മക്കയിലെ മുശ്’രിക്കുകളുടെ താഴെ പറയുന്ന മൂന്ന് വാദങ്ങളെ കുറിച്ച് വിശുദ്ധ ഖു൪ആന്‍ വിവരിക്കുന്നുണ്ട്.
1 . അല്ലാഹുവിന് പുറമെ ഔലിയാക്കളെ ഞങ്ങള്‍ ആരാധിക്കുന്നത് അല്ലാഹുവിലേക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കുന്നതിന് വേണ്ടി മാത്രമാകുന്നു.
മക്കയിലെ മുശ്’രിക്കുകള്‍ അല്ലാഹുവിനെ റബ്ബായും സ്രഷ്ടാവായും അംഗീകരിച്ചിരുന്നു.എന്നാല്‍ അല്ലാഹു മാത്രമാണ് ഇലാഹ് (ആരാധ്യന്‍) എന്നവ൪ അംഗീകരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അല്ലാഹു അല്ലാത്തവ൪ക്ക് അവ൪ ആരാധനകള്‍ സമ൪പ്പിച്ചിരുന്നു. അതിന് അവ൪ പറഞ്ഞിരുന്ന ന്യായം ‘ഞങ്ങള്‍ അവരെ ആരാധിക്കുന്നത് അല്ലാഹുവിങ്കലേക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കുന്നതിന് വേണ്ടി മാത്രമാകുന്നു’ എന്നാണ്.
ﺃَﻻَ ﻟِﻠَّﻪِ ٱﻟﺪِّﻳﻦُ ٱﻟْﺨَﺎﻟِﺺُ ۚ ﻭَٱﻟَّﺬِﻳﻦَ ٱﺗَّﺨَﺬُﻭا۟ ﻣِﻦ ﺩُﻭﻧِﻪِۦٓ ﺃَﻭْﻟِﻴَﺎٓءَ ﻣَﺎ ﻧَﻌْﺒُﺪُﻫُﻢْ ﺇِﻻَّ ﻟِﻴُﻘَﺮِّﺑُﻮﻧَﺎٓ ﺇِﻟَﻰ ٱﻟﻠَّﻪِ ﺯُﻟْﻔَﻰٰٓ ﺇِﻥَّ ٱﻟﻠَّﻪَ ﻳَﺤْﻜُﻢُ ﺑَﻴْﻨَﻬُﻢْ ﻓِﻰ ﻣَﺎ ﻫُﻢْ ﻓِﻴﻪِ ﻳَﺨْﺘَﻠِﻔُﻮﻥَ ۗ ﺇِﻥَّ ٱﻟﻠَّﻪَ ﻻَ ﻳَﻬْﺪِﻯ ﻣَﻦْ ﻫُﻮَ ﻛَٰﺬِﺏٌ ﻛَﻔَّﺎﺭٌ
അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. തീര്‍ച്ചയായും നുണയനും നന്ദികെട്ടവനു-മായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല. (ഖു൪ആന്‍:39/3)
മക്കയിലെ മുശ്’രിക്കുകളുടെ മാത്രമല്ല, ലോകത്തെ എക്കാലത്തേയും ബഹുദൈവ വിശ്വാസികളുടെ ഒരു ന്യായീകരണം ആണ് ഇത്. ഞങ്ങള്‍ മറ്റ് അസ്തിത്വങ്ങളെ ആരാധിക്കുന്നത് അവ സ്രഷ്ടാവാണെന്ന് കരുതിയിട്ടല്ല. സ്രഷ്ടാവായ യഥാ൪ത്ഥ ദൈവം അല്ലാഹു മാത്രമേയുള്ളൂവെന്ന് ഞങ്ങള്‍ക്ക് അറിയാം. എന്നാല്‍ അവന്റെ സന്നിധാനം നമുക്ക് എത്താവുന്നതിലും അധികം ഉയ൪ന്നതാണ്. അതിനാല്‍ ഞങ്ങളുടെ പ്രാ൪ത്ഥനകളും ആവലാതികളും അല്ലാഹുവിങ്കലേക്ക് എത്തിക്കുവാന്‍ ആ മഹാത്മാക്കളെ മാധ്യമങ്ങളാക്കുകയാണ്.
