ഒരു വ൪ഷം പൂ൪ത്തിയാകുമ്പോള്‍ വീടിന്റെ ചുമരില്‍ തൂക്കിയിട്ടുള്ള കലണ്ട൪ മാറ്റി നാം പുതിയത് സ്ഥാപിക്കാറുണ്ട്. ഇങ്ങനെ പഴയ കലണ്ട൪ മാറ്റി പുതിയത് സ്ഥാപിക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ചില ചിന്തകളും തീരുമാനങ്ങളും കടന്നുവരേണ്ടതുണ്ട്.
പഴയ കലണ്ട൪ മാറ്റി പുതിയത് സ്ഥാപിക്കുമ്പോള്‍ നാം ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.
ഒന്നാമതായി മനസ്സിലാക്കേണ്ടത്, അല്ലാഹു നമുക്ക് നിശ്ചയിച്ചിട്ടുള്ള ആയുസ് ഒരു വ൪ഷം കൂടി പിന്നിട്ടിരിക്കുന്നു അഥവാ നാം മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നുവെന്നാണ്. പുതുവ൪ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഇത് മറന്നുകൊണ്ടൊരു ജീവിതം സത്യവിശ്വാസികള്‍ക്ക് ഉണ്ടാകാന്‍ പാടില്ല. ചെരുപ്പിന്റെ വാറിനേക്കാള്‍ അടുത്ത് നില്‍ക്കുന്ന മരണത്തെ ധാരാളം ഓര്‍ക്കണമെന്ന് നബി ﷺ ഉപേദേശിച്ചിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَكْثِرُوا ذِكْرَ هَاذِمِ اللَّذَّاتِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക’ (തിര്‍മിദി:2307)
രണ്ടാമതായി, കഴിഞ്ഞുപോയിട്ടുള്ള ഈ വ൪ഷം പരലോകത്തിന് വേണ്ടി എന്താണ് നാം ഒരുക്കിവെച്ചിട്ടുളളതെന്ന് ഗൌരവപൂ൪വ്വം ചിന്തിക്കേണ്ടതുണ്ട്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرٌۢ بِمَا تَعْمَلُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു. (ഖു൪ആന്‍:59/18)
ഈ വ൪ഷം നാം എത്രത്തോളം നന്‍മകള്‍ ചെയ്തിട്ടുണ്ട് ? തിന്‍മകളെന്തെങ്കിലും നമ്മുടെ ജീവിത്തില്‍ സംഭവിച്ചിട്ടുണ്ടോ? നാം ചെയ്തിട്ടുള്ള നന്‍മകളും തിന്‍മകളുമെല്ലാം നമ്മുടെ മുമ്പില്‍ പ്രദ൪ശിപ്പിക്കപ്പെടുന്ന ഒരു ദിനം കടന്നുവരാനുണ്ട്.
فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُۥ
അപ്പോള്‍ ആര് ഒരു അണുവിന്റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത് കാണും.
وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُۥ
ആര് ഒരു അണുവിന്റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും കാണും. (ഖു൪ആന്‍:99/7-8)
يَوْمَ تَجِدُ كُلُّ نَفْسٍ مَّا عَمِلَتْ مِنْ خَيْرٍ مُّحْضَرًا وَمَا عَمِلَتْ مِن سُوٓءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُۥٓ أَمَدًۢا بَعِيدًا ۗ وَيُحَذِّرُكُمُ ٱللَّهُ نَفْسَهُۥ ۗ وَٱللَّهُ رَءُوفٌۢ بِٱلْعِبَادِ
നന്‍മയായും തിന്‍മയായും താന്‍ പ്രവര്‍ത്തിച്ച ഓരോ കാര്യവും (തന്റെ മുമ്പില്‍) ഹാജരാക്കപ്പെട്ടതായി ഓരോ വ്യക്തിയും കണ്ടെത്തുന്ന ദിവസത്തെക്കുറിച്ച് (ഓര്‍ക്കുക) . തന്റെയും അതിന്റെ (ദുഷ്പ്രവൃത്തിയുടെ) യും ഇടയില്‍ വലിയ ദൂരമുണ്ടായിരുന്നെങ്കില്‍ എന്ന് ഓരോ വ്യക്തിയും അന്ന് കൊതിച്ചു പോകും. അല്ലാഹു തന്നെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹു (തന്റെ) ദാസന്‍മാരോട് വളരെ ദയയുള്ളവനാകുന്നു. (ഖു൪ആന്‍: 3/30)
يَوْمَئِذٍ تُعْرَضُونَ لَا تَخْفَىٰ مِنكُمْ خَافِيَةٌ
അന്നേ ദിവസം നിങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്. യാതൊരു മറഞ്ഞകാര്യവും നിങ്ങളില്‍ നിന്ന് മറഞ്ഞു പോകുന്നതകല്ല. (ഖു൪ആന്‍: 69/18)
മൂന്നാമതായി, പരലോകത്ത് അല്ലാഹു നമ്മെ വിചാരണ ചെയ്യുന്നതിന് മുമ്പായി നാം നമ്മെതന്നെ ഒന്ന് സ്വയം വിചാരണ ചെയ്യേണ്ടതാണ്.
قال عمر رضى الله عنه : حاسبوا أنفسكم قبل أن تُحاسبوا، وزنوا أعمالكم قبل أن توزن عليكم
(مجموع الفتاوى لابن تيمية)
ഉമര്‍(റ) പറഞ്ഞു: ”നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് സ്വയം വിചാരണ നടത്തുക. നിങ്ങളുടെ കര്‍മങ്ങള്‍ തൂക്കി നോക്കപ്പെടുന്നതിന് മുമ്പ് സ്വയംതൂക്കി നോക്കുക.”
‘സ്വയം വിചാരണ’ താഴെ കാണുന്ന നിലയിലായിരിക്കണമെന്ന് ഇമാം ഇബ്നുൽ ഖയ്യിം(റഹി) സൂചിപ്പിച്ചിട്ടുണ്ട്.
البدء بالفرائض : فإذا رأيت فيها نقصاً فتداركه إما بقضاء أو إصلاح
(1) നിർബന്ധ കാര്യങ്ങൾ കൊണ്ട് തുടങ്ങൽ : അതിൽ വല്ല കുറവുകൾ കണ്ടാൽ അത് വീട്ടിക്കൊണ്ടോ നന്നാക്കിക്കൊണ്ടോ അതിനെ നേരെയാക്കുക
المناهي : فإن غرتك نفسك والهوى والشيطان بفعل شيء مما نهاك اللفإن غرتك نفسك والهوى والشيطان بفعل شيء مما نهاك الله عنه فتداركهستغفار والحسنات الماحيات .
(2) നിരോധിക്കപ്പെട്ട കാര്യങ്ങൾ : നിന്റെ മനസ്സോ ദേഹേച്ഛയോ അല്ലാഹു നിന്നെ വിലക്കിയിട്ടുള്ള എന്തെങ്കിലും കാര്യം ചെയ്യുന്നതിനായി നിന്നെ വഞ്ചിതനാക്കിയിട്ടുണ്ടെങ്കിൽ , തൗബയും പാപമോചനം തേടൽ കൊണ്ടും , മായ്ച്ചു കളയുന്ന നല്ല പ്രവർത്തികൾ കൊണ്ടും അതിനെ നേരെയാക്കുക
محاسبة النفس على الغفلة , فالذكر والإقبال على الله تعالى مما يتدارك به المسلم غفلته
(3) അശ്രദ്ധയെ തൊട്ട് മനസ്സിനെ സ്വയം വിചാരണ ചെയ്യുക. ഒരു മുസ്‌ലിം അശ്രദ്ധയെ നേരെയാക്കുന്ന ദിൿറു – അല്ലാഹുവിലേക്കു മുന്നിടുക എന്നിവയിൽ ഏർപ്പെടുക
محاسبة ا الجوارح ، إلى أين خطت رجلاك..؟ وماذا بطشت يداك…؟! أو سمعت أذناك..؟ أو…أو… [إغاثة اللهفان]
(4) അവയവങ്ങളെ തൊട്ട് മനസ്സിനെ സ്വയം വിചാരണ ചെയ്യുക. നിന്റെ കാലുകൾ എവിടേക്കാണ് കാലടികൾ വെക്കുന്നതെന്നും , കൈകൊണ്ട് പ്രവർത്തിക്കുന്നതെന്താണെന്നും , ചെവി കൊണ്ട് കേട്ടതെന്താണെന്നും എന്നിങ്ങനെ ഉള്ള കാര്യങ്ങളെ കുറിച്ച് വിചാരണ ചെയ്യുക.
