സ്വദഖ; നാം അറിയേണ്ടത്

THADHKIRAH

അല്ലാഹു ഏറെ ഇഷ്ടപ്പെടുന്ന സല്‍കര്‍മങ്ങളിലൊന്നാണ് ദാനധ൪മ്മം. ഇക്കാര്യം നിര്‍ബന്ധ സ്വരത്തിലും (സക്കാത്ത്) പ്രോല്‍സാഹന രൂപത്തിലും (സ്വദഖ) ഇസ്‌ലാം ലോകത്തെ പഠിപ്പിക്കുന്നു. പണം മാത്രമല്ല വസ്തുക്കളും സേവനങ്ങളുമെല്ലാം സ്വദഖയുടെ വിശാല വിവക്ഷയില്‍ പെടുന്നു. ആപേക്ഷികമായി പണത്തിന് കൂടുതല്‍ സ്ഥാനമുണ്ടെന്ന് മാത്രം.

സമ്പത്ത് ചെലവഴിക്കുന്നത് സ്വന്തം ജീവിതാവശ്യങ്ങള്‍ പൂ൪ത്തീകരിക്കുന്നതിനോ, സകുടുംബത്തെ പരിപാലിച്ച് വള൪ത്തുന്നതിനോ, ബന്ധുക്കളേയും അയല്‍വാസികളേയും സഹായിക്കുന്നതിനോ, അഗതികളെ സംരക്ഷിക്കുന്നതിനോ, പൊതു നന്‍മക്കായുള്ള പ്രവ൪ത്തനങ്ങള്‍ക്കോ, ദീൻ പ്രചരിപ്പിക്കുന്നതിന്റേയും ധ൪മ്മസമരത്തിന്റേയും ലക്ഷ്യങ്ങള്‍ നേടുന്നതിനോ  തുടങ്ങി എന്തിന് വേണ്ടിയുമാകട്ടെ അല്ലാഹുവിന്റെ നിയമനി൪ദ്ദേശങ്ങള്‍ അനുസരിച്ചും അവന്റെ പ്രീതി മാത്രം ഉദ്ദേശിച്ചുമാണെങ്കില്‍ അതെല്ലാം ‘അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍’ എന്നതില്‍ ഉള്‍പ്പെടുന്നു.

ധനം (സമ്പത്ത്‌) ചെലവഴിക്കുന്നതിനെപ്പറ്റിയും അത്‌ സമ്പാദിക്കുന്നതിനെപ്പറ്റിയുമെല്ലാം ഇസ്‌ലാമില്‍ കൃത്യമായ നിയമ നിര്‍ദേശങ്ങളുണ്ട്‌. ധനം കണക്കില്ലാതെ ധൂര്‍ത്തടിച്ച് കളയുന്നതിനെ വിരോധിക്കുന്ന മതം, സമ്പത്ത്‌ ചെലവഴിക്കാതെ സൂക്ഷിച്ച് വെക്കുന്നതിനെ താക്കീത് ചെയ്യുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇഫ്‌റാത്തും (ധനം അമിതമായി ചെലവഴിക്കല്‍) തഫ്‌രീത്തും (ധനം ഒട്ടും ചെലവഴിക്കാതിരിക്കല്‍) ഇസ്‌ലാം നിരുത്സാഹപ്പെടുത്തിയതായി കാണാം.

ﻭَﻻَ ﺗَﺠْﻌَﻞْ ﻳَﺪَﻙَ ﻣَﻐْﻠُﻮﻟَﺔً ﺇِﻟَﻰٰ ﻋُﻨُﻘِﻚَ ﻭَﻻَ ﺗَﺒْﺴُﻄْﻬَﺎ ﻛُﻞَّ ٱﻟْﺒَﺴْﻂِ ﻓَﺘَﻘْﻌُﺪَ ﻣَﻠُﻮﻣًﺎ ﻣَّﺤْﺴُﻮﺭًا

നിന്റെ കൈ നീ പിരടിയിലേക്ക് ബന്ധിക്കപ്പെട്ടതാക്കരുത്‌. അത് (കൈ) മുഴുവനായങ്ങ് നീട്ടിയിടുകയും ചെയ്യരുത്‌. അങ്ങനെ ചെയ്യുന്ന പക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കേണ്ടിവരും.  (ഖു൪ആന്‍:17/29)

ആവശ്യത്തിന്‌ പോലും ധനം ചിലവഴിക്കാതെ പിശുക്ക്‌ പിടിക്കരുതെന്നത്രെ, കൈ പിരടിയിലേക്ക്‌ ബന്ധിക്കപ്പെട്ടതാക്കരുത്‌ എന്ന്‌ പറഞ്ഞതിന്റെ താല്‍പര്യം. ആവശ്യവും കഴിവും നോക്കാതെ അമിതവ്യയം ചെയ്യരുതെന്നത്രെ കൈ മുഴുവനും അങ്ങ്‌ നീട്ടരുത്‌ എന്ന്‌ പറഞ്ഞതിന്റെ ഉദ്ദേശ്യം.

