അല്ലാഹു മനുഷ്യന് നല്‍കിയ മഹാ അനുഗ്രഹങ്ങളില്‍ പെട്ട ഒന്നാണ് അവന് സംസാരശേഷി നല്‍കിയെന്നുള്ളത്. അക്കാര്യം അല്ലാഹു മനുഷ്യനെ ഓ൪മ്മപ്പെടുത്തുന്നുമുണ്ട്.
ﺧَﻠَﻖَ ٱﻹِْﻧﺴَٰﻦَ ﻋَﻠَّﻤَﻪُ ٱﻟْﺒَﻴَﺎﻥَ
അവന്‍(അല്ലാഹു) മനുഷ്യനെ സൃഷ്ടിച്ചു. അവനെ(മനുഷ്യനെ) അവന്‍ സംസാരിക്കാന്‍ പഠിപ്പിച്ചു. (ഖു൪ആന്‍ :55/3-4)
ﺃَﻟَﻢْ ﻧَﺠْﻌَﻞ ﻟَّﻪُۥ ﻋَﻴْﻨَﻴْﻦِ
ﻭَﻟِﺴَﺎﻧًﺎ ﻭَﺷَﻔَﺘَﻴْﻦِ
അവന് (മനുഷ്യന്) നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ? ഒരു നാവും രണ്ട് ചുണ്ടുകളും. ( ഖു൪ആന്‍ :90/8-9)
അതുകൊണ്ടുതന്നെ അല്ലാഹുവിന്റെ അടിമകള്‍ ഏറ്റവും നല്ലത് സംസാരിക്കണമെന്നാണ് അല്ലാഹു ആഗ്രഹിക്കുന്നത്.
ﻭَﻗُﻞ ﻟِّﻌِﺒَﺎﺩِﻯ ﻳَﻘُﻮﻟُﻮا۟ ٱﻟَّﺘِﻰ ﻫِﻰَ ﺃَﺣْﺴَﻦُ
നീ എന്റെ ദാസന്‍മാരോട് പറയുക, അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന് (ഖു൪ആന്‍ :17/53)
“عَنْ أَبِى هُرَيْرَةَ عَنْ رَسُولِ اللَّهِ -صلى الله عليه وسلم- قَالَ “مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: റസൂല്‍(സ്വ) പറഞ്ഞു: ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ. (ബുഖാരി: 6475 – മുസ്‌ലിം: 47)
ഒരു മനുഷ്യന്‍ സംസാരിക്കുമ്പോള്‍ അത് അവന്റെ കര്‍മ്മങ്ങളായിതന്നെ രേഖപ്പെടുത്തുന്നുണ്ട്.
ﻣَّﺎ ﻳَﻠْﻔِﻆُ ﻣِﻦ ﻗَﻮْﻝٍ ﺇِﻻَّ ﻟَﺪَﻳْﻪِ ﺭَﻗِﻴﺐٌ ﻋَﺘِﻴﺪٌ
അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും (അത് രേഖപ്പെടുത്തുന്നതിനായി) അവന്റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാകാതിരിക്കുകയില്ല. (ഖു൪ആന്‍ :50/18)
മനുഷ്യന് ലഭിച്ച ഇതര സൃഷ്ടിവര്‍ഗ്ഗങ്ങള്‍ക്കില്ലാത്ത ഈ മഹത്തായ അനുഗ്രഹം ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഇഹലോകത്തും പരലോകത്തും അവന് വമ്പിച്ച പ്രത്യാഘാതമാണ് ഉണ്ടാവുക. എന്നാല്‍ ഇതിനെ നല്ല രീതിയില്‍ വിനിയോഗിക്കുന്നവ൪ക്ക് നല്ല പ്രതിഫലമാണുള്ളത്.
كُلُّ كَلِمَةٍ طَيْبَةٍ صَدَقَةٌ
റസൂല്‍(സ്വ) പറഞ്ഞു: എല്ലാ നല്ല വാക്കും ധർമ്മമാണ്. (ബുഖാരി)
മാത്രമല്ല, നല്ല വാക്കിനെ നരകത്തില്‍ നിന്നുള്ള രക്ഷയായിട്ടും സ്വ൪ഗ്ഗത്തിലേക്കുള്ള വഴിയായിട്ടും നബി(സ്വ) പരിചയപ്പെടുത്തിയിട്ടുണ്ട്.