മനസ്സിനെ വിചാരണ നടത്തുന്നവനും മരണാനന്തര ജീവിതത്തിനായി സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവനുമാണ് ബുദ്ധിമാനെന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്.
നാലാമതായി, ശേഷിക്കുന്ന ജീവിതം കുറച്ചേയുള്ളൂവെന്ന് മനസ്സിലാക്കി നന്‍മയില്‍ മുന്നേറാന്‍ പരിശ്രമിക്കേണ്ടതാണ്. അതിന് വേണ്ടി സമയത്തെ ഫലപ്രദമായി ഉപയോഗിക്കുന്നതിനും അത് പാഴാക്കാതിരിക്കുന്നതിനും കഴിയേണ്ടതുണ്ട്.
قَالَ رَسُولُ اللَّه -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- لِرَجُلٍ وَهُوَ يَعِظُهُ : اغْتَنِمْ خَمْسًا قَبْلَ خَمْسٍ: شَبَابَكَ قَبْلَ هَرَمِكَ، وَصِحَّتَكَ قَبْلَ سَقَمِكَ، وَغِنَاكَ قَبْلَ فَقْرِكَ، وَفَرَاغَكَ قَبْلَ شُغُلِكَ، وَحَيَاتَكَ قَبْلَ مَوْتِكَ
നബി ﷺ ഒരാളെ ഉപദേശിച്ചു കൊണ്ട് പറഞ്ഞു : അഞ്ച് കാര്യങ്ങൾക്ക് മുമ്പ് ഉള്ള അഞ്ചു കാര്യങ്ങൾ നീ ഉപയോഗപ്പെടുത്തുക : പ്രായമാകുന്നതിനേ മുമ്പുള്ള നിന്റെ യുവത്വം , രോഗത്തിന് മുമ്പുള്ള നിന്റെ ആരോഗ്യം , ദാരിദ്ര്യത്തിന് മുമ്പുള്ള നിന്റെ സമ്പന്നത , തിരക്കാവുന്നതിന് മുമ്പുള്ള ഒഴിവു നിന്റെ സമയം , മരണത്തിന് മുമ്പുള്ള നിന്റെ ജീവിതം. (ഹാകിം)
قال بكر المُزَنِي رحمه الله: «ما من يوم أخرجه الله إلى أهل الدُّنيا إلاَّ ينادي: ابن آدم اغتنمني لعلَّه لا يوم لك بعدي، ولا ليلة إلاَّ تنادي: ابن آدم! اغتنمني لعلَّه لا ليلة لك
بعدي
(لطائف المعارف)
ബക്‌ർ അൽ മുസനിയ്യ്(റഹി)പറഞ്ഞു : ദുനിയാവിലെ ആളുകളിലേക്ക് പുറപ്പെടുവിക്കപ്പെട്ടിട്ടുള്ള ഒരു പകലും വിളിച്ചു പറയാത്തതായിട്ടില്ല: ആദമിന്റെ സന്തതിയേ , നീ അവസരം ഉപയോഗപ്പെടുത്തുക , ഒരുപക്ഷെ എനിക്ക് ശേഷം നിനക്കൊരു പകൽ ഇല്ലായിരിക്കാം . ഒരു രാത്രിയും വിളിച്ചു പറയാത്തതായിട്ടില്ല : ആദമിന്റെ സന്തതിയേ , നീ അവസരമുപയോഗപ്പെടുത്തുക , എനിക്ക് ശേഷം മറ്റൊരു രാത്രി നിനക്കൊരു പക്ഷേ ഇല്ലാതിരിക്കാം.
