വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ കലാം (സംസാരം) ആണ്. അന്ത്യപ്രവാചകനായ മുഹമ്മദ് നബി ﷺ ക്ക് ജിബ്‌രീല്‍ എന്ന മലക്ക് മുഖാന്തിരമാണ് അത് അവതരിച്ചിട്ടുള്ളത്.
وَإِنَّهُۥ لَتَنزِيلُ رَبِّ ٱلْعَٰلَمِينَ
نَزَلَ بِهِ ٱلرُّوحُ ٱلْأَمِينُ
عَلَىٰ قَلْبِكَ لِتَكُونَ مِنَ ٱلْمُنذِرِين
بِلِسَانٍ عَرَبِىٍّ مُّبِينٍ
തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വസ്താത്മാവ് (ജിബ്‌രീല്‍) അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു. (മുഹമ്മദ് നബിയേ)നിന്റെ ഹൃദയത്തിലാണ് (അത് ഇറക്കി തന്നിട്ടുള്ളത്). നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്. സ്പഷ്ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്).
(ഖു൪ആന്‍ :26/192-195)
ഖുര്‍ആന്‍ ലോകത്തിന് മുന്നില്‍ അതിശക്തമായ വെല്ലുവിളി സമര്‍പ്പിച്ചിട്ടുണ്ട്. ഖുര്‍ആന്‍ ഇറങ്ങിയ ആദ്യ കാലഘട്ടത്തില്‍ തന്നെ നടത്തിയ ഈ വെല്ലുവിളി നേരിടാന്‍ ഇതുവരെ ആര്‍ക്കും സാധ്യമായിട്ടില്ല. ഇന്നും ആ വെല്ലുവിളി അജയ്യമായി നിലനില്‍ക്കുന്നു.
വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ സംസാരമല്ലെന്നും, അത് മുഹമ്മദ് നബി ﷺ കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നുമാണ് മക്കയിലെ മുശ്’രിക്കുകളും സത്യനിഷേധികളും പ്രചരിപ്പിച്ച് നടന്നത്. അത് അല്ലാഹുവില്‍ നിന്നുള്ളതല്ലെന്നും മുഹമ്മദ് നബി ﷺ കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നും ആ൪ക്കെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ ഇതുപോലുള്ള ഒരു ഖുര്‍ആന്‍ കൊണ്ടുവരട്ടെയെന്ന് ഖുര്‍ആന്‍ വെല്ലുവിളിച്ചു.
أَمْ يَقُولُونَ تَقَوَّلَهُۥ ۚ بَل لَّا يُؤْمِنُونَ
فَلْيَأْتُوا۟ بِحَدِيثٍ مِّثْلِهِۦٓ إِن كَانُوا۟ صَٰدِقِينَ
അതല്ല, അദ്ദേഹം (നബി) അത്(ഖു൪ആന്‍) കെട്ടിച്ചമച്ചു പറഞ്ഞതാണ് എന്ന് അവര്‍ പറയുകയാണോ? അല്ല, അവര്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ അവര്‍ സത്യവാന്‍മാരാണെങ്കില്‍ ഇതു പോലുള്ള ഒരു വൃത്താന്തം അവര്‍ കൊണ്ടുവരട്ടെ. (ഖുര്‍ആന്‍: 52/33-34)
മക്കയിലായിരുന്നു ഈ വെല്ലുവിളി. കാരണം യൂനുസ്, ഹൂദ്, ത്വൂര്‍ എന്നീ സൂറത്തുകള്‍ മക്കയില്‍ അവതീര്‍ണമായവയാണ്. ഹിജ്‌റക്ക് ശേഷം മദീനയിലും വെല്ലുവിളി ആവര്‍ത്തിച്ചു.
എന്നാല്‍ ഖു൪ആന്‍ പോലെയുള്ള ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ അക്കാല ഘട്ടത്തിലെ സാഹിത്യകാരന്മാ൪ക്കോ വിമ൪ശകന്‍മാ൪ക്കോ കഴിഞ്ഞില്ല. മനുഷ്യവര്‍ഗവും, ജിന്ന് വര്‍ഗവും കൂടി ഒത്തൊരുമിച്ചു പരസ്‌പരം സഹായം നല്‍കിക്കൊണ്ടായാല്‍പോലും ഇത് പോലെയുള്ള ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ കഴിയില്ലെന്ന് ഖു൪ആന്‍ പ്രഖ്യാപിക്കുകയും ചെയ്തു.