റഹ്’മാന്‍ ആയ റബ്ബിന്റെ ഇഷ്‌ട ദാസന്മാരുടെ ഗുണങ്ങള്‍ വിവരിക്കുന്ന ഭാഗത്ത് അവരുടെ ഒരു ഗുണമായി അല്ലാഹു എടുത്തു പറ‍ഞ്ഞിട്ടുള്ളത്, അവ൪ ചെലവ് ചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാത്തവരാണെന്നാണ്.

ﻭَٱﻟَّﺬِﻳﻦَ ﺇِﺫَآ ﺃَﻧﻔَﻘُﻮا۟ ﻟَﻢْ ﻳُﺴْﺮِﻓُﻮا۟ ﻭَﻟَﻢْ ﻳَﻘْﺘُﺮُﻭا۟ ﻭَﻛَﺎﻥَ ﺑَﻴْﻦَ ﺫَٰﻟِﻚَ ﻗَﻮَاﻣًﺎ

ചെലവ് ചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കി പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍ (റഹ്’മാന്‍ ആയ റബ്ബിന്റെ അടിമകള്‍)   (ഖു൪ആന്‍:25/ 67)

ധനം ധനികന്‍മാരുടെ ഇടയില്‍ മാത്രം കൈമാറപ്പെടുന്ന ഒരു വസ്തു ആകാതിരിക്കാനാണ് അല്ലാഹു ദാനധര്‍മ്മങ്ങള്‍ സംവിധാനിച്ചിട്ടുള്ളത്.

ﻣَّﺎٓ ﺃَﻓَﺎٓءَ ٱﻟﻠَّﻪُ ﻋَﻠَﻰٰ ﺭَﺳُﻮﻟِﻪِۦ ﻣِﻦْ ﺃَﻫْﻞِ ٱﻟْﻘُﺮَﻯٰ ﻓَﻠِﻠَّﻪِ ﻭَﻟِﻠﺮَّﺳُﻮﻝِ ﻭَﻟِﺬِﻯ ٱﻟْﻘُﺮْﺑَﻰٰ ﻭَٱﻟْﻴَﺘَٰﻤَﻰٰ ﻭَٱﻟْﻤَﺴَٰﻜِﻴﻦِ ﻭَٱﺑْﻦِ ٱﻟﺴَّﺒِﻴﻞِ ﻛَﻰْ ﻻَ ﻳَﻜُﻮﻥَ ﺩُﻭﻟَﺔًۢ ﺑَﻴْﻦَ ٱﻷَْﻏْﻨِﻴَﺎٓءِ ﻣِﻨﻜُﻢْ

അല്ലാഹു അവന്റെ റസൂലിന് വിവിധ രാജ്യക്കാരില്‍ നിന്ന് കൈവരുത്തി കൊടുത്തതെന്തോ അത് അല്ലാഹുവിനും റസൂലിനും അടുത്ത കുടുംബങ്ങള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമുള്ളതാകുന്നു. അത് (ധനം) നിങ്ങളില്‍ നിന്നുള്ള ധനികന്‍മാര്‍ക്കിടയില്‍ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാവാതിരിക്കാന്‍ വേണ്ടിയാണത്‌. (ഖു൪ആന്‍:59/7)

വിശുദ്ധ ഖു൪ആനില്‍ സമ്പത്തിനെ കുറിച്ച് പറയുന്ന ഭാഗത്ത് അത് അല്ലാഹു നല്‍കിയതാണെന്നാണ് പറയുന്നത്.

ﻭَﺇِﺫَا ﻗِﻴﻞَ ﻟَﻬُﻢْ ﺃَﻧﻔِﻘُﻮا۟ ﻣِﻤَّﺎ ﺭَﺯَﻗَﻜُﻢُ ٱﻟﻠَّﻪُ ﻗَﺎﻝَ ٱﻟَّﺬِﻳﻦَ ﻛَﻔَﺮُﻭا۟ ﻟِﻠَّﺬِﻳﻦَ ءَاﻣَﻨُﻮٓا۟ ﺃَﻧُﻄْﻌِﻢُ ﻣَﻦ ﻟَّﻮْ ﻳَﺸَﺎٓءُ ٱﻟﻠَّﻪُ ﺃَﻃْﻌَﻤَﻪُۥٓ ﺇِﻥْ ﺃَﻧﺘُﻢْ ﺇِﻻَّ ﻓِﻰ ﺿَﻠَٰﻞٍ ﻣُّﺒِﻴﻦٍ

നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കൂ എന്ന് അവരോട് പറയപ്പെട്ടാല്‍ അവിശ്വാസികള്‍ വിശ്വാസികളോട് പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ തന്നെ ഭക്ഷണം നല്‍കുമായിരുന്ന ആളുകള്‍ക്ക് ഞങ്ങള്‍ ഭക്ഷണം നല്‍കുകയോ? നിങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയാകുന്നു.   (ഖു൪ആന്‍:36/47)

ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺘْﻠُﻮﻥَ ﻛِﺘَٰﺐَ ٱﻟﻠَّﻪِ ﻭَﺃَﻗَﺎﻣُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﻭَﺃَﻧﻔَﻘُﻮا۟ ﻣِﻤَّﺎ ﺭَﺯَﻗْﻨَٰﻬُﻢْ ﺳِﺮًّا ﻭَﻋَﻼَﻧِﻴَﺔً ﻳَﺮْﺟُﻮﻥَ ﺗِﺠَٰﺮَﺓً ﻟَّﻦ ﺗَﺒُﻮﺭَ

തീര്‍ച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും, നമസ്കാരം മുറ പോലെ നിര്‍വഹിക്കുകയും, നാം അവ൪ക്ക് കൊടുത്തിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു.    (ഖു൪ആന്‍:35/29)

സമ്പത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ അല്ലാഹുവാണ്. അത് കൈകാര്യം ചെയ്യാനുള്ള താല്‍ക്കാലികമായ അവകാശവും അവസരവും മനുഷ്യന് അല്ലാഹു നല്‍കിയിട്ടുണ്ടെന്ന് മാത്രം. സമ്പത്ത് അല്ലാഹു നല്‍കിയതു കൊണ്ട് തന്നെ അവന്റെ നിയമങ്ങള്‍ക്ക് വിധേയമായിട്ടാണ് അത് ചിലവഴിക്കേണ്ടത്.

عَنْ أَبِي بَرْزَةَ الأَسْلَمِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ عُمْرِهِ فِيمَا أَفْنَاهُ وَعَنْ عِلْمِهِ فِيمَا فَعَلَ وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَا أَنْفَقَهُ وَعَنْ جِسْمِهِ فِيمَا أَبْلاَهُ ‏‏

അബൂബർസയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തന്റെ ആയുസ്സ് എന്തിലാണ് വിനിയോഗിച്ചതെന്നും. തന്റെ അറിവ് കൊണ്ട് എന്താണ്‌ പ്രവർത്തിച്ചതെന്നും തന്റെ സമ്പത്ത് എവിടെനിന്നാണ് സമ്പാദിച്ചതെന്നും, എന്തിലാണ് ചെലവഴിച്ചതെന്നും . തന്റെ ശരീരം എന്തിലാണ് ഉപയോഗപ്പെടുത്തിയതെന്നും ചോദ്യം ചെയ്യപ്പെടാതെ പരലോകത്ത് ഒരടിമയുടെയും ഇരുപാദങ്ങൾ ചലിപ്പിക്കുക സാധ്യമല്ല.
(തിർമിദി: 2417)

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നത് ഒരിക്കലും നഷ്‌ടമല്ല. അതുവഴി ക്ലിപ്‌തപ്പെടുത്താന്‍ കഴിയാത്ത ധാരാളം പ്രതിഫലം ലഭിക്കുന്നതാണ്. അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ ധനം ചെലവഴിക്കുന്നതിന് പ്രോല്‍സാഹനം നല്‍കുന്ന ധാരാളം വചനങ്ങള്‍ വിശുദ്ധ ഖു൪ആനിലും ഹദീസുകളിലും കാണാവുന്നതാണ്.

ﻗُﻞ ﻟِّﻌِﺒَﺎﺩِﻯَ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻳُﻘِﻴﻤُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﻭَﻳُﻨﻔِﻘُﻮا۟ ﻣِﻤَّﺎ ﺭَﺯَﻗْﻨَٰﻬُﻢْ ﺳِﺮًّا ﻭَﻋَﻼَﻧِﻴَﺔً ﻣِّﻦ ﻗَﺒْﻞِ ﺃَﻥ ﻳَﺄْﺗِﻰَ ﻳَﻮْﻡٌ ﻻَّ ﺑَﻴْﻊٌ ﻓِﻴﻪِ ﻭَﻻَ ﺧِﻠَٰﻞٌ

വിശ്വാസികളായ എന്റെ ദാസന്‍മാരോട് നീ പറയുക: അവര്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം അവര്‍ക്കു നല്‍കിയ ധനത്തില്‍ നിന്ന്‌, യാതൊരു ക്രയവിക്രയവും ചങ്ങാത്തവും നടക്കാത്ത ഒരു ദിവസം വരുന്നതിന് മുമ്പായി രഹസ്യമായും പരസ്യമായും അവര്‍ (നല്ല വഴിയില്‍) ചെലവഴിക്കുകയും ചെയ്ത് കൊള്ളട്ടെ.    (ഖു൪ആന്‍:14/31)