ഒരു ദിവസം കഴിഞ്ഞുപോയാൽ ആ ദിവസത്തിൽ എനിക്കിനി നന്മകൾ ചെയ്യാൻ കഴിയില്ലല്ലോ എന്ന സങ്കടമായിരുന്നു മുൻഗാമികൾക്ക് ഉണ്ടായിരുന്നത് .
قال ابن مسعود: ما ندمت على شيء ندمى على يوم غربت شمسه نقص فيه أجلى ولم يزد فيه عملي
(مفتاح الأفكار للتأهب لدار القرار)
ഇബ്നു മസ്ഊദ് (റ)പറഞ്ഞു: ഒരു കാര്യത്തെ പറ്റിയും ഞാൻ ദുഃഖിച്ചിട്ടില്ല. എൻ്റെ ദുഃഖം സൂര്യൻ അസ്തമിച്ചിരിക്കുന്നു; എൻ്റെ അവധി അവസാനിച്ചിരിക്കുന്നു; ഇന്നേ ദിവസം കൂടുതലായൊന്നും എനിക്കുചെയ്യാൻ കഴിയുകയില്ല.
ഒരു ദിവസം അവസാനിച്ചു കഴിഞ്ഞാൽ അതു മൂലം അവർക്കുണ്ടാകുന്ന ദുഃഖമാണ് നമുക്ക് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.
കലണ്ട൪ തൂക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് അതില്‍ ഇസ്ലാമിന് വിരുദ്ധമായിട്ടുള്ള കാര്യങ്ങളൊന്നും ഇല്ലായെന്നുള്ളത്. കുഫ്റും ശി൪ക്കും പ്രചരിപ്പിക്കുന്നതിന് വേണ്ടി അതിന്റെ പ്രചാരക൪ കലണ്ട൪ ഇറക്കാറുണ്ട്. ഇന്ന് പല മുസ്ലിം സ്ഥാപനങ്ങളും ശി൪ക്കും ബിദ്അത്തും പ്രചരിപ്പിക്കുന്നതിന് വേണ്ടി കലണ്ട൪ ഇറക്കുന്നുണ്ട്. അതേപോലെ ചില ദിവസങ്ങള്‍ക്ക് ‘നഹ്സ്’ കല്‍പ്പിച്ചുകൊണ്ട് കലണ്ട൪ ഇറക്കുന്നവരുണ്ട്. പലിശയുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ കലണ്ട൪ ഇറക്കാറുണ്ട്. സ്ത്രീകളുടെ സൌന്ദര്യം പ്രദ൪ശിപ്പിച്ചുകൊണ്ട് പരസ്യത്താനായി പല സ്ഥാപനങ്ങളും കലണ്ട൪ ഇറക്കാറുണ്ട്. ഇവയെല്ലാം സൌജന്യമായി കിട്ടിയാലും ഇത്തരം കലണ്ടറുകളൊന്നും ഒരു സത്യവിശ്വാസി വാങ്ങി ചുമരില്‍ സ്ഥാപിക്കാന്‍ പാടുള്ളതല്ല.
പുതുവ൪ഷത്തിലേക്ക് പ്രവേശിക്കുന്നത് ആഘോഷമാക്കുന്ന രീതി ഇന്ന് സമൂഹത്തില്‍ കാണാം. ഒരു മുസ്ലിമിന് ഇത് പാടുള്ളതല്ല.