മുശ്’രിക്കുകളുടെ ഈ വാദത്തെ അല്ലാഹു ആക്ഷേപിക്കുന്നത് ഇതേ ആയത്തില്‍ തന്നെ കാണാവുന്നതാണ്. ഈ വാദം തനി കള്ളവും, നന്ദികെട്ട സത്യനിഷേധവുമാണെന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു. ഇത്തരം നുണയനും നന്ദികെട്ടവനുമായിട്ടുള്ളവരെ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ലെന്നും ഓ൪മ്മിപ്പിക്കുന്നു.
ഇന്നത്തെ നല്ലൊരു ശതമാനം മുസ്ലീങ്ങളുടെ അവസ്ഥയും ഇത് തന്നെയാണെന്നത് ഒരു വസ്തുതയാണ്. അവ൪ അല്ലാഹു അല്ലാത്ത മരണപ്പെട്ട ഔലിയാക്കളോട് പ്രാ൪ത്ഥനയും സഹായ൪ത്ഥനയും നടത്തുകയും അവരോട് സങ്കടവും ആവലാതികളും പറയുന്നു. അവരുടെ മഖ്ബറകളില്‍ പോയി ഖു൪ആന്‍ പാരായണം നടത്തുകയും നേ൪ച്ചകള്‍ നടത്തുകയും ചെയ്യുന്നു.ഇത് ശരിയല്ലെന്ന് അവരോട് പറഞ്ഞാല്‍, ‘ഞങ്ങള്‍ അല്ലാഹുവിനെ മാത്രമാണ് ആരാധിക്കുന്നതെന്നും മരണപ്പെട്ട ഔലിയാക്കളെ സമീപിക്കുന്നത് അല്ലാഹുവിങ്കലേക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കുന്നതിന് വേണ്ടി മാത്രമാകുന്നു’ എന്നാണ് അവ൪ പറയുന്നത്.ഇത് മക്കയിലെ മുശ്’രിക്കുകളുടെ വാദമാണെന്ന് നാം മനസ്സിലാക്കേണ്ടതാണ്.
അല്ലാഹുവിലേക്ക് അവന്റെ അടിമ അടുക്കുന്നതിന് മധ്യവ൪ത്തികളുടെ ആവശ്യമില്ലെന്ന് അല്ലാഹു അറിയിക്കുന്നുണ്ട്.
ﻭَﺇِﺫَا ﺳَﺄَﻟَﻚَ ﻋِﺒَﺎﺩِﻯ ﻋَﻨِّﻰ ﻓَﺈِﻧِّﻰ ﻗَﺮِﻳﺐٌ ۖ ﺃُﺟِﻴﺐُ ﺩَﻋْﻮَﺓَ ٱﻟﺪَّاﻉِ ﺇِﺫَا ﺩَﻋَﺎﻥِ ۖ ﻓَﻠْﻴَﺴْﺘَﺠِﻴﺒُﻮا۟ ﻟِﻰ ﻭَﻟْﻴُﺆْﻣِﻨُﻮا۟ ﺑِﻰ ﻟَﻌَﻠَّﻬُﻢْ ﻳَﺮْﺷُﺪُﻭﻥَ
നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്. (ഖു൪ആന്‍:2/186)
അല്ലാഹു എപ്പോഴും തന്റെ അടിയാന്‍മാരുടെ അടുത്ത് തന്നെ ഉണ്ടെന്നും അവരുടെ പ്രാര്‍ത്ഥനകളെല്ലാം അവന്‍ എപ്പോഴും കേള്‍ക്കുകയും അറിയുകയും ചെയ്യുന്നുണ്ടെന്നും അവരുടെ അപേക്ഷകളെ അവന്‍ പാഴാക്കി കളയുകയില്ലെന്നും അതുകൊണ്ട് അവന്റെ മുമ്പില്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് മറ്റൊരാളുടെ മദ്ധ്യസ്ഥമോ ശുപാര്‍ശയോ അതില്‍ കൂട്ടിച്ചേര്‍ക്കേതുമില്ലെന്നും ജനങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുവാന്‍ അല്ലാഹു ഈ വചനം മുഖേന നബി (സ) യോട് കല്‍പിക്കുന്നു.
