നരകത്തിന്റെ പേരുകൾ

THADHKIRAH

വിശുദ്ധ ഖുര്‍ആനിലൂടെയും തിരു സുന്നത്തിലൂടെയും നരകത്തിന്റെ പല പേരുകള്‍ അല്ലാഹു നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പ്രസ്തുത പേരുകളും അതിലേക്കുള്ള തെളിവും താഴെ സൂചിപ്പിക്കുന്നു.

ജഹന്നം

ആഴത്തിൽ അഗാധമായതിനും അന്ധകാര നിബിഢമായതിനുമാണ് ജഹന്നമെന്ന് പറയുന്നത്.

يَوْمَ يُدَعُّونَ إِلَىٰ نَارِ جَهَنَّمَ دَعًّا

അവര്‍ ജഹന്നമിലേക്ക് (നരകാഗ്നിയിലേക്ക്) ശക്തിയായി പിടിച്ച് തള്ളപ്പെടുന്ന ദിവസം.   (ഖു൪ആന്‍:52/13)

ലള്വാ

കത്തിജ്ജ്വലിക്കുന്നതിനും കത്തിയാളുന്നതിനുമാണ് ലള്വാ എന്ന് പറയുന്നത്. കെട്ടടങ്ങുമ്പോഴെല്ലാം ജ്വാലയേറ്റി കത്തിക്കപ്പെടുന്ന ശിക്ഷയാണ് നരകം. അത് നരകവാസിയുടെ തൊലി കരിച്ചും ഉരിച്ചും അവന് നോവേറ്റുന്നതാണ്.

كـَلَّآ ۖ إِنَّهَا لَظَىٰ ‎
‏ نَزَّاعَةً لِّلشَّوَىٰ

സംശയം വേണ്ട, തീര്‍ച്ചയായും അത് ലള്വാ (ആളിക്കത്തുന്ന നരകം) ആകുന്നു. തലയുടെ തൊലിയുരിച്ചു കളയുന്ന നരകാഗ്നി. (ഖു൪ആന്‍:70/15-16)

അൽ ജഹീം

ജ്വാല കഠിനമായത് എന്നാണ് അൽ ജഹീം അർത്ഥമാക്കുന്നത്.

خُذُوهُ فَغُلُّوهُ
ثُمَّ ٱلْجَحِيمَ صَلُّوهُ ‎

(അപ്പോള്‍ ഇപ്രകാരം കല്‍പനയുണ്ടാകും:) നിങ്ങള്‍ അവനെ പിടിച്ച് ബന്ധനത്തിലിടൂ. പിന്നെ അവനെ നിങ്ങള്‍ ജഹീമിൽ (ജ്വലിക്കുന്ന നരകത്തില്‍) പ്രവേശിപ്പിക്കൂ.   (ഖു൪ആന്‍:69/30-31)

ഹുത്വമ:

തകർക്കുന്നത് എന്നാണ് ഹുത്വമ: അർത്ഥമാക്കുന്നത്. തന്നിൽ എറിയപ്പെടുന്നതിനെയെല്ലാം തകർക്കുന്നതാണ് നരകം. നരകവാസിയുടെ തൊലിയും മാംസവും എല്ലുമെല്ലാം കത്തിച്ച് ഹൃദയത്തിൽ ആളിക്കത്തി വേദനയെ പരമ്യതയിലെത്തിക്കുന്ന തീയാണ് നരകത്തീ.

كَلَّا ۖ لَيُنۢبَذَنَّ فِى ٱلْحُطَمَةِ
وَمَآ أَدْرَىٰكَ مَا ٱلْحُطَمَة
نَارُ ٱللَّهِ ٱلْمُوقَدَةُ ‎
‏ ٱلَّتِى تَطَّلِعُ عَلَى ٱلْأَفْـِٔدَة

നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും. ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? അത് അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു. ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ. തീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും. (ഖു൪ആന്‍:104/4-7)

അൽഹാവിയ:

നരകം അഗാധ ഗർത്തമാണ്. ആഴങ്ങൾക്ക് അടിയിലാണ് നരകത്തിൽ എറിയപ്പെടുന്നവർ പതിക്കുന്നത്. ഹാവിയ: അർത്ഥമാക്കുന്നത് ആഴം, പാതാളം എന്നൊക്കെയാണ്.

وَأَمَّا مَنْ خَفَّتْ مَوَٰزِينُهُۥ
‏فَأُمُّهُۥ هَاوِيَةٌ ‎
وَمَآ أَدْرَىٰكَ مَا هِيَهْ
 ‏ نَارٌ حَامِيَةُۢ

എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ. അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും. ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? ചൂടേറിയ നരകാഗ്നിയത്രെ അത്‌.   (ഖു൪ആന്‍:101/8-11)

അസ്സഈർ

കൊട്ടാര സമാനമായ തീപ്പൊരികളെ എടുത്തെറിയുന്ന ജ്വാലകളാണ് നരകാഗ്നിക്ക്. മാത്രവുമല്ല, കെട്ടടങ്ങുമ്പോഴെല്ലാം അതിന് ജ്വാലകളെ വർദ്ധിച്ച് നൽകപ്പെടുകയും ചെയ്യുന്നതാണ്. സഈർ എന്നാൽ ജ്വാലയുള്ള തീയാകുന്നു.