ഇമാം ഇബ്നു റജബ് (റഹി) പറഞ്ഞു : തന്നിലൂടെ കടന്നുപോകുന്ന വർഷങ്ങളുടെ എണ്ണപ്പെരുപ്പം കൊണ്ട് സന്തോഷമടയുന്നവനേ. യഥാർത്ഥത്തിൽ നീ സന്തോഷിക്കുന്നത് നിന്റെ കുറഞ്ഞുപോയ ആയുസ്സ് കൊണ്ടാണ്.
അബുദ്ദർദാഉം ഹസനും (رضي الله عنهما) പറഞ്ഞു :
يا ابن آدم انما انت أيام فإذا ذهب يومك ذهب بعضك
(അല്ലയോ മനുഷ്യാ..!) നീയെന്നത് കേവലം ദിവസങ്ങൾ മാത്രമാണ്.. ഒരോ ദിവസവും കഴിഞ്ഞു പോകുമ്പോൾ നിന്നിൽ നിന്നൽപമാണ് (നിന്റെ ആയുസ്സിൽ നിന്നാണ് ദിവസങ്ങൾ) കൊഴിഞ്ഞു പോകുന്നത്. (ലത്വാഇഫുൽ മആരിഫ് : 304)
عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ
ഇബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറയുന്നു : ആരെങ്കിലും ഏതെങ്കിലും ജനതയോട് സാമ്യപ്പെട്ടാല്‍ അവന്‍ അവരില്‍പെട്ടവനാണ്. (അബൂദാവൂദ്:4031 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അറിയുക: മാറുന്നത് കലണ്ടറാകാം, തീരുന്നത് ആയുസ്സാണ്. അലിഞ്ഞു തീരുന്ന ആസ്വാദനത്തിനുള്ള ആഘോഷങ്ങളല്ല, അനശ്വരമായ ആഹ്ലാദത്തിനുള്ള ആലോചനകളാണ് വേണ്ടത്. ഇനി വരാനുള്ളത് ചിലപ്പോൾ കഴിഞ്ഞതിനേക്കാൾ മോശമായ വർഷമായിരിക്കും.
عَنِ الزُّبَيْرِ بْنِ عَدِيٍّ، قَالَ دَخَلْنَا عَلَى أَنَسِ بْنِ مَالِكٍ قَالَ فَشَكَوْنَا إِلَيْهِ مَا نَلْقَى مِنَ الْحَجَّاجِ فَقَالَ مَا مِنْ عَامٍ إِلاَّ الَّذِي بَعْدَهُ شَرٌّ مِنْهُ حَتَّى تَلْقَوْا رَبَّكُمْ
അനസ് ബിൻ മാലിക്ക് (റ) പറഞ്ഞു: ഏതൊരു വർഷമാകട്ടെ, ശേഷം വരുന്നത് അതിനേക്കാൾ മോശമായ വർഷമായിരിക്കും. നിങ്ങൾ നിങ്ങളുടെ റബ്ബിനെ കണ്ടു മുട്ടുന്നത് വരേക്കും.
(തിർമുദി: 2206)
വിശുദ്ധ ഖുർആനിലെ ഈ ആയത്ത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതുണ്ട്:
أَوَلَا يَرَوْنَ أَنَّهُمْ يُفْتَنُونَ فِي كُلِّ عَامٍ مَّرَّةً أَوْ مَرَّتَيْنِ ثُمَّ لَا يَتُوبُونَ وَلَا هُمْ يَذَّكَّرُونَ
അവര്‍ ഓരോ കൊല്ലവും ഒന്നോ, രണ്ടോ തവണ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് അവര്‍ കാണുന്നില്ലേ? എന്നിട്ടും അവര്‍ ഖേദിച്ചുമടങ്ങുന്നില്ല. ചിന്തിച്ചു മനസ്സിലാക്കുന്നുമില്ല.
(ഖു൪ആന്‍: 9/126)