027)

ശൈഖ് അല്‍ബാനി(റഹി) പറഞ്ഞു: (ത്വവാഫിന് ശേഷമുള്ള രണ്ട് റക്അത്ത്) നമസ്കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ നബി ﷺ സംസമിന്റെ അടുത്ത് പോയി സംസം വെള്ളം കുടിക്കുകയും തന്റെ ശിരസില്‍ സംസം ഒഴിക്കുകയും ചെയ്തു. നബി ﷺ പറയുകയുണ്ടായി: സംസം വെള്ളം എന്തിനാണൊ,കുടിച്ചത് അതിനുള്ളതാണ്.   (മനാസികുല്‍ ഹജ്ജ് വല്‍ ഉംറ)

സംസം വെള്ളം നിന്നുകൊണ്ടാണോ കുടിക്കേണ്ടത് ?

സംസം വെള്ളം നിന്നുകൊണ്ടാണ് കുടിക്കേണ്ടതെന്ന ധാരണ ഇന്ന് സമൂഹത്തില്‍ പ്രചരിച്ചിട്ടുണ്ട്. താഴെ പറയുന്ന ഹദീസാണ് അതിനായി തെളിവ് പിടിച്ചിട്ടുള്ളത്.

عَنِ ابْنِ عَبَّاسٍ، قَالَ شَرِبَ النَّبِيُّ صلى الله عليه وسلم قَائِمًا مِنْ زَمْزَمَ

ഇബ്നുഅബ്ബാസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ സംസം വെള്ളം നിന്നുകുടിച്ചു.   (ബുഖാരി: 5617)

عَنِ ابْنِ، عَبَّاسٍ قَالَ سَقَيْتُ رَسُولَ اللَّهِ صلى الله عليه وسلم مِنْ زَمْزَمَ فَشَرِبَ وَهُوَ قَائِمٌ

ഇബ്നുഅബ്ബാസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം  പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ റസൂൽ ﷺ യെ സംസം വെള്ളം കുടിപ്പിച്ചു. അങ്ങനെ അദ്ദേഹം നിന്നുകൊണ്ട് കുടിച്ചു.  (മുസ്ലിം: 2027)

എന്നാല്‍ ഈ ഹദീസുകളെ വിശദീകരിച്ചുകൊണ്ട് സംസം വെള്ളം നിന്നുകൊണ്ടാണ് കുടിക്കേണ്ടതെന്ന് പണ്ഢിതന്‍മാ൪ പറഞ്ഞിട്ടില്ല. എല്ലാ സമയത്തും വെള്ളം കുടിക്കേണ്ടത് ഇരുന്നുകൊണ്ടാണെന്നും അതിന് സൌകര്യമില്ലെങ്കില്‍ നിന്നുകൊണ്ട് കുടിക്കല്‍ അനുവദനീയമാണെന്നുമാണ് പണ്ഢിതന്‍മാ൪ വിശദീകരിച്ചിട്ടുള്ളത്. ഇവിടെ നബി ﷺ ക്ക് മതിയായ കാരണമുള്ളതുകൊണ്ടാണ് അവിടുന്ന് നിന്നുകൊണ്ട് കുടിച്ചത്. ഹജ്ജിന്റെ സന്ദ൪ഭമാണ് മേല്‍ പറഞ്ഞിട്ടുള്ള ഹദീസുകളിലുള്ളതെന്നാണ് ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ(റഹി) വിശദീകരിച്ചിട്ടുള്ളത്. അങ്ങനെയാണെങ്കില്‍ കാര്യം കൂടുതല്‍ വ്യക്തമാണ്. അതായത് ഹജ്ജിന്റെ അവസരത്തില്‍ കൂടുതല്‍ ആളുകളെ കൊണ്ടുള്ള തിരക്കിനാലാണ് നബി ﷺ സംസം വെള്ളം നിന്നുകൊണ്ടാണ് കുടിച്ചത്. എല്ലാ സമയത്തും വെള്ളം കുടിക്കേണ്ടത് ഇരുന്നുകൊണ്ടാണെങ്കിലും മതിയായ കാരണമുണ്ടെങ്കില്‍ നിന്നുകുടിക്കുന്നത് അനുവദനീയമാണെന്ന് കാണിക്കുന്നതിന് വേണ്ടിയാണ് നബി ﷺ സംസം വെള്ളം നിന്നുകൊണ്ട് കുടിച്ചതെന്നും ചില പണ്ഢിതന്‍മാ൪ പറഞ്ഞിട്ടുണ്ട്.

