അല്ലാഹു ഒരാളെ ഇഷ്ടപ്പെട്ടാൽ

THADHKIRAH

അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കുന്നതിനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് അല്ലാഹുവും അവന്റെ റസൂൽﷺയും നമ്മെ അറിയിച്ച് തന്നിട്ടുണ്ട്. (അവ ഏതെല്ലാമാണെന്ന് മുമ്പ് വിശദീകരിച്ചിട്ടുണ്ട്). അല്ലാഹു ഒരു അടിമയെ ഇഷ്ടപ്പെട്ടാൽ സംഭവിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്നാണ് ഇവിടെ വിശദീകരിക്കാൻ ഉദ്ദേശിക്കുന്നത്. അത് താഴെ ചേർക്കുന്നു:

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: إِذَا أَحَبَّ اللَّهُ عَبْدًا نَادَى جِبْرِيلَ إِنَّ اللَّهَ يُحِبُّ فُلاَنًا، فَأَحِبَّهُ‏.‏ فَيُحِبُّهُ جِبْرِيلُ، فَيُنَادِي جِبْرِيلُ فِي أَهْلِ السَّمَاءِ إِنَّ اللَّهَ يُحِبُّ فُلاَنًا، فَأَحِبُّوهُ‏.‏ فَيُحِبُّهُ أَهْلُ السَّمَاءِ، ثُمَّ يُوضَعُ لَهُ الْقَبُولُ فِي أَهْلِ الأَرْضِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ഒരു അടിമയെ ഇഷ്ടപ്പെട്ടാൽ ജിബ്‌രീലിനെ (അ) വിളിച്ചറിയിക്കും: തീർച്ചയായും അല്ലാഹു ഇന്നയാളെ ഇഷ്ടപ്പെടുന്നു. അതിനാൽ നീയും അയാളെ ഇഷ്ടപ്പെടുക. അപ്പോൾ ജിബ്‌രീൽ(അ) അയാളെ ഇഷ്ടപ്പെടുകയും ആകാശലോകത്തുള്ളവരോടായി വിളിച്ച് പറയുകയും ചെയ്യും: അല്ലാഹു ഇന്നയാളെ ഇഷ്ടപ്പെടുന്നു. നിങ്ങളും ഇഷ്ടപ്പെടുവിൻ. അപ്പോൾ ആകാശ ലോകത്തുള്ളവരെല്ലാം അയാളെ ഇഷ്ടപ്പെടും പീന്നീട് ഭൂമി ലോകത്തും അയാൾക്ക് സ്വീകാര്യതയുണ്ടാക്കപ്പെടുന്നു. (ബുഖാരി:6040)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ إِنَّ اللَّهَ قَالَ: مَنْ عَادَى لِي وَلِيًّا فَقَدْ آذَنْتُهُ بِالْحَرْبِ، وَمَا تَقَرَّبَ إِلَىَّ عَبْدِي بِشَىْءٍ أَحَبَّ إِلَىَّ مِمَّا افْتَرَضْتُ عَلَيْهِ، وَمَا يَزَالُ عَبْدِي يَتَقَرَّبُ إِلَىَّ بِالنَّوَافِلِ حَتَّى أُحِبَّهُ، فَإِذَا أَحْبَبْتُهُ كُنْتُ سَمْعَهُ الَّذِي يَسْمَعُ بِهِ، وَبَصَرَهُ الَّذِي يُبْصِرُ بِهِ، وَيَدَهُ الَّتِي يَبْطُشُ بِهَا وَرِجْلَهُ الَّتِي يَمْشِي بِهَا، وَإِنْ سَأَلَنِي لأُعْطِيَنَّهُ، وَلَئِنِ اسْتَعَاذَنِي لأُعِيذَنَّهُ، وَمَا تَرَدَّدْتُ عَنْ شَىْءٍ أَنَا فَاعِلُهُ تَرَدُّدِي عَنْ نَفْسِ الْمُؤْمِنِ، يَكْرَهُ الْمَوْتَ وَأَنَا أَكْرَهُ مَسَاءَتَهُ ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിശ്ചയം അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘എന്റെ വലിയ്യിനോട് (സാമീപ്യം നേടിയ വ്യക്തിയോട്) ആരെങ്കിലും ശത്രുത കാണിച്ചാല്‍ അവനോട് ഞാനിതാ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഞാന്‍ നിര്‍ബന്ധമാക്കിയ കര്‍മങ്ങളെക്കാള്‍ എനിക്ക് പ്രിയംകരമായ മറ്റൊരു കാര്യം മുഖേനയും എന്റെ ദാസന് എന്റെ സാമീപ്യം നേടാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ അവനെ ഇഷ്ടപ്പെടുന്നത് വരെ നിര്‍ബന്ധമല്ലാത്ത ഐച്ഛികമായ കാര്യങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് എന്റെ ദാസന്‍ എന്റെ സാമീപ്യം തേടിക്കൊണ്ടിരിക്കും. ഞാന്‍ അവനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അവന്ന് കേള്‍ക്കാനുള്ള കാതും കാണാനുള്ള കണ്ണും പിടിക്കാനുള്ള കയ്യും നടക്കാനുള്ള കാലും ഞാനായിരിക്കും. എന്നോട് അവന്‍ ചോദിച്ചാല്‍ അവന് ഞാന്‍ നല്‍കുക തന്നെ ചെയ്യും. എന്നോട് അവന്‍ അഭയം തേടിയാല്‍ ഞാന്‍ അവന് അഭയം നല്‍കുക തന്നെ ചെയ്യും. (ബുഖാരി:6502)