ﻓَﭑﺗَّﻘُﻮا۟ ٱﻟﻠَّﻪَ ﻣَﺎ ٱﺳْﺘَﻄَﻌْﺘُﻢْ ﻭَٱﺳْﻤَﻌُﻮا۟ ﻭَﺃَﻃِﻴﻌُﻮا۟ ﻭَﺃَﻧﻔِﻘُﻮا۟ ﺧَﻴْﺮًا ﻷَِّﻧﻔُﺴِﻜُﻢْ ۗ ﻭَﻣَﻦ ﻳُﻮﻕَ ﺷُﺢَّ ﻧَﻔْﺴِﻪِۦ ﻓَﺄُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﻤُﻔْﻠِﺤُﻮﻥَ

അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്കു തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക. ആര് മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍.  (ഖു൪ആന്‍:64/16)

ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﺃَﻣْﻮَٰﻟَﻬُﻢ ﺑِﭑﻟَّﻴْﻞِ ﻭَٱﻟﻨَّﻬَﺎﺭِ ﺳِﺮًّا ﻭَﻋَﻼَﻧِﻴَﺔً ﻓَﻠَﻬُﻢْ ﺃَﺟْﺮُﻫُﻢْ ﻋِﻨﺪَ ﺭَﺑِّﻬِﻢْ ﻭَﻻَ ﺧَﻮْﻑٌ ﻋَﻠَﻴْﻬِﻢْ ﻭَﻻَ ﻫُﻢْ ﻳَﺤْﺰَﻧُﻮﻥَ

രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്‌. അവര്‍ യാതൊന്നും ഭയപ്പെ-ടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.  (ഖു൪ആന്‍:2/274)

ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﺃَﻣْﻮَٰﻟَﻬُﻢْ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﺛُﻢَّ ﻻَ ﻳُﺘْﺒِﻌُﻮﻥَ ﻣَﺎٓ ﺃَﻧﻔَﻘُﻮا۟ ﻣَﻨًّﺎ ﻭَﻻَٓ ﺃَﺫًﻯ ۙ ﻟَّﻬُﻢْ ﺃَﺟْﺮُﻫُﻢْ ﻋِﻨﺪَ ﺭَﺑِّﻬِﻢْ ﻭَﻻَ ﺧَﻮْﻑٌ ﻋَﻠَﻴْﻬِﻢْ ﻭَﻻَ ﻫُﻢْ ﻳَﺤْﺰَﻧُﻮﻥَ

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുകയും എന്നിട്ട് അതിനെ തുടര്‍ന്ന്‌, ചെലവ് ചെയ്തത് എടുത്ത് പറയുകയോ ശല്യപ്പെടുത്തുകയോ ചെയ്യാതിരിക്കുകയും ചെയ്യുന്നവര്‍ ആരോ അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കും. അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.   (ഖു൪ആന്‍:2/262)

ﻭَﺃَﻧﻔِﻘُﻮا۟ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﻭَﻻَ ﺗُﻠْﻘُﻮا۟ ﺑِﺄَﻳْﺪِﻳﻜُﻢْ ﺇِﻟَﻰ ٱﻟﺘَّﻬْﻠُﻜَﺔِ ۛ ﻭَﺃَﺣْﺴِﻨُﻮٓا۟ ۛ ﺇِﻥَّ ٱﻟﻠَّﻪَ ﻳُﺤِﺐُّ ٱﻟْﻤُﺤْﺴِﻨِﻴﻦَ

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവ് ചെയ്യുക. (പിശുക്കും ഉദാസീനതയും മൂലം) നിങ്ങളുടെ കൈകളെ നിങ്ങള്‍ തന്നെ നാശത്തില്‍ തള്ളിക്കളയരുത്‌. നിങ്ങള്‍ നല്ലത് പ്രവര്‍ത്തിക്കുക. നന്‍മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും.   (ഖു൪ആന്‍:2/195)

ﻓَـَٔﺎﺕِ ﺫَا ٱﻟْﻘُﺮْﺑَﻰٰ ﺣَﻘَّﻪُۥ ﻭَٱﻟْﻤِﺴْﻜِﻴﻦَ ﻭَٱﺑْﻦَ ٱﻟﺴَّﺒِﻴﻞِ ۚ ﺫَٰﻟِﻚَ ﺧَﻴْﺮٌ ﻟِّﻠَّﺬِﻳﻦَ ﻳُﺮِﻳﺪُﻭﻥَ ﻭَﺟْﻪَ ٱﻟﻠَّﻪِ ۖ ﻭَﺃُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﻤُﻔْﻠِﺤُﻮﻥَ

ആകയാല്‍ കുടുംബബന്ധമുള്ളവന് നീ അവന്റെ അവകാശം കൊടുക്കുക. അഗതിക്കും വഴിപോക്കനും (അവരുടെ അവകാശവും നല്‍കുക). അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കുന്നവര്‍ക്ക് അതാണ് ഉത്തമം. അവര്‍ തന്നെയാണ് വിജയികളും.(ഖു൪ആന്‍:30/38)