عَنْ عَدِىِّ بْنِ حَاتِمٍ أَنَّ النَّبِىَّ – صلى الله عليه وسلم – ذَكَرَ النَّارَ فَأَشَاحَ بِوَجْهِهِ فَتَعَوَّذَ مِنْهَا ، ثُمَّ ذَكَرَ النَّارَ فَأَشَاحَ بِوَجْهِهِ فَتَعَوَّذَ مِنْهَا ، ثُمَّ قَالَ « اتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ ، فَمَنْ لَمْ يَجِدْ فَبِكَلِمَةٍ طَيِّبَ
അദിയ്യ് ഇബ്നു ഹാതിമില്‍(റ) നിന്ന് നിവേദനം: റസൂല്‍(സ്വ) പറഞ്ഞു: ഒരു കാരക്കയുടെ ചീള് കൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക, വല്ലവനും അത് കണ്ടെത്തിയില്ലെങ്കില്‍ ഒരു സദ് വചനം കൊണ്ടെങ്കിലും (നരകത്തെ സൂക്ഷിക്കുക). (ബുഖാരി:6023)
عن سهل بن سعد رضي اللّه عنه، عن رسول اللّه صلى اللّه عليه وسلم قال: مَنْ يَضْمَنْ لي ما بينَ لَحْيَيْهِ وَما بينَ رِجْلَيْهِ، أضْمَنْ لَهُ الجَنَّةَ
സഹ്ല്‍ ബിന്‍ സഅദില്‍(റ) നിന്നും നിവേദനം: പ്രവാചകന്‍(സ്വ) പറഞ്ഞു: തന്റെ രണ്ട് താടിയെല്ലുകൾക്ക് ഇടയിലുള്ളതിനേയും(നാവ്) രണ്ട് കാലുകൾക്ക് ഇടയിലുള്ളതിനേയും (ഗുഹ്യാവയവം) സംരക്ഷിച്ച് കൊള്ളാമെന്ന് ആരെങ്കിലും എനിക്ക് ഉറപ്പ് നൽകിയാൽ അയാൾക്ക് സ്വർഗം നൽകാമെന്ന് ഞാനേൽക്കുന്നു. (ബുഖാരി: 6474)
عَنْ أَبِي هُرَيْرَةَ، سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : إِنَّ الْعَبْدَ لَيَتَكَلَّمُ بِالْكَلِمَةِ مَا يَتَبَيَّنُ فِيهَا، يَزِلُّ بِهَا فِي النَّارِ أَبْعَدَ مِمَّا بَيْنَ الْمَشْرِقِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറയുന്നത് ഞാൻ കേട്ടു: ഒരു അടിമ സംശയാസ്പദമായ ചില വാക്കുകൾ സംസാരിക്കും. അത് മുഖേന അയാൾ കിഴക്ക് പടിഞ്ഞാറിന്റെ ഇടയിലുള്ള അകലത്തേക്കാൾ അഗാധതയിൽ നരകത്തിലേക്ക് വഴുതിപ്പോകുന്നു. (ബുഖാരി: 6477, മുസ്‌ലിം: 2988)
അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറയുന്നത് അദ്ധേഹം കേട്ടു. ‘മുന്നാലോചന ഇല്ലാതെ ദുരർത്ഥം വരാവുന്ന ഒരു വർത്തമാനം ഒരാൾ പറഞ്ഞാൽ ചക്രവാളത്തേക്കാൾ അഗാധമായ നരകക്കുണ്ടിൽ അവൻ പതിക്കുന്നതാണ്. (ബുഖാരി: 81)
قال الإمام الفقيه الأصولي ابن العثيمين رحمه الله: فيجب على الإنسان أن يمسك اللسان لأن زلته عظيمة
(القول المفيد على كتاب التوحيد)
ശൈഖ് ഉസൈമീൻ (റ) പറഞ്ഞു:നാവിനെ പിടിച്ച് വെക്കൽ ഓരോ മനുഷ്യനും നിർബന്ധമാണ്.കാരണം അതിന്റെ (നാവിന്റെ) വീഴ്ച്ച ഭയങ്കരമാണ്.
قال الإمام ابن القيم رحمه الله :إِنَّ العَبْدَ لَيَأْتِي يَوْمَ القِيَامَةِ بِحَسَنَاتِ أَمْثَالِ الجِبَالِ ؛ فَيَجِدُ (لِسَانَهُ) قَدْ هَدََمَهَا عَلَيْهِ كُلَّهَا
(الجواب الكافي)
ഇമാം ഇബ്നുൽ ഖയ്യിം (റ) പറഞ്ഞു:ഒരു അടിമ ഖിയാമത്ത് നാളിൽ പർവത സമാനമായ നൻമകളുമായ വരും .. അപ്പോൾ തന്റെ നാവ് (ആ നൻമകളെ) മുഴുവൻ പൊളിച്ച് കളഞ്ഞതായി അവൻ കണ്ടത്തും.