قُل لَّئِنِ ٱجْتَمَعَتِ ٱلْإِنسُ وَٱلْجِنُّ عَلَىٰٓ أَن يَأْتُوا۟ بِمِثْلِ هَٰذَا ٱلْقُرْءَانِ لَا يَأْتُونَ بِمِثْلِهِۦ وَ لَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا
(നബിയേ,) പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട് വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും. (ഖുര്‍ആന്‍:17/88)
ഖുര്‍ആനിന് തുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരുന്നതിന് വേണ്ടിയുള്ള വെല്ലുവിളിക്ക് മുമ്പില്‍ എല്ലാ സാഹിത്യകാരന്മാരും വിമ൪ശകന്‍മാരും പരാജയപ്പെട്ടു. എങ്കിലും ഖുര്‍ആന്‍ കെട്ടിച്ചമച്ചതാണെന്നും മാരണമാണെന്നും അവ൪ പിന്നേയും പ്രചരിപ്പിച്ചു കൊണ്ടേയിരുന്നു. അവ൪ക്ക് ഖു൪ആന്‍ പോലെയുള്ള ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ കഴിയില്ലെങ്കില്‍ ഖു൪ആനിലുള്ളതു പോലുള്ള പത്ത് അദ്ധ്യായങ്ങള്‍ ചമച്ചുണ്ടാക്കി കൊണ്ടുവരാന്‍ ഖു൪ആന്‍ വീണ്ടും വെല്ലുവിളിച്ചു. അതിനുവേണ്ടി അല്ലാഹുവിന് പുറമെ അവ൪ക്ക് സാധിക്കുന്നവരെയെല്ലാം സഹായത്തിന് വിളിച്ചുകൊള്ളാനും പ്രഖ്യാപിച്ചു.
أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ فَأْتُوا۟ بِعَشْرِ سُوَرٍ مِّثْلِهِۦ مُفْتَرَيَٰتٍ وَٱدْعُوا۟ مَنِ ٱسْتَطَعْتُم مِّن دُونِ ٱللَّهِ إِن كُنتُمْ صَٰدِقِينَ
അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്? പറയുക: എന്നാല്‍ ഇതുപേലെയുള്ള പത്ത് അദ്ധ്യായങ്ങള്‍ ചമച്ചുണ്ടാക്കിയത് നിങ്ങള്‍ കൊണ്ട് വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങള്‍ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍. (ഖുര്‍ആന്‍: 11/13)
ഖുര്‍ആനിലെ പത്ത് അധ്യായങ്ങള്‍ക്ക് തുല്യമായ അദ്ധ്യായങ്ങളെങ്കിലും രചിച്ചുകൊണ്ട് ഖു൪ആന്‍ മനുഷ്യനിര്‍മിതമാണെന്ന വാദം സ്ഥാപിക്കുവാനുള്ള ഖുര്‍ആനിന്റെ വെല്ലുവിളിക്ക് ഉത്തരം നല്‍കാന്‍ ആ൪ക്കും കഴിഞ്ഞില്ല. എങ്കിലും ഖുര്‍ആന്‍ കെട്ടിച്ചമച്ചതാണെന്നും മാരണമാണെന്നും അവ൪ പിന്നേയും പ്രചരിപ്പിച്ചു കൊണ്ടേയിരുന്നു. അവ൪ക്ക് ഖു൪ആനിലുള്ളതു പോലുള്ള പത്ത് അദ്ധ്യായങ്ങള്‍ ചമച്ചുണ്ടാക്കി കൊണ്ടുവരാന്‍ കഴിയില്ലെങ്കില്‍ ഖു൪ആനിലുള്ളതു പോലുള്ള ഒരു അദ്ധ്യായമെങ്കിലും ചമച്ചുണ്ടാക്കി കൊണ്ടുവരാന്‍ ഖു൪ആന്‍ വീണ്ടും വെല്ലുവിളിച്ചു. അതിനുവേണ്ടി അല്ലാഹുവിന് പുറമെ അവ൪ക്ക് സാധിക്കുന്നവരെയെല്ലാം സഹായത്തിന് വിളിച്ചുകൊള്ളാനും പ്രഖ്യാപിച്ചു.
أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ فَأْتُوا۟ بِسُورَةٍ مِّثْلِهِۦ وَٱدْعُوا۟ مَنِ ٱسْتَطَعْتُم مِّن دُونِ ٱللَّهِ إِن كُنتُمْ صَٰدِقِينَ
അതല്ല, അദ്ദേഹം (നബി) അത് കെട്ടിച്ചമച്ചതാണ് എന്നാണോ അവര്‍ പറയുന്നത്? (നബിയേ,) പറയുക: എന്നാല്‍ അതിന്ന് തുല്യമായ ഒരു അദ്ധ്യായം നിങ്ങള്‍ കൊണ്ടു വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍. (ഖുര്‍ആന്‍: 10/38)
ഖുര്‍ആന്‍ അവസാന നാളുവരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള ദൃഷ്ടാന്തമായതുകൊണ്ടുതന്നെ മുഴുവന്‍ മാനവ സമൂഹത്തോടുമായി ഖു൪ആന്‍ ഈ വെല്ലുവിളി ആവ൪ത്തിക്കുകയും ചെയ്തു.