عَنْ حَكِيمِ بْنِ حِزَامٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: الْيَدُ الْعُلْيَا خَيْرٌ مِنَ الْيَدِ السُّفْلَى، وَابْدَأْ بِمَنْ تَعُولُ، وَخَيْرُ الصَّدَقَةِ عَنْ ظَهْرِ غِنًى، وَمَنْ يَسْتَعْفِفْ يُعِفَّهُ اللَّهُ، وَمَنْ يَسْتَغْنِ يُغْنِهِ اللَّهُ

ഹകീം ബ്‌നു ഹസം (റ) ൽ നിന്ന് നിവേദനം  നബി ﷺ പറഞ്ഞു: മുകളിലുള്ള കയ്യാകുന്നു താഴെയുള്ള കയ്യിനെക്കാളും ഉത്തമം (അഥവാ കൊടുക്കുന്ന കൈയ്യാണ് വാങ്ങുന്ന കൈയ്യിനേക്കാള്‍ ഉത്തമം), നീ നിർബന്ധമായും ചെലവ് ചെയ്യേണ്ടവരിൽ നിന്ന് ആദ്യം തുടങ്ങുക. ഏറ്റവും ഉത്തമമായ ധർമ്മം ധന്യാവസ്ഥയിലുള്ളത് തന്നെയാണ്. ചാരിത്ര്യം കാത്ത് സൂക്ഷിക്കുന്നവനെ അല്ലാഹു വിശുദ്ധനാക്കും. സംതൃപ്തി പ്രകടിപ്പിക്കുന്നവനെ അല്ലാഹു സംതൃപ്തനാക്കും   (ബുഖാരി:1427)

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കഴിയുന്നത്ര ധനം ചിലവഴിക്കണമെന്നും, പിശുക്ക് പിടിച്ച് നശിക്കാന്‍ ഇടവരാതെ സൂക്ഷിക്കണമെന്നും സത്യവിശ്വാസികളോട് അല്ലാഹു ഓ൪മ്മിപ്പിക്കുന്നു.ഇതേകാര്യം നബി ﷺ യും താക്കീത് ചെയ്തിട്ടുണ്ട്.

عَنْ أَسْمَاءَ ـ رضى الله عنها ـ قَالَتْ قَالَ لِي النَّبِيُّ صلى الله عليه وسلم ‏”‏ لاَ تُوكِي فَيُوكَى عَلَيْكِ ‏”‏‏.‏ حَدَّثَنَا عُثْمَانُ بْنُ أَبِي شَيْبَةَ، عَنْ عَبْدَةَ، وَقَالَ، ‏”‏ لاَ تُحْصِي فَيُحْصِيَ اللَّهُ عَلَيْكِ ‏

അസ്മാഅ് (റ) പറയുന്നു: എന്നോട് നബി ﷺ പറഞ്ഞു: ധനം സൂക്ഷിച്ച് വെച്ച് പാത്രത്തിന്റെ വായ് മൂടിക്കെട്ടി വെക്കരുത്. അപ്പോൾ അല്ലാഹുവും നിനക്ക് ഒന്നും തരാതെ മൂടിക്കെട്ടിവെക്കും. (മറ്റൊരു റിപ്പോർട്ടിൽ) നീ എണ്ണിത്തിട്ടപ്പെടുത്തിവെക്കരുത്. അപ്പോൾ അല്ലാഹുവും നിനക്ക് (വിട്ടുതരാതെ) എണ്ണിത്തിട്ടപ്പെടുത്തിവെക്കും.  (ബുഖാരി:1433)

عَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ ـ رضى الله عنهما ـ أَنَّهَا جَاءَتْ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ :‏ لاَ تُوعِي فَيُوعِيَ اللَّهُ عَلَيْكِ، ارْضَخِي مَا اسْتَطَعْتِ

അസ്മാഅ് ബിൻതു അബീബക്കർ(റ) പറയുന്നു: എന്നോട് നബി ﷺ പറഞ്ഞു: (ആർക്കും നൽകാതെ) നീ (പണം) ഭാണ്ഡത്തിലാക്കി വെക്കരുത്, (എങ്കില്‍) അല്ലാഹുവും അങ്ങനെ ചെയ്യും. നീ സാധ്യമാകുന്നത്ര ദാനം ചെയ്യുക.   (ബുഖാരി:- 1434)

അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ ചെലവഴിക്കുന്നതിനെ അല്ലാഹുവിന് കടം കൊടുക്കുന്നതായിട്ടാണ് അല്ലാഹു ഉപമിച്ചിട്ടുള്ളത്.