عَنْ عَبْدِ اللَّهِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ”إِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ، وَإِنَّ الْبِرَّ يَهْدِي إِلَى الْجَنَّةِ، وَإِنَّ الرَّجُلَ لَيَصْدُقُ حَتَّى يَكُونَ صِدِّيقًا، وَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ، وَإِنَّ الْفُجُورَ يَهْدِي إِلَى النَّارِ، وَإِنَّ الرَّجُلَ لَيَكْذِبُ، حَتَّى يُكْتَبَ عِنْدَ اللَّهِ كَذَّابًا”
അബ്ദുല്ലഹിബ്‌നുമസ്ഊദ്(റ) നിവേദനം : നബി (സ) പറഞ്ഞു: “സത്യം പറയല്‍ നന്മയിലേക്കും സ്വര്‍ഗത്തിലേക്കും നയിക്കും. ഒരു മനുഷ്യന്‍ സത്യം പറയുന്ന ശീലം വളര്‍ത്തുന്ന പക്ഷം അല്ലാഹുവിങ്കല്‍ അവന്‍ തികഞ്ഞ സത്യസന്ധനായി രേഖപ്പെടുത്തും. കള്ളം പറയുന്ന ശീലം ദുര്‍വൃത്തിയിലേക്കും, ദുര്‍വൃര്‍ത്തി നരകത്തിലേക്കുമാണ് നയിക്കുക. ഒരു മനുഷ്യന്‍ കള്ളം പറയാന്‍ തുടങ്ങിയാല്‍ അവസാനം ഏറ്റവും അധികം കള്ളം പറയുന്നവനായി അവന്റെ പേര് അല്ലാഹുവിങ്കല്‍ രേഖപ്പെടുത്തും” (ബുഖാരി:6094)
സത്യവിശ്വാസികളുടെ സ്വ൪ഗ്ഗവും നരകവും തീരുമാനിക്കപ്പെടുന്നതില്‍ അവന്റെ സംസാരത്തിന് മുഖ്യമായ പങ്കുണ്ടെന്ന് ചുരുക്കം. ഒരു മനുഷ്യന്റെ നാവ് നന്നായാല്‍ അവന്റെ മറ്റ് അവയവങ്ങളും നേരെയാവും, നാവ് മോശമായാല്‍ അവന്റെ മറ്റ് അവയവങ്ങളും മോശമാവും.
അല്ലാഹു അനുഗ്രഹിച്ച് നല്‍കിയിട്ടുള്ള നാവ് കൊണ്ട് മോശം സംസാരിക്കുന്നതിനെ അല്ലാഹുവിന്റെ റസൂല്‍(സ്വ) താക്കീത് ചെയ്തിട്ടുണ്ട്. ഒരിക്കല്‍ പ്രവാചകനോടൊപ്പം യാത്രചെയ്യവേ മുആദ് ഇബ്നു ജബലിന്(റ) ഇസ്ലാം കാര്യങ്ങളേയും പുണ്യ പ്രവൃത്തികളേയും പറഞ്ഞു കൊടുത്ത അല്ലാഹുവിന്റെ റസൂല്‍(സ്വ) അവസാനമായി അദ്ദേഹത്തോട് പറഞ്ഞു:
قَالَ: أَلا أُخبِرُكَ بِملاكِ ذَلِكَ كُلِّهِ ؟ قُلْتُ:بَلَى يَارَسُولَ اللهِ. فَأَخَذَ بِلِسَانِهِ وَقَالَ: كُفَّ عَلَيْكَ هَذَا. قُلْتُ يَانَبِيَّ اللهِ وَإِنَّا لَمُؤَاخَذُونَ بِمَا نَتَكَلَّمُ بِهِ ؟ فَقَالَ: ثَكِلَتْكَ أُمُّكَ يَامُعَاذُ. وَهَلْ يَكُبُّ النَّاسَ فِي النَّارِ عَلَى وُجُوهِهِمْ أَو قَالَ: عَلَى مَنَاخِرِهِمْ إِلاَّ حَصَائِدُ أَلسِنَتِهِمْ
അവകളൊന്നും പാഴാക്കാതെ നിങ്ങള്‍ക്ക് നേടിതരുന്നത് നിങ്ങള്‍ക്ക് നാം അറിയിച്ച് തരട്ടെയോ? ഞാന്‍ [മുആദ് ബിൻ ജബൽ (റ)] പറഞ്ഞു : അതെ, നബിയേ. അപ്പോള്‍ റസൂല്‍(സ്വ) തന്റെ നാവ് പിടിച്ചു. എന്നിട്ട് റസൂല്‍(സ്വ) പറഞ്ഞു: ഇത് നീ പിടിച്ച് നി൪ത്തുക. ഞാന്‍ ചോദിച്ചു: ഞങ്ങള്‍ സംസാരിക്കുന്നതില്‍ ഞങ്ങള്‍ പിടികൂടപ്പെടുമോ? നബി (സ്വ) പറഞ്ഞു:മുആദ്, ജനങ്ങളെ അവരുടെ മുഖങ്ങളില്‍ അല്ലെങ്കില്‍ അവരുടെ മൂക്കുകളില്‍ നരകത്തില്‍ വീഴ്ത്തുന്നത് അവരുടെ നാവുകളുടെ ദുഷ്യസംസാരങ്ങള്‍ മാത്രമാണ് (സുനനുത്തി൪മുദി:2616 )