وَإِن كُنتُمْ فِى رَيْبٍ مِّمَّا نَزَّلْنَا عَلَىٰ عَبْدِنَا فَأْتُوا۟ بِسُورَةٍ مِّن مِّثْلِهِۦ وَٱدْعُوا۟ شُهَدَآءَكُم مِّن دُونِ ٱللَّهِ إِن كُنتُمْ صَٰدِقِينَ
നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുര്‍ആനിനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേതുപോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ (അതാണല്ലോ വേണ്ടത്). (ഖുര്‍ആന്‍: 2/23)
ഖു൪ആനിലുള്ളതു പോലുള്ള ഒരു അദ്ധ്യായമെങ്കിലും ചമച്ചുണ്ടാക്കി കൊണ്ടുവരാന്‍ മുഴുവന്‍ മാനവ സമൂഹത്തോടുമായി ഖു൪ആന്‍ വെല്ലുവിളി നടത്തിയിട്ടും ഇന്നുവരെയും ഖു൪ആനിന്റെ ഈ വെല്ലുവിളി ഏറ്റെടുത്ത് ഇതു പോലെയുള്ള ഒരു അദ്ധ്യായമെങ്കിലും ചമച്ച് കൊണ്ടുവരാന്‍ ആ൪ക്കും കഴിഞ്ഞിട്ടില്ല. ലോകത്തിലുള്ള മുഴുവന്‍ സൃഷ്ടികളും ഒരുമിച്ചു കൂടിയാല്‍ പോലും ഖുര്‍ആനിലെ ഏറ്റവും ചെറിയ അധ്യായതിന് തുല്യമായ ഒരു അദ്ധ്യായം പോലും കൊണ്ടുവരാന്‍ കഴിയില്ലെന്നതാണ് ഈ വെല്ലുവിളിയിലൂടെ ഖു൪ആന്‍ പ്രഖ്യാപിക്കുന്നത്. മാനവരാശിയുടെ കര്‍ണപുടങ്ങളില്‍ ഖുര്‍ആനിന്റെ വെല്ലുവിളി അലച്ചുകൊണ്ടിരിക്കുന്നു. ലോകാവസാനംവരെ ഈ വെല്ലുവിളി ഖു൪ആനില്‍ അതേപടി അവശേഷിക്കുകതന്നെ ചെയ്യും. മറ്റു വേദഗ്രന്ഥങ്ങളുടെ ഭാഷകളെപ്പോലെ ഖുര്‍ആനിന്റെ ഭാഷ ഒരു നിര്‍ജ്ജീവ ഭാഷയല്ല. അത് ഇന്നും നിലനില്‍ക്കുന്ന അനേകം രാജ്യങ്ങളിലെ കോടികണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന സംസാരഭാഷയാണ്. എന്നിട്ടും ആ൪ക്കുംതന്നെ ഖുര്‍ആനിന്റെ ഈ വെല്ലുവിളിക്കു മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല, ഇനിയൊട്ട് കഴിയുകയുമില്ല. ഖുര്‍ആന്‍ അല്ലാഹുവില്‍ നിന്നുള്ളതായതിനാലാണ് അതുപോലെയുള്ള ഒരു ഗ്രന്ഥമോ അദ്ധ്യായമോ കൊണ്ടു വരുവാന്‍ ആര്‍ക്കും കഴിയാത്തത്.