ﻣَّﻦ ﺫَا ٱﻟَّﺬِﻯ ﻳُﻘْﺮِﺽُ ٱﻟﻠَّﻪَ ﻗَﺮْﺿًﺎ ﺣَﺴَﻨًﺎ ﻓَﻴُﻀَٰﻌِﻔَﻪُۥ ﻟَﻪُۥٓ ﺃَﺿْﻌَﺎﻓًﺎ ﻛَﺜِﻴﺮَﺓً ۚ ﻭَٱﻟﻠَّﻪُ ﻳَﻘْﺒِﺾُ ﻭَﻳَﺒْﺼُۜﻂُ ﻭَﺇِﻟَﻴْﻪِ ﺗُﺮْﺟَﻌُﻮﻥَ

അല്ലാഹുവിന് ഉത്തമമായ കടം നല്‍കുവാനാരുണ്ട്‌? എങ്കില്‍ അല്ലാഹു അതവന്ന് അനേകം ഇരട്ടികളായി വര്‍ദ്ധിപ്പിച്ച് കൊടുക്കുന്നതാണ്‌. (ധനം) പിടിച്ചു വെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാകുന്നു. അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നതും.   (ഖു൪ആന്‍:2/245)

ﻣَّﻦ ﺫَا ٱﻟَّﺬِﻯ ﻳُﻘْﺮِﺽُ ٱﻟﻠَّﻪَ ﻗَﺮْﺿًﺎ ﺣَﺴَﻨًﺎ ﻓَﻴُﻀَٰﻌِﻔَﻪُۥ ﻟَﻪُۥ ﻭَﻟَﻪُۥٓ ﺃَﺟْﺮٌ ﻛَﺮِﻳﻢٌ

ആരുണ്ട് അല്ലാഹുവിന് ഒരു നല്ല കടം കൊടുക്കുവാന്‍? എങ്കില്‍ അവനത് അയാള്‍ക്ക് വേണ്ടി ഇരട്ടിപ്പിക്കുന്നതാണ്‌. അയാള്‍ക്കാണ് മാന്യമായ പ്രതിഫലമുള്ളത്‌.   (ഖു൪ആന്‍:57/11)

ﺇِﻥ ﺗُﻘْﺮِﺿُﻮا۟ ٱﻟﻠَّﻪَ ﻗَﺮْﺿًﺎ ﺣَﺴَﻨًﺎ ﻳُﻀَٰﻌِﻔْﻪُ ﻟَﻜُﻢْ ﻭَﻳَﻐْﻔِﺮْ ﻟَﻜُﻢْ ۚ ﻭَٱﻟﻠَّﻪُ ﺷَﻜُﻮﺭٌ ﺣَﻠِﻴﻢٌ

നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കുന്ന പക്ഷം അവനത് നിങ്ങള്‍ക്ക് ഇരട്ടിയാക്കിത്തരികയും നിങ്ങള്‍ക്ക് പൊറുത്തു തരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറ്റവും അധികം നന്ദിയുള്ളവനും സഹനശീലനുമാകുന്നു.   (ഖു൪ആന്‍:64/17)

വിശുദ്ധ ഖു൪ആനില്‍ അല്ലാഹുവിന്റെ നേ൪മാ൪ഗ്ഗം ലഭിച്ചിട്ടുള്ള വിജയികളായ മുത്തഖികളുടെ ഗുണങ്ങള്‍ വിവരിക്കുന്ന ഭാഗത്ത് ഒരു ഗുണമായി അല്ലാഹു പറഞ്ഞിട്ടുള്ളത്, അവ൪ സമ്പത്ത് അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ ചെലവഴിക്കുന്നവരാണെന്നാണ്.

ٱﻟَّﺬِﻳﻦَ ﻳُﺆْﻣِﻨُﻮﻥَ ﺑِﭑﻟْﻐَﻴْﺐِ ﻭَﻳُﻘِﻴﻤُﻮﻥَ ٱﻟﺼَّﻠَﻮٰﺓَ ﻭَﻣِﻤَّﺎ ﺭَﺯَﻗْﻨَٰﻬُﻢْ ﻳُﻨﻔِﻘُﻮﻥَ

അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, പ്രാര്‍ത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരാണവ൪.  (ഖു൪ആന്‍:2/3)

ദാനധര്‍മങ്ങള്‍ അല്ലാഹുവിനോടുള്ള ഒരു കടമയാണെന്നതിനു പുറമെ സാമൂഹ്യമായ ഒരു കടമയും കൂടിയാകുന്നു. ഈ രണ്ടു കടമകളും നിറവേറ്റാത്തവര്‍ മുത്തക്വികളില്‍ ഉള്‍പ്പെടുകയില്ലെന്നും, അവര്‍ക്ക് ഖുര്‍ആന്റെ മാര്‍ഗദര്‍ശനം ഫലപ്പെടുകയില്ലെന്നും ഈ വചനങ്ങളില്‍നിന്നു വ്യക്തമാകുന്നു.

യഥാ൪ത്ഥത്തില്‍ ഒരാളുടെ സ്വത്ത് എന്ന് പറയാവുന്നത് അയാള്‍ചെലവഴിച്ചു കഴിഞ്ഞതു മാത്രമാണ്. അയാള്‍ ചെലവഴിക്കാതെ സൂക്ഷിച്ച് വെച്ചിരുന്നതൊന്നും അയാളുടേതല്ല.