നാവിന്റെ പ്രവൃത്തികൊണ്ട് ഒരാള്‍ നാശത്തില്‍ അകപ്പെടുമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഇതിനൊരു ഉദാഹരണമാണ് ‘പരദൂഷണം പറയല്‍’. ഒരു സത്യവിശ്വാസിയില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ദു൪ഗുണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ‘പരദൂഷണം പറയല്‍’. തന്റെ സഹോദരനെകുറിച്ച് അവന് ഇഷ്ടമില്ലാത്തത് പറയുന്നതിനെയാണ് ‘പരദൂഷണം’ എന്ന് പറയുന്നത്. ഇസ്ലാം ഏറെ വെറുക്കുന്ന ഒരു കാര്യമാണിത്.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” أَتَدْرُونَ مَا الْغِيبَةُ ” . قَالُوا اللَّهُ وَرَسُولُهُ أَعْلَمُ . قَالَ ” ذِكْرُكَ أَخَاكَ بِمَا يَكْرَهُ ” . قِيلَ أَفَرَأَيْتَ إِنْ كَانَ فِي أَخِي مَا أَقُولُ قَالَ : إِنْ كَانَ فِيهِ مَا تَقُولُ فَقَدِ اغْتَبْتَهُ وَإِنْ لَمْ يَكُنْ فِيهِ فَقَدْ بَهَتَّهُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ ചോദിച്ചു: പരദൂഷണം കൊണ്ടുള്ള വിവക്ഷ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? അല്ലാഹുവും പ്രവാചകനുമാണ് കൂടുതല്‍ അറിയുന്നവര്‍ എന്നദ്ദേഹം മറുപടി പറഞ്ഞു. അവിടുന്ന് അരുളി: നിന്റെ സഹോദരനെകുറിച്ച് അവന് ഇഷ്ടമില്ലാത്തത് പറയലാണത്. അന്നേരം ചോദിക്കപ്പെട്ടു: ഞാന്‍ പറയുന്നത് ഉള്ളതാണെങ്കിലോ? അവിടുന്ന് പറഞ്ഞു: നീ പറയുന്നത് ഉള്ളതാണെങ്കില്‍ നീ പരദൂഷണം പറഞ്ഞു. നീ പറയുന്നത് ഇല്ലാത്തതാണെങ്കില്‍ നീ കളവും പറഞ്ഞു. (മുസ്‌ലിം:2589)
وصية من ذهب للإمام الشافعي :من أحب أن يفتح الله له قلبه أو ينوره، فعليه بترك كثرة الكلام فيما لا يعنيه،وترك الذنوب واجتناب المعاصي،ويكون له فيما بينه وبين الله خبيئة من عمل، فإنه إذا فعل ذلك فتح الله عليه من العلم ما يشغله عن غيره.
ഇമാം _ശാഫിഈرحمه الله യുടെ ഒരു വസിയ്യത്ത്: അല്ലാഹു ആർക്കെങ്കിലും തന്റെ ഹൃദയത്തെ ( നന്മകൾക്കായി ) തുറക്കണമെന്നോ, അതിനെ പ്രകാശിപ്പിക്കണമെന്നോ ആഗ്രഹിക്കുന്നുവെങ്കിൽ അവന്ന് ഗുണം ചെയ്യാത്ത അമിതമായ സംസാരം ഉപേക്ഷിക്കണം.പാപങ്ങൾ ഒഴിവാക്കി തിന്മകളിൽ നിന്നകലണം. അവനും അല്ലാഹുവിനുമിടയിൽ മാത്രമായി ഒതുങ്ങുന്ന ഏതെങ്കിലും രഹസ്യമായ സൽകർമ്മമുണ്ടാകണം .ഇങ്ങനെ ആരെങ്കിലും ചെയ്താൽ (ഗുണകരമല്ലാത്ത) മറ്റെല്ലാത്തിൽ നിന്നും അവനെ പിന്തിരിപ്പിക്കുന്ന വിജ്ഞാനങ്ങൾ നൽകി അല്ലാഹു അവനെ പഠിപ്പിക്കും. (മനാഖിബുശ്ശാഫിഈ :2/172)
قال الماوردي رحمه الله تعالى:القلوب أوعية الأسرار والشفاه أقفالها والألسن مفاتيحها، فليحفظ كل امرئ مفتاح سره
ഇമാം അൽ മാവർദി رحمه الله പറഞ്ഞു:ഹൃദയങ്ങൾ രഹസ്യങ്ങളുടെ സൂക്ഷിപ്പു സ്ഥലങ്ങളാണ്, വായകൾ അവ (രഹസ്യങ്ങൾ) യുടെ താഴുകളും, നാവുകൾ താക്കോലുകളുമാണ്. അതുകൊണ്ട് ഓരോ വ്യക്തികളും തങ്ങളുടെ രഹസ്യത്തിന്റെ താക്കോലിനെ സംരക്ഷിച്ചു കൊള്ളട്ടെ ! (അദബുദ്ദുൻയാ വദ്ദീൻ)
തന്റെ സഹോദരനെ കുറിച്ച് ‘പരദൂഷണം’ പറയുന്നതിനെ, അവന്റെ ശവം തിന്നുന്നതിനോടാണ് വിശുദ്ധ ഖു൪ആന്‍ ഉപമിച്ചിട്ടുള്ളത്.