ഖുര്‍ആന്‍ കേവലമായ ഒരു മാനുഷിക രചനയായിരുന്നെങ്കില്‍ ഇത്തരമൊരു വെല്ലുവിളി നടത്താന്‍ ഖുർആനിന് സാധിക്കുമായിരുന്നില്ല. മനുഷ്യര്‍ മുഴുവന്‍ ഒന്നിച്ചു ചേര്‍ന്നാല്‍ പോലും തന്റെ രചനയിലെ ഒരു അധ്യായത്തിനു തുല്യമായ ഒരെണ്ണം കൊണ്ടുവരാന്‍ കഴിയില്ലെന്ന് പറയാന്‍ ഒരു മനുഷ്യനും ധൈര്യം വരില്ല. ഈ വെല്ലുവിളിയിലൂടെ ഖുര്‍ആനിന്റെ അമാനുഷികത പ്രകടമാക്കപ്പെടുകയാണ് ചെയ്യുന്നത്. അതിന് മനുഷ്യ൪ക്ക് കഴിയാത്ത സാഹചര്യത്തില്‍ അവ൪ അത് അല്ലാഹുവില്‍ നിന്നുള്ളതാണെന്ന് തിരിച്ചറിയണമെന്നും അവനെമാത്രം ആരാധിക്കുന്നവരായിതീരണമെന്നും ഖു൪ആന്‍ പ്രഖ്യാപിക്കുന്നു. ഈ വെല്ലുവിളിയെ നേരിടുവാന്‍ കഴിയുകയില്ലെന്ന് ബോദ്ധ്യമായിട്ടും അല്ലാഹുവിലേക്ക് മടങ്ങാത്തപക്ഷം അതികഠിനമായ നരകശിക്ഷക്ക് തയ്യാറായിക്കൊള്ളണമെന്നൊരു കനത്ത താക്കീതും നല്‍കിയിരിക്കുന്നു.
فَإِلَّمْ يَسْتَجِيبُوا۟ لَكُمْ فَٱعْلَمُوٓا۟ أَنَّمَآ أُنزِلَ بِعِلْمِ ٱللَّهِ وَأَن لَّآ إِلَٰهَ إِلَّا هُوَ ۖ فَهَلْ أَنتُم مُّسْلِمُونَ
അവരാരും നിങ്ങളുടെ വിളിക്ക് ഉത്തരം നല്‍കിയില്ലെങ്കില്‍, അല്ലാഹുവിന്റെ അറിവോട് കൂടി മാത്രമാണ് ഇത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും, അവനല്ലാതെ യാതൊരു ആരാധ്യനുമില്ലെന്നും നിങ്ങള്‍ മനസ്സിലാക്കുക. ഇനിയെങ്കിലും നിങ്ങള്‍ കീഴ്പെടാന്‍ സന്നദ്ധരാണോ? (ഖുര്‍ആന്‍: 11/14)
فَإِن لَّمْ تَفْعَلُوا۟ وَلَن تَفْعَلُوا۟ فَٱتَّقُوا۟ ٱلنَّارَ ٱلَّتِى وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ ۖ أُعِدَّتْ لِلْكَٰفِرِينَ
നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ (ഖു൪ആനിലുള്ളതു പോലുള്ള ഒരു അദ്ധ്യായമെങ്കിലും ചമച്ചുണ്ടാക്കി കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍), നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ലതന്നെ. മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്.
(ഖുര്‍ആന്‍: 2/24)
നിങ്ങളത് ചെയ്തില്ലെങ്കില്‍ ഇനി ഒരിക്കലുമതിന് സാധ്യമല്ല. അതെ, ഭാവികാലത്ത് ഒരിക്കലും അതുപോലൊരു സൂറത്ത് കൊണ്ടുവരാന്‍ സാധ്യമല്ല.
قُلْ فَأْتُوا۟ بِكِتَٰبٍ مِّنْ عِندِ ٱللَّهِ هُوَ أَهْدَىٰ مِنْهُمَآ أَتَّبِعْهُ إِن كُنتُمْ صَٰدِقِينَ
فَإِن لَّمْ يَسْتَجِيبُوا۟ لَكَ فَٱعْلَمْ أَنَّمَا يَتَّبِعُونَ أَهْوَآءَهُمْ ۚ وَمَنْ أَضَلُّ مِمَّنِ ٱتَّبَعَ هَوَىٰهُ بِغَيْرِ هُدًى مِّنَ ٱللَّهِ ۚ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّٰلِمِينَ
(നബിയേ,) പറയുക: എന്നാല്‍ അവ രണ്ടിനെക്കാളും നേര്‍വഴി കാണിക്കുന്നതായ ഒരു ഗ്രന്ഥം അല്ലാഹുവിന്‍റെ പക്കല്‍ നിന്ന് നിങ്ങള്‍ കൊണ്ട് വരൂ; ഞാനത് പിന്‍പറ്റിക്കൊള്ളാം. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍. ഇനി നിനക്ക് അവര്‍ ഉത്തരം നല്‍കിയില്ലെങ്കില്‍ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവര്‍ പിന്തുടരുന്നത് എന്ന് നീ അറിഞ്ഞേക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു മാര്‍ഗദര്‍ശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടര്‍ന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
(ഖുര്‍ആന്‍: 28/49-50)