عَنْ قَالَ النَّبِيُّ صلى الله عليه وسلم ‏”‏ أَيُّكُمْ مَالُ وَارِثِهِ أَحَبُّ إِلَيْهِ مِنْ مَالِهِ ‏”‏‏.‏ قَالُوا يَا رَسُولَ اللَّهِ مَا مِنَّا أَحَدٌ إِلاَّ مَالُهُ أَحَبُّ إِلَيْهِ‏.‏ قَالَ ‏”‏ فَإِنَّ مَالَهُ مَا قَدَّمَ، وَمَالُ وَارِثِهِ مَا أَخَّرَ”‏‏.‏

ഇബ്നുമസ്ഊദ്(റ) പറയുന്നു: നബി ﷺ പറഞ്ഞു: സ്വന്തം ധനത്തെക്കാൾ അനന്തരാവകാശിയുടെ സ്വത്തിനെ ഇഷ്ടപ്പെടുന്നവരായി നിങ്ങളിൽ ആരുണ്ട്? സ്വഹാബികൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, തന്റെ സ്വന്തം ധനത്തെ കൂടുതലായി സ്നേഹിക്കുന്നവരല്ലാതെ ഞങ്ങളിൽ ആരുമില്ല. അപ്പോൾ നബി ﷺ പറഞ്ഞു: തന്റെ ധനം എന്നത് അവൻ ചെലവഴിച്ച് കഴിഞ്ഞതാണ്. അവൻ ചെലവഴിക്കാതെ ബാക്കിവെച്ചിരിക്കുന്നത് അനന്തരാവകാശിയുടെ ധനവും.    (ബുഖാരി: 6442)

അതുകൊണ്ടുതന്നെ അയാള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എത്രത്തോളം കൂടുതല്‍ ചെലവഴിക്കുന്നുവോ അത്രകണ്ട് അയാള്‍ കഷ്ടപ്പെട്ട് സമ്പാദിച്ചതിന് പ്രയോജനം ലഭിക്കുന്നു.

ജനങ്ങളില്‍ ഏറ്റവും ഉദാരനായിരുന്നു നബി ﷺ ആരെങ്കിലും വല്ലതും ചോദിച്ചുവന്നാല്‍ എന്തെങ്കിലും കൊടുക്കാതെ പ്രവാചകന്‍ തിരിച്ചയാക്കാറുണ്ടായിരുന്നില്ല എന്ന് ഹദീസുകളില്‍ കാണാം.റമളാനില്‍ ഈ സ്വഭാവം കൂടുതല്‍ പ്രകടമായിരുന്നുവെന്നു.

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ كَانَ النَّبِيُّ صلى الله عليه وسلم أَجْوَدَ النَّاسِ

ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം: നബി ﷺ ജനങ്ങളില്‍ ഏറ്റവും ഉദാരനായിരുന്നു …    (ബുഖാരി:3554)

عَنْ جَابِرٍ ـ رضى الله عنه ـ قَالَ مَا سُئِلَ النَّبِيُّ صلى الله عليه وسلم عَنْ شَىْءٍ قَطُّ فَقَالَ لاَ‏‏

ജാബിറില്‍(റ) നിന്ന് നിവേദനം: നബി ﷺ യോട്‌ എന്തെങ്കിലും സാധനം ആവശ്യപ്പെട്ടിട്ട് “ഇല്ല” എന്ന് അവിടുന്ന് പറഞ്ഞിട്ടില്ല.
(ബുഖാരി: 78)

മദീനയിലെത്തിയ മുസ്‌ലിംകള്‍ക്ക് രുചികരമായ വെള്ളം കുടിക്കാന്‍ നിര്‍വാഹമുണ്ടായിരുന്നില്ല. ഒരു ജൂതന്റെ കൈവശത്തിലുള്ള കിണര്‍ മാത്രമായിരുന്നു അഭയമായി അവര്‍ക്കുണ്ടായിരുന്നത്. അങ്ങനെ നബി ﷺ സ്വഹാബികള്‍ക്കിടയില്‍ ഇപ്രകാരം പ്രഖ്യാപിച്ചു: ”ആരാണ് ജൂതനില്‍ നിന്നും റൂമാ കിണര്‍ വാങ്ങി മുസ്‌ലിംകള്‍ക്ക് ദാനം ചെയ്യുന്നത് അവന് സ്വര്‍ഗമുണ്ട്.” അത് കേട്ടപ്പോള്‍ ഉസ്മാന്‍(റ) അതിനു വേണ്ടി തയ്യാറാവുകയും തന്റെ പണം കൊടുത്ത് ആ കിണര്‍ വാങ്ങി മുസ്‌ലിംകള്‍ക്കായി ദാനം ചെയ്യുകയും ചെയ്തു.