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ٱﺟْﺘَﻨِﺒُﻮا۟ ﻛَﺜِﻴﺮًا ﻣِّﻦَ ٱﻟﻈَّﻦِّ ﺇِﻥَّ ﺑَﻌْﺾَ ٱﻟﻈَّﻦِّ ﺇِﺛْﻢٌ ۖ ﻭَﻻَ ﺗَﺠَﺴَّﺴُﻮا۟ ﻭَﻻَ ﻳَﻐْﺘَﺐ ﺑَّﻌْﻀُﻜُﻢ ﺑَﻌْﻀًﺎ ۚ ﺃَﻳُﺤِﺐُّ ﺃَﺣَﺪُﻛُﻢْ ﺃَﻥ ﻳَﺄْﻛُﻞَ ﻟَﺤْﻢَ ﺃَﺧِﻴﻪِ ﻣَﻴْﺘًﺎ ﻓَﻜَﺮِﻫْﺘُﻤُﻮﻩُ ۚ ﻭَٱﺗَّﻘُﻮا۟ ٱﻟﻠَّﻪَ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﺗَﻮَّاﺏٌ ﺭَّﺣِﻴﻢٌ
സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍ :49/12)
ഈ പ്രയോഗം തന്നെ ‘പരദൂഷണം’ പറയുന്നതിന്റെ ഗൌരവത്തെ ബോധ്യപ്പെടുത്തുന്നു. നാം പറയുന്ന കാര്യം പരദൂഷണമാകണമെങ്കില്‍ അത് കുറേ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഒരു വലിയ സംസാരമാകണമെന്നില്ല.
പരദൂഷണം പറഞ്ഞു നടന്നാല്‍ പരലോകത്തെത്തുമ്പോള്‍ നമ്മുടെ ക൪മ്മങ്ങളെല്ലാം നഷ്ടപ്പെട്ട അവസ്ഥയായിരിക്കും ഉണ്ടാകുന്നത്.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ أَتَدْرُونَ مَا الْمُفْلِسُ. قَالُوا الْمُفْلِسُ فِينَا مَنْ لاَ دِرْهَمَ لَهُ وَلاَ مَتَاعَ . فَقَالَ: إِنَّ الْمُفْلِسَ مِنْ أُمَّتِي يَأْتِي يَوْمَ الْقِيَامَةِ بِصَلاَةٍ وَصِيَامٍ وَزَكَاةٍ وَيَأْتِي قَدْ شَتَمَ هَذَا وَقَذَفَ هَذَا وَأَكَلَ مَالَ هَذَا وَسَفَكَ دَمَ هَذَا وَضَرَبَ هَذَا فَيُعْطَى هَذَا مِنْ حَسَنَاتِهِ وَهَذَا مِنْ حَسَنَاتِهِ فَإِنْ فَنِيَتْ حَسَنَاتُهُ قَبْلَ أَنْ يُقْضَى مَا عَلَيْهِ أُخِذَ مِنْ خَطَايَاهُمْ فَطُرِحَتْ عَلَيْهِ ثُمَّ طُرِحَ فِي النَّارِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബിﷺ ചോദിച്ചു: ‘പാപ്പരായവര്‍ ആരാണെന്ന് അറിയുമോ?’ സ്വഹാബികള്‍ പറഞ്ഞു: ‘പണവും വിഭവങ്ങും ഇല്ലാത്തവനാണ് പാപ്പരായവന്‍.’ നബിﷺ പറഞ്ഞു: ‘എന്റെ സമുദായത്തിലെ പാപ്പരായവന്‍ ഒരുനാണ്, നമസ്‌കാരവും നോമ്പും സകാത്തുമായി അവന്‍ വരും. പക്ഷേ, അവന്‍ ഒരുത്തനെ ശകാരിച്ചിരിക്കും. മറ്റൊരുത്തനെപ്പറ്റി അപവാദം പറഞ്ഞിരിക്കും. വേറൊരുത്തന്റെ സ്വത്ത് തിന്നിരിക്കും. മറ്റൊരുത്തന്റെ രക്തം ചിന്തിയിരിക്കും. അങ്ങനെ അവര്‍ക്കൊക്കെ അവന്റെ പുണ്യങ്ങളെടുത്തുകൊടുക്കും. അവന്റെ കടം തീരുന്നതിന് മുമ്പ് പുണ്യം കഴിഞ്ഞുപോയാല്‍ അവരുടെ പാപമെടുത്ത് ഇവന് കൊടുക്കും. അങ്ങനെ അവന്‍ നരകത്തില്‍ തള്ളപ്പെടും’. (മുസ്‌ലിം:2581)
നമ്മുടെ പിഴവ് കാരണം നാം സമ്പാദിച്ചതൊക്കെ മറ്റുള്ളവര്‍ കൊണ്ടുപോകുന്ന അവസ്ഥ ഇഹലോകത്ത് പോലും നമുക്ക് അസഹ്യമാണ്. എങ്കില്‍ പരലോകത്ത് നാം നന്മകള്‍ മുഴുവന്‍ നഷ്ടപ്പെട്ട് പാപ്പരായി നരകത്തിലെറിയപ്പെടുമെന്നുള്ള വസ്തുത നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.