മക്കയില്‍ നിന്ന് സംസം വെള്ളം പുറത്തേക്ക് കൊണ്ടുപോകാന്‍ പാടുണ്ടോ?

മക്കയില്‍ നിന്ന് സംസം വെള്ളം പുറത്തേക്ക് കൊണ്ടുപോകാവുന്നതാണ്. നബി ﷺ യും സ്വഹാബത്തും താബിഉകളുമെല്ലാം സംസം വെള്ളം തോല്‍ സഞ്ചിയിലും കുപ്പിയിലും പാത്രങ്ങളിലുമായി മക്കയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയിരുന്നു.

عَنْ عَائِشَةَ، رضى الله عنها أَنَّهَا كَانَتْ تَحْمِلُ مِنْ مَاءِ زَمْزَمَ وَتُخْبِرُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَحْمِلُهُ ‏

ആയിശയില്‍(റ) നിന്ന് നിവേദനം: അവ൪ സംസം വെള്ളം (മക്കയില്‍ നിന്നും) വഹിച്ചുകൊണ്ടുപോയിരുന്നു. അവ൪ പറഞ്ഞു: നബി ﷺ (അപ്രകാരം മക്കയില്‍ നിന്നും) സംസം വെള്ളം വഹിച്ചുകൊണ്ടുപോയിരുന്നു. (തി൪മിദി:963)

ശൈഖ് അല്‍ബാനി(റഹി) പറഞ്ഞു: ബറകത്ത് പ്രതീക്ഷിച്ചുകൊണ്ട് ആ൪ക്കെങ്കിലും കഴിയുമെങ്കില്‍ സംസം വെള്ളം വഹിച്ചുകൊണ്ടു പോകാവുന്നതാണ്. കാരണം അല്ലാഹുവിന്റെ റസൂല്‍(സ്വ) ചെറിയ പാത്രങ്ങളിലും വെള്ളമെടുക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങളിലും സംസം കൂടെകൊണ്ടുപോകാറുണ്ടായിരുന്നു. അങ്ങനെ രോഗികളുടെ ശരീരത്തില്‍ ഒഴിക്കുകയും അവ൪ക്ക് കുടിക്കാന്‍ കൊടുക്കുകയും ചെയ്തിരുന്നു. ഇമാം ബുഖാരി തന്റെ താരീഖില്‍ ഉദ്ദരിച്ചിട്ടുണ്ട്. തി൪മിദി ഹസനാണെന്ന് പറഞ്ഞിരിക്കുന്നു. ആയിശയുടെ ഹദീസില്‍ നിന്ന്, അത് അല്‍ അഹാദീസു സ്വഹീഹയില്‍ 883 നമ്പരായി ചേ൪ത്തിട്ടുണ്ട്. മാത്രമല്ല, നബി ﷺ മദീനയിലായിരിക്കെ മക്ക വിജയിച്ചടക്കുന്നതിനുമുമ്പ് സുഹൈലയബ്നു അംറിന്റെ അടുത്തേക്ക് ദൂതന്‍മാരെ പറഞ്ഞയക്കാറുണ്ടായിരുന്നു. ഞങ്ങള്‍ക്ക് നിങ്ങള്‍ സംസം സമ്മാനമായി കൊടുത്തയക്കണം, ഉപേക്ഷിക്കരുത്. തിരുദൂതരിലേക്ക് രണ്ട് തോല്‍ സഞ്ചി നിറയെ സംസം കൊടുത്തയക്കുകയും ചെയ്തിരുന്നു. (ജാബിറില്‍ നിന്ന് ജയ്യിദായ സനദോടെ ഇമാം ബൈഹഖി റിപ്പോ൪ട്ട് ചെയ്തത്. മുസന്നഫ് അബ്ദു൪ റസാഖില്‍ സ്വഹീഹും മു൪സലുമായ ഒരു തെളിവ് കൂടിയുണ്ട്.) ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ(റഹി) പറയുന്നു: സ്വലഫുകള്‍ (മുന്‍ഗാമികള്‍) (സംസം) വഹിച്ചു കൂടെകൊണ്ടു പോകാറുണ്ടായിരുന്നു. (അല്‍ബാനിയുടെ മനാസികുല്‍ ഹജ്ജ് വല്‍ ഉംറ)

Leave a Reply

Your email address will not be published.

Similar Posts