وَكَذَٰلِكَ أَوْحَيْنَآ إِلَيْكَ قُرْءَانًا عَرَبِيًّا لِّتُنذِرَ أُمَّ ٱلْقُرَىٰ وَمَنْ حَوْلَهَا وَتُنذِرَ يَوْمَ ٱلْجَمْعِ لَا رَيْبَ فِيهِ ۚ فَرِيقٌ فِى ٱلْجَنَّةِ وَفَرِيقٌ فِى ٱلسَّعِيرِ ‎

അപ്രകാരം നിനക്ക് നാം അറബിഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. ഉമ്മുല്‍ഖുറാ (മക്ക) യിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും നീ താക്കീത് നല്‍കുവാന്‍ വേണ്ടിയും, സംശയരഹിതമായ സമ്മേളന ദിവസത്തെപ്പറ്റി നീ താക്കീത് നല്‍കുവാന്‍ വേണ്ടിയും. അന്ന് ഒരു വിഭാഗക്കാര്‍ സ്വര്‍ഗത്തിലായിരിക്കും. മറ്റൊരു വിഭാഗക്കാര്‍ സഈറിലും (കത്തിജ്വലിക്കുന്ന നരകത്തിലും).   (ഖു൪ആന്‍:42/7)

സക്വർ

നരകത്തീ ഒന്നും വിടാതെ എല്ലാം നശിപ്പിക്കുകയും തൊലികളെ കരിച്ച് വികൃതമാക്കുകയും ചെയ്യുന്നതാണ്. സക്വറിനെ കുറിച്ച് അല്ലാഹു പറയുന്നു:

يَوْمَ يُسْحَبُونَ فِى ٱلنَّارِ عَلَىٰ وُجُوهِهِمْ ذُوقُوا۟ مَسَّ سَقَرَ

മുഖം നിലത്തു കുത്തിയനിലയില്‍ അവര്‍ നരകാഗ്നിയിലൂടെ വലിച്ചിഴക്കപ്പെടുന്ന ദിവസം. (അവരോട് പറയപ്പെടും:) നിങ്ങള്‍ സക്വറിന്റെ (നരകത്തിന്‍റെ) സ്പര്‍ശനം അനുഭവിച്ച് കൊള്ളുക.   (ഖു൪ആന്‍:54/48)

سَأُصْلِيهِ سَقَرَ 
‏ وَمَآ أَدْرَىٰكَ مَا سَقَرُ
‏ لَا تُبْقِى وَلَا تَذَرُ
لَوَّاحَةٌ لِّلْبَشَرِ
‏ عَلَيْهَا تِسْعَةَ عَشَرَ

വഴിയെ ഞാന്‍ അവനെ സഖറില്‍ (നരകത്തില്‍) ഇട്ട് എരിക്കുന്നതാണ്‌.  സഖര്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? അത് ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല.  അത് തൊലി കരിച്ച് രൂപം മാറ്റിക്കളയുന്നതാണ്‌. അതിന്‍റെ മേല്‍നോട്ടത്തിന് പത്തൊമ്പത് പേരുണ്ട്‌.   (ഖു൪ആന്‍:74/26-30)

ദാറുൽ ബവാർ

നശിക്കുക, നഷ്ടപ്പെടുക, താഴുക, മോശമാകുക എന്നൊക്കെയാണ് ബവാർ അർത്ഥമാക്കുന്നത്. ദാറുൽബവാറാകുന്ന നരകം എല്ലാവിധ നാശങ്ങളുടെയും നഷ്ടങ്ങളുടെയും തരം താഴ്ത്തലിന്റെയും ഭവനമാണ്.

أَلَمْ تَرَ إِلَى ٱلَّذِينَ بَدَّلُوا۟ نِعْمَتَ ٱللَّهِ كُفْرًا وَأَحَلُّوا۟ قَوْمَهُمْ دَارَ ٱلْبَوَارِ
‏ جَهَنَّمَ يَصْلَوْنَهَا ۖ وَبِئْسَ ٱلْقَرَارُ

അല്ലാഹുവിന്‍റെ അനുഗ്രഹത്തിന് (നന്ദികാണിക്കേണ്ടതിനു) പകരം നന്ദികേട് കാണിക്കുകയും, തങ്ങളുടെ ജനതയെ ദാറുൽബവാറിൽ (നാശത്തിന്‍റെ ഭവനത്തില്‍) ഇറക്കിക്കളയുകയും ചെയ്ത ഒരു വിഭാഗത്തെ നീ കണ്ടില്ലേ?  അഥവാ നരകത്തില്‍. അതില്‍ അവര്‍ എരിയുന്നതാണ്‌. അത് എത്ര മോശമായ താമസസ്ഥലം!   (ഖു൪ആന്‍:14/28-29)

Leave a Reply

Your email address will not be published.

Similar Posts