عَنْ أَنَسِ بْنِ مَالِكٍ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لَمَّا عُرِجَ بِي مَرَرْتُ بِقَوْمٍ لَهُمْ أَظْفَارٌ مِنْ نُحَاسٍ، يَخْمِشُونَ وُجُوهَهُمْ وَصُدُورَهُمْ، فَقُلْتُ : مَنْ هَؤُلَاءِ يَا جِبْرِيلُ ؟ قَالَ : هَؤُلَاءِ الَّذِينَ يَأْكُلُونَ لُحُومَ النَّاسِ، وَيَقَعُونَ فِي أَعْرَاضِهِمْ
അനസില്‍(റ) നിന്ന് നിവേദനം: റസൂല്‍(സ്വ) പറഞ്ഞു: എനിക്ക് മിഅറാജുണ്ടായപ്പോള്‍ ചെമ്പിന്റെ നഖങ്ങളെക്കൊണ്ട് മുഖവും നെഞ്ചും മാന്തുന്ന ചിലയാളുകളുടെ അടുക്കലൂടെ ഞാന്‍ നടന്നുപോയി. ഞാന്‍ ചോദിച്ചു: ജിബ്രീലേ ആരാണവര്‍ ? ജിബ്രീല്‍ (അ) പറഞ്ഞു: ജനങ്ങളുടെ മാംസം തിന്നുകയും (പരദൂഷണം പറയുകയും) അവരുടെ അഭിമാനത്തിന് ക്ഷതം വരുത്തുകയും ചെയ്തവരാണവര്‍. (അബൂദാവൂദ്:4878)
ﻭَﻳْﻞٌ ﻟِّﻜُﻞِّ ﻫُﻤَﺰَﺓٍ ﻟُّﻤَﺰَﺓٍ
കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം
(ഖു൪ആന്‍ :104/1)
قال الشيخ ابن عثيمين -رحمه الله-: الغيبة من كبائر الذنوب وتتضاعف إثماً وعقوبة كلما ترتب عليها سوء أكثر فغيبة القريب ليست كغيبة البعيد لأن غيبة القريب غيبة وقطيعة رحم وغيبة الجار ليست كغيبة بعيد الدار لأن غيبة الجار منافية لقوله ﷺ ((من كان يؤمن بالله واليوم الآخر فليكرم جاره)).