“…ഞാൻ അവനെ ഇഷ്ടപെട്ടാൽ അവൻ കേൾക്കുന്ന കാതും, അവൻ കാണുന്ന കണ്ണും അവൻ പിടിക്കുന്ന കൈയും അവൻ നടക്കുന്ന കാലും ഞാൻ ആകും… ” എന്ന് അല്ലാഹു പറഞ്ഞതിന്റെ അർത്ഥം : ഈ കാര്യങ്ങളിലെല്ലാം അല്ലാഹു അവന് നേർവഴി കാണിച്ചു കൊടുക്കുകയും അതിലേക്കു നയിക്കുകയും ചെയ്യും. അല്ലാഹു ഇഷ്ടപെടുന്ന കാര്യങ്ങളിലേക്ക്‌ മാത്രമേ അവന്റെ കണ്ണിനെ നയിക്കുകയുള്ളൂ. അല്ലാഹു ഇഷ്ടപെടുന്ന തൃപ്തിപെടുന്ന കാര്യങ്ങൾ മാത്രമേ അവൻ ചെവി കൊണ്ട് കേൾക്കുകയുള്ളൂ. അല്ലാഹു വെറുക്കുന്ന ഇഷ്ടപെടാത്ത കാര്യങ്ങളെ തൊട്ട് അവന്റെ കണ്ണിനെ അവൻ താഴ്‌ത്തും. അതുപോലെ അല്ലാഹുവിന്റെ തൃപ്തിയില്ലാത്ത ഒന്നും തന്നെ ഈ ചെവി കൊണ്ടവൻ കേൾക്കുകയില്ല. ഇവയെല്ലാം അല്ലാഹുവിന്റെ അനുസരണയിലേക്ക്‌ അവൻ ഉപയോഗിക്കുകയും ചെയ്യും എന്നത്രെ.

عَنْ جَرِيرِ بْنِ عَبْدِ اللَّهِ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ إِنَّ اللَّهَ عَزَّ وَجَلَّ لَيُعْطِي عَلَى الرِّفْقِ مَا لَا يُعْطِي عَلَى الْخُرْقِ وَإِذَا أَحَبَّ اللَّهُ عَبْدًا أَعْطَاهُ الرِّفْقَ مَا مِنْ أَهْلِ بَيْتٍ يُحْرَمُونَ الرِّفْقَ إِلَّا قَدْ حُرِمُوا

ജരീരിബ്നു അബ്ദില്ലയിൽ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം, അല്ലാഹു രൂക്ഷമായ പെരുമാറ്റത്തിനു നല്‍കാത്തത് മൃദുലമായപെരുമാറ്റത്തിന് (സൗമ്യതക്ക്) നല്‍കുന്നു. ഒരു ദാസനെ അല്ലാഹു ഇഷ്ടപ്പെട്ടാല്‍ അല്ലാഹു അവന് മൃദുല പെരുമാറ്റം (സൗമ്യമായ പ്രകൃതം)  നല്‍കുന്നു. മൃദുല പെരുമാറ്റം (സൗമ്യത) തടയപ്പെട്ട ഒരു കുടുംബവുമില്ല, നന്മകള്‍ തങ്ങള്‍ക്ക് തടയപ്പെടാതെ. (മുഅ്ജമുത്ത്വബ്‌റാനി, അല്‍ബാനി ഹസനുന്‍ലിഗയ്‌രിഹി എന്ന് വിശേഷിപ്പിച്ചു)

عَنْ قَتَادَةَ بْنِ النُّعْمَانِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏:‏ إِذَا أَحَبَّ اللَّهُ عَبْدًا حَمَاهُ الدُّنْيَا كَمَا يَظَلُّ أَحَدُكُمْ يَحْمِي سَقِيمَهُ الْمَاءَ ‏

ഖതാദ ഇബ്നു നുഅ്മാനിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അല്ലാഹു ഒരു അടിമയെ ഇഷ്ടപ്പെട്ടാൽ അവന് ദുൻയാവിന്റെ (വിശാലത) തടയും. (രോഗിക്ക്) വെള്ളം തടയപ്പെട്ടതുപോലെ. (തിർമിദി:2036)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏‏ إِنَّ عِظَمَ الْجَزَاءِ مَعَ عِظَمِ الْبَلاَءِ وَإِنَّ اللَّهَ إِذَا أَحَبَّ قَوْمًا ابْتَلاَهُمْ فَمَنْ رَضِيَ فَلَهُ الرِّضَا وَمَنْ سَخِطَ فَلَهُ السَّخَطُ

നബി ﷺ പറഞ്ഞു: പരീക്ഷണങ്ങളുടെ തീവ്രത അനുസരിച്ച് പ്രതിഫലം വർദ്ധിക്കുന്നതാണ്. നിശ്ചയം, അല്ലാഹു ഒരു ജനതയെ ഇഷ്ടപ്പെട്ടാൽ അവരെ പരീക്ഷണത്തിന് വിധേയരാക്കുന്നതാണ്. അപ്പോൾ ആരാണോ അത് തൃപ്തിപ്പെടുന്നത് അവർക്ക് അല്ലാഹുവിൻ്റെ തൃപ്തിയുണ്ട്. ആര് കോപിക്കുന്നുവോ അവർക്ക് അവൻ്റെ കോപവുമുണ്ട്. (തിർമിദി: 2398)

Leave a Reply

Your email address will not be published.

Similar Posts