2.അല്ലാഹുവിന് പുറമെയുള്ള ഞങ്ങളുടെ ആരാധ്യന്‍മാ൪, അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങളുടെ ശിപാ൪ശകരാണ്.
അല്ലാഹുവിന് പുറമേ ആരാധ്യന്‍മാരെ സ്വീകരിച്ചിട്ടുള്ള മക്കയിലെ മുശ്’രിക്കുകളുടെ മറ്റൊരു വാദം ‘അല്ലാഹുവിന് പുറമെയുള്ള ഞങ്ങളുടെ ആരാധ്യന്‍മാ൪, അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങളുടെ ശിപാ൪ശകരാണ് ‘ എന്നാണ്.
ﻭَﻳَﻌْﺒُﺪُﻭﻥَ ﻣِﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ﻣَﺎ ﻻَ ﻳَﻀُﺮُّﻫُﻢْ ﻭَﻻَ ﻳَﻨﻔَﻌُﻬُﻢْ ﻭَﻳَﻘُﻮﻟُﻮﻥَ ﻫَٰٓﺆُﻻَٓءِ ﺷُﻔَﻌَٰٓﺆُﻧَﺎ ﻋِﻨﺪَ ٱﻟﻠَّﻪِ ۚ ﻗُﻞْ ﺃَﺗُﻨَﺒِّـُٔﻮﻥَ ٱﻟﻠَّﻪَ ﺑِﻤَﺎ ﻻَ ﻳَﻌْﻠَﻢُ ﻓِﻰ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَﻻَ ﻓِﻰ ٱﻷَْﺭْﺽِ ۚ ﺳُﺒْﺤَٰﻨَﻪُۥ ﻭَﺗَﻌَٰﻠَﻰٰ ﻋَﻤَّﺎ ﻳُﺸْﺮِﻛُﻮﻥَ
അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിന് അറിയാത്ത വല്ലകാര്യവും നിങ്ങളവന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു. (ഖു൪ആന്‍:10/18)
മുശ്’രിക്കുകളുടെ ഈ വാദത്തേയും അല്ലാഹു ആക്ഷേപിക്കുന്നത് ഇതേ ആയത്തില്‍ തന്നെ കാണാവുന്നതാണ്. ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിന് അറിയാത്ത വല്ല കാര്യവും നിങ്ങളവന് അറിയിച്ചു കൊടുക്കുകയാണോയെന്ന് പറഞ്ഞ് അല്ലാഹു അവരെ ആക്ഷേപിക്കുന്നു. അവ൪ പറയുന്നതു പോലെയുള്ള ശിപാര്‍ശക്കാര്‍ ആകാശഭൂമിയില്‍ എവിടെയുമില്ലെന്നും ഉണ്ടെങ്കില്‍ അല്ലാഹു അറിയണമല്ലോയെന്നും സാരം.
ശിപാര്‍ശകന്‍മാരെ സംബന്ധിക്കുന്ന ഇതുപോലെയുളള പ്രസ്‌താവനകള്‍ വിഗ്രഹാരാധകന്‍മാരെ മാത്രം ബാധിക്കുന്നല്ല. മരണപ്പെട്ട ഔലിയാക്കളേയും മഹാന്മാരെയും വിളിച്ചു പ്രാര്‍ത്ഥിക്കുക, അവരവരുടെ ഖബ്‌ര്‍ സ്ഥാനങ്ങളിലേക്ക് നേര്‍ച്ച വഴിപാടുകള്‍ നടത്തുകപോലെയുളള ആരാധനാകര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്.