ശൈഖ് ഇബ്നു ഉഥൈമീൻ (رحمه الله) പറഞ്ഞു:പരദൂഷണം വൻപാപമാണ്. അതിലൂടെ ഉണ്ടാകുന്ന ഉപദ്രവത്തിന്റെ ആധിക്യമനുസരിച്ച് പാപവും കുറ്റവും ഇരട്ടിച്ച് കൊണ്ടിരിക്കും. അപ്പോൾ കുടുംബബന്ധമുള്ളവരെ കുറിച്ച് പരദൂഷണം പറയുന്നത് അപരരെക്കുറിച്ച് പറയുന്നതു പോലെയല്ല. കാരണം ബന്ധുവിനെക്കുറിച്ച് ആകുമ്പോൾ പരദൂഷണവും ഒപ്പം കുടുംബ ബന്ധം മുറിയുകയും ചെയ്യുന്നു എന്ന രണ്ട് പ്രധാന കുറ്റങ്ങൾ ഉണ്ട്.അതുപോലെ തന്നെ അയൽവാസിയെക്കുറിച്ച് പരദൂഷണം പറയുന്നത് വീട്ടിൽ നിന്നും അകലെ താമസിക്കുന്നവനെക്കുറിച്ച് പറയും പോലെയല്ല. കാരണം അയൽവാസിയെ ക്കുറിച്ചുള്ള പരദൂഷണം നബി ﷺ യുടെ ഈ വാക്കിന് എതിരാണ്: “ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ അയൽവാസിയെ ആദരിക്കട്ടെ. [ഫതാവാ നൂറുൻ അലദ്ദർബ്]
ദീനിവിഷയങ്ങളില്‍ താല്പര്യം കാണിക്കുന്ന പലരിലും പരദൂഷണം പറയുന്ന സ്വഭാവം നിലനില്‍ക്കുന്നതായി കാണാം. വ്യഭിചാരം, മദ്യപാനം, പോലെയുള്ള കുറ്റങ്ങളെ ഗൌരവപൂര്‍വ്വം കാണുന്നവര്‍ പോലും പരദൂഷണത്തെ വളരെ ലാഘവത്തോടെയും നിസ്സാരവുമായിട്ടാണ് കാണാറുള്ളത്. അതിന്റെ ഗൌരവം ചിന്തിക്കാത്തതുകൊണ്ടാണ് ആളുകള്‍ അത്തരം പ്രവൃത്തികളില്‍ വ്യാപൃതരാരാകുന്നത്.
സ്വന്തം ന്യൂനതകളെയും ദൌര്‍ബല്യങ്ങളെയും കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുക എന്നതാണ് പരദൂഷണ മനോഭാവത്തില്‍ നിന്ന് രക്ഷ നേടാനുള്ള വഴി. തന്റെ ന്യൂനത എന്താണെന്ന് തിരിച്ചറിയുന്നവന്‍ അപരന്റെ ന്യൂനതകള്‍ അന്വേഷിച്ചു നടക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യില്ല. അതേപോലെ എന്തെങ്കിലും ഒരു വാര്‍ത്ത നാം കേട്ടാല്‍ അതിന്റെ സത്യാവസ്ഥ ബോധ്യപ്പെടാതെ അത് നാം പ്രചരിപ്പിക്കുകയും ചെയ്യരുത്.
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮٓا۟ ﺇِﻥ ﺟَﺎٓءَﻛُﻢْ ﻓَﺎﺳِﻖٌۢ ﺑِﻨَﺒَﺈٍ ﻓَﺘَﺒَﻴَّﻨُﻮٓا۟ ﺃَﻥ ﺗُﺼِﻴﺒُﻮا۟ ﻗَﻮْﻣًۢﺎ ﺑِﺠَﻬَٰﻠَﺔٍ ﻓَﺘُﺼْﺒِﺤُﻮا۟ ﻋَﻠَﻰٰ ﻣَﺎ ﻓَﻌَﻠْﺘُﻢْ ﻧَٰﺪِﻣِﻴﻦَ
സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.(ഖു൪ആന്‍ :49/6)
“عَنْ أَبِي هُرَيْرَةَ – أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ :”كَفَى بِالْمَرْءِ إِثْمًا أَنْ يُحَدِّثَ بِكُلِّ مَا سَمِعَ
അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു : താന്‍ കേട്ടതെല്ലാം പറഞ്ഞു നടക്കുക എന്നത് തന്നെ ഒരാളില്‍ മതിയായ പാപമാണ് (മുസ്‌ലിം:4992)
അതേപോലെ മറ്റൊരാളെ പരിഹസിക്കുന്നതും ചീത്തപ്പേര് വിളിക്കുന്നതും കടുത്ത ദ്രോഹമാണെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്.