عَنْ أَبِي عَبْدِ الرَّحْمَنِ، أَنَّ عُثْمَانَ ـ رضى الله عنه ـ حَيْثُ حُوصِرَ أَشْرَفَ عَلَيْهِمْ وَقَالَ أَنْشُدُكُمْ وَلاَ أَنْشُدُ إِلاَّ أَصْحَابَ النَّبِيِّ صلى الله عليه وسلم، أَلَسْتُمْ تَعْلَمُونَ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ مَنْ حَفَرَ رُومَةَ فَلَهُ الْجَنَّةُ ‏”‏‏.‏ فَحَفَرْتُهَا

ഉസ്മാന്‍(റ)വില്‍ നിന്നും നിവേദനം; നബി ﷺ പറഞ്ഞു: ”വല്ലവനും റൂമാ കിണര്‍ കുഴിച്ചാല്‍ അവന് സ്വര്‍ഗമുണ്ട്.” ഉസ്മാന്‍(റ) പറയുന്നു: ”അങ്ങനെ ഞാനാണത് കുഴിച്ചത്”    (ബുഖാരി 2778).

ദാനം ചെയ്യാന്‍ വലിയ സാമ്പത്തിക ശേഷിയൊന്നും ആവശ്യമില്ല. അതാണ് പ്രവാചകന്റെയും സഹാബികളുടെയും ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നത്. തന്റേയും കുടുംബത്തിന്റേയും ജീവിതാവശ്യം കഴിഞ്ഞ് ബാക്കിയുള്ളതില്‍ നിന്ന് മിച്ചം വെച്ച് ദാനം ചെയ്യുക എന്നതായിരുന്നു അവരുടെ രീതി.

عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ بَيْنَمَا نَحْنُ فِي سَفَرٍ مَعَ النَّبِيِّ صلى الله عليه وسلم إِذْ جَاءَ رَجُلٌ عَلَى رَاحِلَةٍ لَهُ قَالَ فَجَعَلَ يَصْرِفُ بَصَرَهُ يَمِينًا وَشِمَالاً فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَنْ كَانَ مَعَهُ فَضْلُ ظَهْرٍ فَلْيَعُدْ بِهِ عَلَى مَنْ لاَ ظَهْرَ لَهُ وَمَنْ كَانَ لَهُ فَضْلٌ مِنْ زَادٍ فَلْيَعُدْ بِهِ عَلَى مَنْ لاَ زَادَ لَهُ ‏”‏ ‏.‏ قَالَ فَذَكَرَ مِنْ أَصْنَافِ الْمَالِ مَا ذَكَرَ حَتَّى رَأَيْنَا أَنَّهُ لاَ حَقَّ لأَحَدٍ مِنَّا فِي فَضْلٍ ‏.‏

അബുസഈദ് നിവേദനം: ഞങ്ങൾ നബി ﷺ യുടെ കൂടെ ഒരു യാത്രയിൽ ആയിരുന്നപ്പോൾ ഒരു മനുഷ്യൻ വാഹനപ്പുറത്ത് വരികയുണ്ടായി. എന്നിട്ട് അദ്ദേഹം തന്റെ ഇടത്തോട്ടും വലത്തോട്ടും നോക്കി അപ്പോൾ നബി ﷺ പറയുകയുണ്ടായി: ആരുടെയെങ്കിലും കൂടെ അധികം വാഹനമുണ്ടെങ്കിൽ ഇല്ലാത്തവർക്ക് നൽകട്ടെ. ആർക്കെങ്കിലും അധികം ഭക്ഷണം ഉണ്ടെങ്കിൽ ഇല്ലാത്തവർക്ക് നൽകട്ടെ. അങ്ങനെ ഒരുപാട് വിഭാഗം സമ്പത്തുകൾ നബി ﷺ എണ്ണി പറഞ്ഞു.എത്രത്തോളമെന്നാൽ ആവശ്യം കഴിച്ച് ബാക്കിയുള്ളതിലൊന്നും ഞങ്ങൾക്ക് യാതൊരു അവകാശവുമില്ല എന്ന് ഞങ്ങൾക്ക് തോന്നിപ്പോയി. (മുസ്ലിം:1728)

عَنْ أَبِي مَسْعُودٍ الأَنْصَارِيِّ ـ رضى الله عنه ـ قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا أَمَرَنَا بِالصَّدَقَةِ انْطَلَقَ أَحَدُنَا إِلَى السُّوقِ فَتَحَامَلَ فَيُصِيبُ الْمُدَّ، وَإِنَّ لِبَعْضِهِمُ الْيَوْمَ لَمِائَةَ أَلْفٍ‏

അബൂമസ് ഊദ് അൽ അൻസാരി(റ) പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങളോട് സ്വദഖ നൽകാൻ കൽപിച്ചാൽ ഞങ്ങളിലൊരാൾ അങ്ങാടിയിലേക്ക് പോകും. വിഷമിച്ച് ചുമടേറ്റും. അങ്ങിനെ അവൻ ഒരു മുദ്ദ് ലഭിക്കും. (എന്നിട്ട് ദാനം ചെയ്യും). ഇന്നാണെങ്കിലോ ചിലരുടെ കൈവശം ലക്ഷം തന്നെയുണ്ട്.   (ബുഖാരി: 1416)

Leave a Reply

Your email address will not be published.

Similar Posts