ഉപകാരവും ഉപദ്രവവും ചെയ്യാനുളള യഥാര്‍ത്ഥ കഴിവ് അല്ലാഹുവിന് തന്നെയാണുളളതെന്ന് സമ്മതിച്ചുകൊണ്ടുതന്നെയാണ് ആ മുശ്‌രിക്കുകള്‍ ഈ ശിപാര്‍ശാവാദം കൊണ്ടുവന്നിട്ടുള്ളത്. അവര്‍ ആരാധിക്കുന്ന കല്ലുകളോ വൃക്ഷങ്ങളോ തങ്ങള്‍ക്ക് ശിപാര്‍ശ നടത്തുമെന്നല്ല അവര്‍ പറയുന്നതിന്റെ ഉദ്ദേശ്യം. അവ ഏത് മഹാന്‍മാരുടെ/ദേവീദേവന്‍മാരുടെ പേരില്‍ പ്രതിഷ്‌ഠിതങ്ങളാണോ അവര്‍ തങ്ങള്‍ക്കുവേണ്ടി അല്ലാഹുവിങ്കല്‍ ശിപാര്‍ശ ചെയ്യുമെന്നാണ് അവരുദ്ദേശിക്കുന്നത്. അത് പിഴച്ച വാദമാണെന്നാണ് അല്ലാഹു അറിയിക്കുന്നത്.അപ്പോള്‍, വിഗ്രഹങ്ങളെ ആരാധിക്കുന്നത് ശിര്‍ക്കാണെന്നു സമ്മതിക്കുകയും, അതേ സമയത്ത് അവര്‍ പറയുന്ന അതേ ന്യായം പറഞ്ഞുകൊണ്ട് മഖ്ബറകളില്‍ പോയും അല്ലാതെയും മരണപ്പെട്ട ഔലിയാക്കളേയും മഹാന്മാരെയും വിളിച്ചു പ്രാര്‍ത്ഥിക്കുന്നവരും, അവരവരുടെ ഖബ്‌ര്‍ സ്ഥാനങ്ങളിലേക്ക് നേര്‍ച്ച വഴിപാടുകള്‍ നടത്തുക പോലെയുളള ആരാധനാകര്‍മങ്ങള്‍ ചെയ്യുന്നവരുടേയും ആദ൪ശം പിഴച്ചതാണെന്നും ഇതില്‍ നിന്നും മനസ്സിലാക്കാം.
ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി(റ) രേഖപ്പെടുത്തിയിട്ടുള്ളത് കാണുക.
،أنهم وضعوا هذه الاصنام والاوثان على صور انبيائهم وأكابرهم، وزعموا أنهم متى اشتغلوا بعبادة هذه التماثيل، فإن أولئك الا مابر تكون شفعاء لهم عند الله تعالى ونظيره فى هذا الزمان اشتغال كثير من الخلق بتعظيم قبور الاكابر، على اعتقاد أنهم اذا عظموا قبورهم فانهم يكونون شفعاء لهم عند الله
ഈ വിഗ്രഹങ്ങളെയും ബിംബങ്ങളെയും അവരുടെ പ്രവാചകന്‍മാരുടെയും മഹാത്മാക്കളുടെയും രൂപത്തിലാണ് അവര്‍ ഉണ്ടാക്കിവെച്ചത്. ഈ പ്രതിമകളുടെ ആരാധനയില്‍ തങ്ങള്‍ ഏര്‍പ്പെടുമ്പോള്‍ ആ മഹാത്മാക്കള്‍ അല്ലാഹുവിന്റെ അരികെ തങ്ങള്‍ക്ക് ശുപാര്‍ശകരാകുമെന്ന് അവര്‍ ജല്‍പിക്കുകയും ചെയ്‌തു. മഹാത്മാക്കളുടെ ഖബ്‌റുകളെ ആദരിക്കുന്നതില്‍ അനേകം `പടപ്പുകള്‍’ ഇക്കാലത്ത് ഏര്‍പ്പെട്ടിട്ടുളളത് ഇതിന് തുല്യമാണ്. തങ്ങള്‍ അവരുടെ ഖബ്‌റുകളെ ആദരിച്ചാല്‍ അവര്‍ അല്ലാഹുവിങ്കല്‍ തങ്ങള്‍ക്ക് ശുപാര്‍ശകരാകുമെന്നാണ് അവരുടെ വിശ്വാസം.’
(തഫ്‌സീറു റാസി)
3.അല്ലാഹു അവതരിപ്പിച്ചത് പിന്‍പറ്റൂ എന്ന് അവരോട് പറഞ്ഞാല്‍, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍പറ്റുകയുള്ളൂവെന്ന് പറയും.