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻻَ ﻳَﺴْﺨَﺮْ ﻗَﻮْﻡٌ ﻣِّﻦ ﻗَﻮْﻡٍ ﻋَﺴَﻰٰٓ ﺃَﻥ ﻳَﻜُﻮﻧُﻮا۟ ﺧَﻴْﺮًا ﻣِّﻨْﻬُﻢْ ﻭَﻻَ ﻧِﺴَﺎٓءٌ ﻣِّﻦ ﻧِّﺴَﺎٓءٍ ﻋَﺴَﻰٰٓ ﺃَﻥ ﻳَﻜُﻦَّ ﺧَﻴْﺮًا ﻣِّﻨْﻬُﻦَّ ۖ ﻭَﻻَ ﺗَﻠْﻤِﺰُﻭٓا۟ ﺃَﻧﻔُﺴَﻜُﻢْ ﻭَﻻَ ﺗَﻨَﺎﺑَﺰُﻭا۟ ﺑِﭑﻷَْﻟْﻘَٰﺐِ ۖ ﺑِﺌْﺲَ ٱﻟِﭑﺳْﻢُ ٱﻟْﻔُﺴُﻮﻕُ ﺑَﻌْﺪَ ٱﻹِْﻳﻤَٰﻦِ ۚ ﻭَﻣَﻦ ﻟَّﻢْ ﻳَﺘُﺐْ ﻓَﺄُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟﻈَّٰﻠِﻤُﻮﻥَ
സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര് (വിളിക്കുന്നത്) എത്ര ചീത്ത. വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍.(ഖു൪ആന്‍ :49/11)
“قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: “مِنْ حُسْنِ إِسْلَامِ المَرْءِ تَرْكُهُ مَا لَا يَعْنِيهِ
അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: ഒരാളുടെ ഇസ്ലാമിന്റെ നന്‍മയില്‍ പെട്ടതാണ് തനിക്ക് ആവശ്യമില്ലാത്തത് ഉപേക്ഷിക്കുക എന്നത്. (സുനനുത്തി൪മിദി:2317)
പരദൂഷണത്തെപോലെ നാവ് കൊണ്ടുള്ള മറ്റൊരു തിന്‍മയാണ് ‘ഏഷണി പറയുക’ എന്നുള്ളത്. ഏഷണി എന്നാല്‍ ജനമനസ്സുകളെ കള്ളക്കഥകള്‍ പറഞ്ഞ് വശ്വസിപ്പിച്ച് തെറ്റിക്കലാണ്.
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ قَالَ : إِنَّ مُحَمَّدًا صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : أَلَا أُنَبِّئُكُمْ مَا الْعَضْهُ ؟ هِيَ النَّمِيمَةُ
ഇബ്‌നു മസ്ഊദിൽ(റ) നിന്ന് നിവേദനം: മുഹമ്മദ് (സ്വ) പറഞ്ഞു: അപവാദം എന്താണെന്ന് ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ? ഏഷണി പ്രചരിപ്പിക്കലാണത്. (മുസ്‌ലിം: 2606)
عَنْ حُذَيْفَةُ عَنِ النَّبِيِّ صلى الله عليه وسلم قَالَ : للاَ يَدْخُلُ الْجَنَّةَ نَمَّامٌ
ഹുദൈഫയില്‍(റ) നിന്ന് നിവേദനം. : നബി(സ്വ) പറഞ്ഞു: ഏഷണിക്കാരൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. (മുസ്‌ലിം : 105)
സത്യവിശ്വാസികളില്‍ പരദൂഷണം, ഏഷണി, പരിഹാസം, പരനിന്ദ തുടങ്ങി ഇത്തരം ദുര്‍ഗുണങ്ങള്‍ കാണപ്പെടാന്‍ പാടില്ല.
عن أبي موسى الأشعري قال: قلتُ يا رسولُ اللّه، أيُّ المسلمين أفضلُ؟ قال: مَنْ سَلِمَ المُسْلِمُونَ مِنْ لِسانِهِ وَيَدِهِ
അബൂ മൂസല്‍ അശ്അരി(റ) പറയുന്നു: ഞാന്‍ പ്രവാചകനോട്(സ്വ) ചോദിച്ചു: അല്ലയോ പ്രവാചകരേ, ഏറ്റവും ശ്രേഷ്ഠനായ മുസ്‌ലിം ആരാണ് ? പ്രവാചകന്‍(സ്വ) പറഞ്ഞു: ഏതൊരാളുടെ നാവില്‍ നിന്നും, കയ്യില്‍ നിന്നും മറ്റു മുസ്ലിംകള്‍ രക്ഷപ്പെടുന്നുവോ അവനാകുന്നു ഏറ്റവും ശ്രേഷ്ഠനായ മുസ്‌ലിം. (ബുഖാരി:11)
عَنْ عُقْبَةَ بْنِ عَامِرٍ، قَالَ قُلْتُ يَا رَسُولَ اللَّهِ مَا النَّجَاةُ قَالَ :أَمْسِكْ عَلَيْكَ لِسَانَكَ وَلْيَسَعْكَ بَيْتُكَ وَابْكِ عَلَى خَطِيئَتِكَ
ഇക്വ്‌ബ ഇബ്നു ആമിറി(റ)ൽ നിന്ന് നിവേദനം: ഞാൻ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, എന്താണ് രക്ഷാമാർഗ്ഗം?” തിരുമേനി ﷺ മറുപടി പറഞ്ഞു: “നിന്റെ നാവിനെ നിയന്ത്രിക്കുക, നിനക്ക് നിന്റെ വീട് മതിയാവുക, ചെയ്തുപോയ പാപങ്ങളെ ഓർത്ത് കരയുക: ഇവയാണ് രക്ഷാമാർഗം” (സുനനുത്തി൪മിദി: 2406)