ﻭَﺇِﺫَا ﻗِﻴﻞَ ﻟَﻬُﻢُ ٱﺗَّﺒِﻌُﻮا۟ ﻣَﺎٓ ﺃَﻧﺰَﻝَ ٱﻟﻠَّﻪُ ﻗَﺎﻟُﻮا۟ ﺑَﻞْ ﻧَﺘَّﺒِﻊُ ﻣَﺎٓ ﺃَﻟْﻔَﻴْﻨَﺎ ﻋَﻠَﻴْﻪِ ءَاﺑَﺎٓءَﻧَﺎٓ ۗ ﺃَﻭَﻟَﻮْ ﻛَﺎﻥَ ءَاﺑَﺎٓﺅُﻫُﻢْ ﻻَ ﻳَﻌْﻘِﻠُﻮﻥَ ﺷَﻴْـًٔﺎ ﻭَﻻَ ﻳَﻬْﺘَﺪُﻭﻥَ
അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്‍പറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും (അവരെ പിന്‍ പറ്റുകയാണോ?) (ഖു൪ആന്‍:2/170)
അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്‍പറ്റി ജീവിക്കുക എന്ന് അവരോട് പറഞ്ഞാല്‍, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്. പൂര്‍വ്വികന്‍മാരെ അനുകരിക്കല്‍ സത്യത്തിന്റെ മാനദണ്ഡമായി കണക്കാക്കുന്ന സമ്പ്രദായം എല്ലാ കാലത്തും മനുഷ്യരില്‍ കണ്ടുവരുന്ന ഒരു മഹാവ്യാധിയാകുന്നു.അല്ലാഹുവും, അവന്റെ റസൂലും കാണിച്ചു തരുന്നത് ഇന്നിന്ന പ്രകാരമാണ്, അതിലേക്ക് മടങ്ങേണ്ടതാണ് എന്ന് അവരോട് പറയപ്പെട്ടാല്‍, അക്കാലത്തുള്ള അവിശ്വാസികള്‍ പറഞ്ഞിരുന്ന അതേ മറുപടി തന്നെയായിരിക്കും എന്നും പലർക്കും പറയുവാനുള്ളത്.
ഈ വാദത്തേയും അല്ലാഹു ആക്ഷേപിക്കുന്നത് ഇതേ ആയത്തില്‍ തന്നെ കാണാവുന്നതാണ്. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും അവരെ പിന്‍പറ്റുകയാണോയെന്ന് അല്ലാഹു ചോദിക്കുന്നു.
ഇന്നത്തെ ധാരാളം മുസ്ലീങ്ങളിലും ഈ സ്വഭാവമില്ലേയെന്ന് നാം ചിന്തിക്കേണ്ടതാണ്.അല്ലാഹുവിന് പുറമേയുള്ളവരോട് പ്രാ൪ത്ഥിക്കരുത്,അല്ലാഹുവിനോട് മാത്രം പ്രാ൪ത്ഥിക്കുക, ആഗ്രഹ സഫലീകരണത്തിനായി മഖ്ബറകള്‍ സന്ദ൪ശിക്കരുത്, മതത്തില്‍ പഠിപ്പിക്കാത്ത ആചാരങ്ങള്‍ ചെയ്യരുത് എന്നൊക്കെ അവരോട് പറഞ്ഞാല്‍ ഇതെല്ലാം ഞങ്ങളുടെ പിതാക്കന്‍മാരും കാക്കകാരണവന്‍മാരും ചെയ്തതാണെന്നും അതുകൊണ്ട് ഞങ്ങളും ചെയ്യുമെന്നുമാണ് അവ൪ പറയുക.
അല്ലാഹുവും അവന്റെ റസൂലും എന്ത് പറഞ്ഞിട്ടുണ്ടോ അത് സ്വീകരിക്കുന്നതിനുള്ള മാനസികാവസ്ഥയിലേക്ക് നാം വരണം. അതിന് വേണ്ടി ഖു൪ആനും സുന്നത്തും നാം നിരന്തരം പഠിച്ച് കൊണ്ടിരിക്കണം.അപ്പോള്‍ നാം ചെയ്തു കൊണ്ടിരുന്നത് ഖു൪ആനിനും സുന്നത്തിനും എതിരാണെന്ന് ബോധ്യപ്പെടുന്നപക്ഷം അത് ഉപേക്ഷിച്ച് ഖു൪ആനിലും സുന്നത്തിലും ഉള്ളത് സ്വീകരിക്കുകയും ചെയ്യണം.